USA

സബ്‍വേ ട്രെയിനിൽ ബഹളംവച്ചയാളെ സഹയാത്രികൻ കഴുത്തിന് ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ന്യൂയോർക്കിലെ ട്രെയിനിലാണ് സംഭവം. മരിച്ച മുപ്പതു വയസ്സു തോന്നിക്കുന്ന ആളുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. ട്രെയിനിലുണ്ടായിരുന്ന ഒരു ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ ചിത്രീകരിച്ച വിഡിയോ ഇതിനിടെ സമൂഹമാധ്യമത്തിൽ വൈറലായി. സംഭവത്തിൽ 24 വയസ്സുള്ള സഹയാത്രികനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് മുപ്പതു വയസ്സു തോന്നിക്കുന്ന ആൾ ട്രെയിനിൽ കയറിയത്. തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഇയാൾ ബഹളംവയ്ക്കാനും ശല്യപ്പെടുത്താനും തുടങ്ങിയതായി ദൃക്സാക്ഷിയായ മാധ്യമപ്രവർത്തകൻ പറഞ്ഞു. ഇയാളുടെ അലർച്ച കേട്ട് ട്രെയിനിലുള്ളവർ ഭയപ്പെട്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് സഹയാത്രികരിൽ ഒരാൾ പുറകിലൂടെ വന്ന് ഇയാളുടെ കഴുത്തിന് ചുറ്റിപ്പിടിച്ചു. ഇരുവരും നിയന്ത്രണം വിട്ട് താഴെ വീഴുന്നതും വിഡിയോയിലുണ്ട്.

തുടർന്ന് മറ്റു രണ്ടു യാത്രക്കാർ കൂടി വന്ന് ഇയാളുടെ കയ്യും കാലും ബന്ധിക്കുന്നുണ്ട്. ഇവരുടെ കരവലയത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. കഴുത്തിന് ചുറ്റിപ്പിടിച്ചിരിക്കുന്നതിനാൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് വിവരം. കഴുത്തിന് ചുറ്റിപ്പിടിച്ചയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. മുൻ നാവിക ഉദ്യോഗസ്ഥനാണ് ഇയാൾ. കൂടുതൽ അന്വേഷണങ്ങൾക്കു ശേഷമാകും തുടർനടപടികൾ എന്നാണ് വിവരം.

അമേരിക്കയിലെ ഗ്യാസ് സ്റ്റേഷനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ സായിഷ് വീര എന്ന 24കാരനാണ് കൊല്ലപ്പെട്ടത്. ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലെത്തിയ സായിഷ് വീര പഠനത്തോടൊപ്പം കൊളംബസ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഫ്യൂവല്‍ സ്റ്റേഷനില്‍ പാര്‍ടൈം ജോലിയും ചെയ്തു വരുകയായിരുന്നു.

ഏപ്രില്‍ 20ന് പുലര്‍ച്ചെ 12.50ഓടെ ബ്രോഡ് സെന്‍റ് 1000 ബ്ലോക്കിലേക്ക് വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് പോലീസ് സംഘമെത്തി പരിശോധന നടത്തുമ്പോഴാണ് വിദ്യാര്‍ഥിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തുന്നത്. കൊളംബസ് ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരെത്തി സായിഷ് വീരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിന്നീട് നടന്ന അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിയെ കുറിച്ചുള്ള വിവരവും മരിച്ചയാളുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്നതും.സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും കൊളംബസ് പോലീസ് പറഞ്ഞിട്ടുണ്ട്. സിസിടിവി ക്യാമറകളിൽ പതിഞ്ഞ പ്രതിയുടെ ഫോട്ടോയും കൊളംബസ് ഡിവിഷൻ പൊലീസ് പങ്കുവെച്ചിരിക്കുകയാണ്.

സായിഷ് വീരയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ രോഹിത് യലമഞ്ചിലി എന്നയാളുടെ നേതൃത്വത്തില്‍ നടക്കുന്നു. ബിരുദാനന്തര ബിരുദം സ്വന്തമാക്കാന്‍ 10 ദിവസം മാത്രം ശേഷിക്കെയാണ് ദാരുണമായ സംഭവം നടക്കുന്നത്. സായിഷ് വീരയെ എച്ച് 1 ബി വിസക്കായി പരിഗണിച്ചിരുന്നവെന്നും രോഹിത് എന്നയാൾ പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ സായിഷ് വീര ഗ്യാസ് സ്റ്റേഷനിലെ ക്ലര്‍ക്ക് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു – സുഹൃത്തുക്കള്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് പിതാവിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാനായാണ് യുവാവ് അമേരിക്കയിലെത്തുന്നത്. കൊളംബസ് മേഖലയിലെ മികച്ച ക്രിക്കറ്റ് പ്ലേയര്‍ കൂടിയായിരുന്നു സായിഷ് എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞിരിക്കുന്നത്.

 

അമേരിക്കയിലെ ടെന്നസിയിൽ കാറപകടത്തിൽ ആറു പെൺകുട്ടികൾ കൊല്ലപ്പെട്ടു. ഞയറാഴ്ച്ച അതിരാവിലെയാണ് അപകടമുണ്ടായത്. മലക്കംമറിഞ്ഞ് പൂർണമായും തകർന്ന കാറിലെ ഡ്രൈവറും മറ്റൊരു സ്ത്രീയും മാത്രമാണ് രക്ഷപെട്ടത്. ഒന്നിനും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ സ്ത്രീയേയും ഡ്രൈവറേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു കാറുമായി ഇടിച്ച ശേഷം നിരവധി തവണ തലകീഴായി മറിഞ്ഞ ശേഷമാണ് കാർ നിന്നത്. ഇവരുടെ കാറുമായി കൂട്ടിയിടിച്ച കാർ കറങ്ങി തിരിഞ്ഞ് എതിർ ദിശയിലേക്ക് തിരിഞ്ഞാണ് നിൽക്കുന്നത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വിവരം ഇനിയും പുറത്ത് വിട്ടിട്ടില്ല. അപകട കാരണവും ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ ടെന്നസി ഹൈവ് പട്രോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത വേഗതയിലായിരുന്ന വാഹനം ഇടിയുടെ ആഘാതത്തിൽ കറങ്ങിതിരിഞ്ഞപ്പോഴായിരിക്കാം യാത്രക്കാർ തെറിച്ച് പോയതെന്നാണ് വിദഗ്ധർ അപകടത്തേക്കുറിച്ച് വിശദമാക്കുന്നത്.

പൂർണമായും തകർന്ന നിലയിലാണ് കാറുണ്ടായിരുന്നത്. ഡ്രൈവർ ഒഴികെയുള്ള യാത്രക്കാരെല്ലാം കാറിനുള്ളിൽ നിന്നും തെറിച്ച് റോഡിൽ വീണിരുന്നു. ആറ് പെൺകുട്ടികളും സംഭവ സ്ഥലത്ത് വച്ച് മരിച്ചു.

കാറിൽ നിന്ന് തെറിച്ച് പുറത്ത് വീണ പ്രായ പൂർത്തിയായ സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. സംഭവ സ്ഥലത്ത് വച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു. വാഹനത്തിൻറെ ഡ്രൈവർ മാത്രമാണ് പൊട്ടിപ്പൊളിഞ്ഞ കാറിലുണ്ടായിരുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്ന ഇയാളുടെ പരിക്ക് അത്ര ഗുരുതരമല്ല. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമേരിക്കയില്‍ എലമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറു പേര്‍ മരിച്ചു. തിങ്കളാഴ്ചയായിരുന്നു നാഷ്വില്ലിലെ സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥിയായ അക്രമി ആയുധവുമായെത്തി കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വെടിയുതിര്‍ത്തത്. അക്രമിയെ പൊലീസ് വധിച്ചു.

അക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളില്‍ ഒരാള്‍ എട്ട് വയസ്സും മറ്റ് രണ്ട് പേര്‍ ഒന്‍പത് വയസ്സുമുള്ളവരാണ്. മരിച്ച മറ്റ് മൂന്ന് പേരില്‍ ഒരാള്‍ സ്‌കൂള്‍ മേധാവിയാണ്. ഇയാളും മറ്റ് രണ്ട് പേരും 60 വയസ്സ് പ്രായമുള്ളവരാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഓഡ്രി ഹെയില്‍ എന്ന 28-കാരിയായ ട്രാന്‍സ്ജെന്‍ഡറാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളിന് പുറമെ മറ്റിടങ്ങളിലും അക്രമി വെടിവെപ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നെന്നും പൊലീസ് അറിയിച്ചു.

ഫ്ലോറിഡയിലെ മയാമിയിലുള്ള ശ്രീ കോട്ടൂർ ജയ്ക്കിന്റെയും ശ്രീമതി സാലിയുടെയും മകനായ ശ്രീ ജാക്സണിന്റെയും, കാനഡയിലെ മിൽട്ടണിലുള്ള തെങ്ങനാട്ട് തമ്പിയുടെയും ബിനുവിന്റെയും മകളായ ശ്രീമതി മെറീനയുടെയും ഇളയ പുത്രി അലൈന മെറി കോട്ടൂർ (2 വയസ്സ്) മയാമിയിൽ നിര്യാതയായി. മിലാനായാണ് മൂത്ത സഹോദരി.

പൊതുദർശനം : മാർച്ച് 24 വെള്ളിയാഴ്ച്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം 7 .30 മുതൽ 9 മണി വരെയും മയാമിയിലുള്ള ബെൽസ് ഫ്യൂണറൽ ഹോമിൽ വച്ച് നടക്കും.

സംസ്കാരം : മാർച്ച് 25 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് മാർക്ക് കാത്തലിക്ക് ചർച്ചിൽ (St. Mark the Evangelist Catholic Church 5601 S Flamingo Rd Southwest Ranches, FL 33330) സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 4 മണിക്ക് ഫ്രെഡ് ഹണ്ടേഴ്സ് മെമ്മോറിയൽ ഗാർഡനിൽ (Fred Hunter’s Hollywood Memorial Gardens – 3001 N 72nd Ave, Hollywood, FL 33024) സംസ്കരിക്കും.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവർക്കും കുടുംബങ്ങൾക്കും മലയാളം യുകെ ന്യൂസിന്റെ ആദരഞ്ജലികൾ

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യൂട്യൂബ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു. 2021 ജനുവരി 6 ന് ട്രംപ് അനുയായികള്‍ സര്‍ക്കാരിനെതിരെ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ ട്രംപ് അനുയായികള്‍ യുഎസ് ക്യാപിറ്റലിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചിരുന്നു. ആ ആക്രമണത്തിന് പ്രേരിപ്പിച്ചതിനായിരുന്നു അദ്ദേഹത്തിന്റെ യൂട്യൂബ് നിരോധിച്ചത്.

‘ഞാന്‍ തിരിച്ചെത്തി!’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്കിലും യൂട്യൂബിലും ആദ്യ പോസ്റ്റ് ഇട്ടിരിക്കുന്നത്. 2016-ല്‍ ഹിലരി ക്ലിന്റണിനെതിരായ മത്സരത്തില്‍ ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായുളള വീഡിയോയും അതിന്റെ അവസാനം ‘ട്രംപ് 2024’ എന്നും കാണിച്ച് അവസാനിക്കുന്ന വീഡിയോയും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങളെ കാത്തിരിപ്പിച്ചതിന് ക്ഷമിക്കണം എന്നും ട്രംപ് വീഡിയോയില്‍ പറയുന്നതായി കാണാം.

വെള്ളിയാഴ്ചയാണ് ട്രംപിന്റെ യൂട്യൂബ് ചാനല്‍ പുനഃസ്ഥാപിച്ചത്. മെറ്റാ പ്ലാറ്റ്ഫോമുകള്‍ ഈ വര്‍ഷം ആദ്യം ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചിരുന്നു. നവംബറില്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടും പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ ട്രംപ് ഇതുവരെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടില്ല.

പതിമൂന്നുകാരനെ ലൈംഗീക പീഡനത്തിന് ഇരയാക്കി ഗർഭം ധരിച്ച മുപ്പത്തിയൊന്നുകാരിയെ ജയിൽവാസത്തിൽ നിന്നും മോചിപ്പിച്ച കോടതി വിധിക്കെതിരെ പ്രതിഷേധവുമായി പതിമൂന്നുകാരന്റെ കുടുംബം രംഗത്ത്. കൊളറാഡോയിലെ ആൻഡ്രിയ സെറാനോ (31) നെയാണ് കോടതി മോചിപ്പിച്ചത്. യുവതിയുടെ അഭിഭാഷകരും പ്രോസിക്യൂട്ടർമാരും തമ്മിലുണ്ടാക്കിയ പ്ലീ ഡീൽ അനുസരിച്ചാണ് യുവതിയെ തടവ് ശിക്ഷയിൽ നിന്നും ഒഴിവാക്കിയത്.

അതേസമയം പതിമൂന്നുകാരനെ പീഡിപ്പിച്ചതായി യുവതി കുറ്റസമ്മതം നടത്തിയിരുന്നു. യുവതിയെ ലൈംഗീക കുറ്റവാളിയായി തന്നെയാണ് കാണുകയെന്നും കോടതി അറിയിച്ചു. കഴിഞ്ഞ വർഷമാണ് പതിമൂന്നുകാരനെ മുപ്പത്തിയൊന്നുകാരിയായ ആൻഡ്രീയ ലൈംഗീകമായി പീഡിപ്പിച്ചത്. നിരവധി തവണ പതിമൂന്നുകാരനെയുമായി യുവതി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടതായി യുവതി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ പതിമൂന്ന് കാരനിൽ നിന്ന് യുവതി ഗർഭിണിയാകുകയും കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.

കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ അറസ്റ്റ് ചെയ്ത യുവതിയെ എഴുപതിനായിരം ഡോളർ ബോണ്ടിൽ ജാമ്യത്തിൽ വിടുകയായിരുന്നു. കേസിൽ പിന്നീട് യുവതിക്ക് കോടതി തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. തുടർന്നുണ്ടായ പ്ലീ ഡീലിലാണ് യുവതിയെ തടവ് ശിക്ഷയിൽ നിന്നും ഒഴിവാക്കിയത്. ഇതിനെതിരെയാണ് കുട്ടിയുടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കേസിൽ പുരുഷനായിരു പ്രതിയെങ്കിൽ ഇങ്ങനെ ശിക്ഷയിൽ ഇളവ് നൽകുമോ എന്ന് കുടുംബം ചോദിക്കുന്നു. എന്റെ മകന്റെ കുട്ടിക്കാലമാണ് ഇല്ലാതെ ആയതെന്നും കളിച്ച് നടക്കേണ്ട പ്രായത്തിൽ അവൻ അച്ഛൻ ആയിരുന്നെന്നും പതിമൂന്നുകാരന്റെ മാതാവ് പറയുന്നു.

 

രോഗിയുമായി പോയ വിമാനം തകര്‍ന്നുവീണ് അഞ്ചു മരണം. അമേരിക്കയിലെ നെവാഡയിലാണ് അപകടം നടന്നത്. കാലിഫോര്‍ണിയ-നെവാഡ അതിര്‍ത്തിയില്‍ വെച്ച് വെള്ളിയാഴ്ച വിമാനത്തിന്റെ സിഗ്നലുകള്‍ നഷ്ടപ്പെട്ടിരുന്നു.

വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പട്ടതായി രക്ഷാ സംഘം സ്ഥിരീകരിച്ചു. പൈലറ്റിനെയും രോഗിയേയും കൂടാതെ, ഒരു നഴ്‌സ്, പാരാമെഡിക്, രോഗിയുടെ ബന്ധു എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനം തകര്‍ന്നുവീഴാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. യുഎസിന്റെ പടിഞ്ഞാറന്‍ തീരമേഖലയില്‍ വലിയ ശീതക്കാറ്റ് വീശുന്നുണ്ട്. കാലിഫോര്‍ണിയയിലെ പല മേഖലകളും മഞ്ഞില്‍ മൂടിക്കിടക്കുയാണ്. മോശം കാലാവസ്ഥയാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത യുക്രെയ്ൻ സന്ദർശനം എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. ആധുനിക ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് യുദ്ധമേഖല സന്ദർശിക്കുന്നത്. അമേരിക്ക പോലുള്ള ഒരു രാജ്യത്തിന്റെ പ്രസിഡന്റ് മറ്റ് രാജ്യങ്ങളിലേക്ക് പര്യടനം നടത്തുമ്പോൾ കർശനമായ സുരക്ഷ ഒരുക്കാറുണ്ട്. അദ്ദേഹത്തെ അനുഗമിച്ച് വലിയ വാഹന വ്യൂഹം തന്നെയുണ്ടാകും. എന്നാൽ ബൈഡന്റെ യുക്രെയ്ൻ സന്ദർശനത്തിൽ അങ്ങനെയൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ബൈഡന്റെ യുക്രെയ്ൻ സന്ദർശനം മാസങ്ങളോളം ആസൂത്രണം ചെയ്തതും അതീവ രഹസ്യമായി നടത്തിയതുമാണെന്നാണ് വിലയിരുത്തൽ. വൈറ്റ് ഹൗസും യുഎസ് ദേശീയ സുരക്ഷാ ഏജൻസികളിലെ ചില മുതിർന്ന ഉദ്യോഗസ്ഥരും മാസങ്ങളായി ഇതിനെ കുറിച്ച് ആസൂത്രണം ചെയ്തിരുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു. നിലവിലെ ആഗോള സാഹചര്യം കണക്കിലെടുത്ത് ഈ പര്യടനം രഹസ്യമായി നടത്തണമെന്നാണ് പദ്ധതി തയ്യാറാക്കിയ ഉദ്യോഗസ്ഥർ വിശ്വസിച്ചിരുന്നത്.

യുക്രെയ്‌നിൽ നേരിട്ട് എത്തുന്നതിന് പകരം പോളണ്ട് വഴി തലസ്ഥാനമായ കീവിൽ എത്തുകയായിരുന്നു. ബൈഡന്റെ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക പ്രത്യേക വിമാനമായ എയർഫോഴ്സ് വൺ ഉപയോഗിച്ചിരുന്നില്ല. പകരം വ്യോമസേനയുടെ ബോയിംഗ് വിമാനം സി-32 തിരഞ്ഞെടുത്തു. എയർഫോഴ്‌സ് വണ്ണിൽ നിന്ന് യുക്രെയ്‌നിലേക്ക് പോകാത്തതിന്റെ പ്രധാന ലക്ഷ്യം റഡാറിന്റെ കണ്ണുകൾ ഒഴിവാക്കുക എന്നതായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കൽ ടീമും അടുത്ത ഉപദേശകരും രണ്ട് മാധ്യമപ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ബൈഡനൊപ്പം വാൾസ്ട്രീറ്റ് ജേർണൽ ജേണലിസ്റ്റ് സബ്രീന സിദ്ദിഖിയും ഫോട്ടോഗ്രാഫറുമാണ് ഉണ്ടായിരുന്നത്. ബൈഡൻ കിയെവിൽ എത്തിയതിന് ശേഷമാണ് അവരുടെ ഫോണുകൾ തിരികെ നൽകിയത്.

വാഷിംഗ്ടണിൽ നിന്ന് ജർമ്മനിയിലെ റാംസ്റ്റീനിലുള്ള യുഎസ് സൈനിക താവളത്തിലേക്ക് ഏഴ് മണിക്കൂറോളം വിമാനം പറന്നു. ഇവിടെ റാംസ്റ്റീനിൽ ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം ഇറക്കി. ഈ സമയം ആരും വിമാനത്തിൽ നിന്ന് ഇറങ്ങിയില്ല. ഇതിന് ശേഷം വിമാനം പോളണ്ടിലേക്ക് പറന്നു. പോളണ്ടിലെത്തിയ ശേഷം ബൈഡൻ കീവിലേക്ക് ട്രെയിനിലാണ് എത്തിയത്.

10 മണിക്കൂറായിരുന്നു ഈ യാത്ര. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അദ്ദേഹം കീവിൽ എത്തിയത്. ഒബാമ പ്രസിഡന്റും വൈസ് പ്രസിഡന്റും ആയിരിക്കുമ്പോഴാണ് അദ്ദേഹം അവസാനമായി യുക്രെയ്‌നിലെത്തിയത്. കീവിലെത്തിയ ബൈഡനെയും അദ്ദേഹത്തിന്റെ ചെറിയ വാഹനവ്യൂഹത്തെയും യുഎസ് അംബാസഡർ ബ്രിഡ്ജറ്റ് ബ്രിങ്ക് സ്വീകരിച്ചു. ഇതിനുശേഷം അദ്ദേഹത്തിന്റെ വാഹനവ്യൂഹം റോഡ് വഴി യുക്രൈൻ പ്രസിഡന്റിന്റെ വസതിയിലെത്തി. അന്നേരമാണ് ബൈഡൻ എത്തിയ വിവരം ലോകം അറിയുന്നത്.

അമേരിക്കയിലെ ലോസ് ഏഞ്ചൽസ് അതിരൂപതയുടെ സഹായ മെത്രാൻ ഡേവിഡ് ഒ കോണൽ വെടിയേറ്റ് കൊല്ലപ്പെട്ടു. വർഷങ്ങളായി അതിരൂപതയിലെ കുടിയേറ്റക്കാർ, ദരിദ്രർ, സൗത്ത് ലോസ് ഏഞ്ചൽസില്‍ തോക്ക് അക്രമത്തിന് ഇരയായവർ എന്നിവരുടെ ഇടയിലെ സേവനത്തിലൂടെ പ്രസിദ്ധനായ അദ്ദേഹം ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണി (ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 2:30)യോടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് അക്രമത്തിന് പിന്നില്ലെന്ന് വ്യക്തമല്ല. ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഹസീൻഡ ഹൈറ്റ്‌സിലെ ജാൻലു അവന്യൂവിലെ 1500 ബ്ലോക്കിലെ വീടിനുള്ളിലാണ് മെത്രാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചിൽ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയതെന്നും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇനിയും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

2015-ൽ ഫ്രാൻസിസ് മാർപാപ്പയാണ് അറുപത്തിയൊന്‍പതുകാരനായ ഒകോണലിനെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. 45 വർഷത്തിലേറെയായി അദ്ദേഹം ലോസ് ഏഞ്ചൽസില്‍ സേവനമനുഷ്ഠിച്ചിരിന്നു. സാൻ ഗബ്രിയേൽ പാസ്റ്ററൽ റീജിയണിന്റെ എപ്പിസ്‌കോപ്പൽ വികാരിയായും ഒ’കോണൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോസ് ഏഞ്ചൽസ് ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ട സഹായ മെത്രാൻ ഡേവിഡ് ഒകോണൽ അപ്രതീക്ഷിതമായി അന്തരിച്ചുവെന്നും തന്റെ സങ്കടം പറയാൻ വാക്കുകള്‍ കിട്ടുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു.

വൈദികനായും പിന്നീട് ലോസ് ഏഞ്ചൽസിൽ ബിഷപ്പായും നാൽപ്പത്തിയഞ്ച് വർഷക്കാലം ബിഷപ്പ് ഡേവിഡ് സേവനം ചെയ്തു. നമ്മുടെ പരിശുദ്ധ അമ്മയോട് വലിയ സ്നേഹം പുലർത്തിയിരുന്ന ആഴമായ പ്രാർത്ഥനയുടെ ആളായിരുന്നു അദ്ദേഹം. ദരിദ്രരോടും കുടിയേറ്റക്കാരോടും ഐക്യമുള്ള ഹൃദയമുള്ള വ്യക്തിയായിരുന്നു അദേഹം. ഓരോ മനുഷ്യ ജീവന്റെയും വിശുദ്ധിയും അന്തസ്സും ബഹുമാനിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന് അഭിനിവേശമുണ്ടായിരുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് അനുസ്മരിച്ചു. സംഭവത്തെ കുറിച്ച് വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് സൂചന.

 

RECENT POSTS
Copyright © . All rights reserved