വീഡിയോ ഗാലറി

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

യുകെ പോലെ തണുപ്പുകൂടിയ പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങളെ അലട്ടുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് ആർത്രൈറ്റിസ്. യുകെയിൽ ഏതാണ്ട് 10 മില്യൺ ജനങ്ങൾക്ക് ആർത്രൈറ്റിസൊ സമാനമായ രോഗലക്ഷണങ്ങളോ മൂലം വലയുന്നവരാണ്. ചൂടുകൂടിയ രാജ്യങ്ങളിൽനിന്ന് കുടിയേറിയ ഇന്ത്യക്കാർ ഉൾപ്പെടുന്ന ഏഷ്യൻ എത്തിനിക്സ് മൈനോറിറ്റീസിന് സാധാരണ ഇംഗ്ലീഷുകാരെക്കാൾ ആർത്രൈറ്റിസ് വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  അതിനാൽ തന്നെ മലയാളികൾ ഉൾപ്പെടുന്ന കുടിയേറ്റ വിഭാഗത്തിൻെറ ഒരു പ്രധാന വെല്ലുവിളിയാണ് ആർത്രൈറ്റിസ് രോഗം.

കുട്ടികൾ ഉൾപ്പെടെ ഏത് പ്രായത്തിലുള്ളവർക്കും ആർത്രൈറ്റിസ് ഉണ്ടാവുമെങ്കിലും 40 വയസ്സിനോട് അടുക്കുമ്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നത്. മൂന്ന് വിഭാഗങ്ങളിലുള്ള ആർത്രൈറ്റിസ് രോഗമാണ് പ്രധാനമായും യുകെയിൽ കാണപ്പെടുന്നത്. ഇതിൽ യുകെയിലെ 90 ശതമാനം രോഗികളെയും ബാധിച്ചിരിക്കുന്നത് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ആണ്. യുകെയിൽ കുടിയേറിയ മലയാളികൾ നാല്പതുകൾ പിന്നിട്ടതോടു കൂടി നിരവധി പേരിലാണ് ആർത്രൈറ്റിസിൻെറ രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.

തണുപ്പ് കാലാവസ്ഥയിലും ഏറെ തണുപ്പ് ഉള്ളിടത്തും ഒട്ടേറെ ആളുകൾ ആർത്രൈറ്റിസ് മൂലം വേദനയും അസ്വസ്ഥതകളും കൊണ്ട് പ്രയാസപ്പെടുന്നുണ്ട്. ആയുർവ്വേദം ഈ രോഗാവസ്ഥകളെ വാത രോഗം ആയിട്ടാണ് പറയുക. ശരീരത്തിലെ ചലനം സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങൾക്കും കാരണമായി കരുതുന്നത് വാതത്തിന്റെ സംതുലിതമായ അവസ്ഥ ആണ്. രൂക്ഷത ലഘുത്വം ശീത ഖര സ്വഭാവം ഉള്ള വാതം കണ്ണിനു കാണാനാവാത്തത്ര സൂക്ഷ്മവുമാണ്. സമാന ഗുണം കൊണ്ട് വാതത്തിനുനടക്കുന്ന വർദ്ധന പലവിധ രോഗങ്ങൾക്കിടയാക്കുന്നു. അത്തരത്തിൽ ഉള്ള ഒരു വിഭാഗം അസ്വസ്ഥതകളെ ആണ് ഇവിടെ പറയുന്നത്. ശരീരത്തിലെ അസ്‌ഥി സന്ധികളുടെ ചലനം അസാധ്യം ആക്കും വിധം ഉള്ള അസ്വസ്ഥകൾക്ക് പൊതുവെ വാത രോഗം എന്നോ ആർത്രൈറ്റിസ്, സന്ധി വാതം എന്നോ ഒക്കെ പറയപ്പെടുന്നു.

യുകെയിലും മറ്റും തണുപ്പ് ഏറി വരുന്ന ഈ കാലാവസ്ഥകളിൽ ഉണ്ടാകുന്ന ഇത്തരം രോഗാവസ്ഥയെ അതി ജീവിക്കാൻ ആയുർവ്വേദം ഫലപ്രദമാകും. ചൂട്‌ വെള്ളം മാത്രം കുടിക്കുക. ചുക്ക് ഇട്ടു തിളപ്പിച്ച വെള്ളം ചെറിയ ചൂടോടു കൂടി കുടിക്കുക. ചൂട് ഉള്ള ആഹാരം കഴിക്കുക. ആയുർവേദ തൈലം ചൂടാക്കി ദേഹത്ത് തടവി ചൂട്‌ വെള്ളത്തിൽ കുളിക്കുക. ദഹിക്കാൻ പ്രയാസം ഇല്ലാത്ത ആഹാരങ്ങൾ കഴിക്കുവാനും ശ്രദ്ധിക്കുക. തണുപ്പ് തട്ടാതെ ശരീരം എപ്പോഴും ചൂട്‌ നിലനിർത്താൻ സഹായിക്കുന്ന വസ്ത്രം ധരിക്കുകയും വേണം.

സന്ധികളുടെ ചലനം വേദനയോടെ ആകുന്ന അവസ്ഥ. ചലനം അസാധ്യം ആക്കുന്ന നിയന്ത്രക്കപ്പെടുന്ന അവസ്ഥ ആണ് സന്ധിവാത ലക്ഷണം. ചെറുതും വലുതുമായ സന്ധികൾക്ക് മുറുക്കം, ഇറുക്കം, ഞെരുക്കം, വേദന, നീർക്കെട്ട് എന്നിവയോടു കൂടി ചലനം അസാദ്ധ്യമാക്കുന്ന ഒരു രോഗം ആണ് സന്ധിവാതം. പ്രായമായവരിൽ മാത്രം ആണ് ഈ രോഗം എന്ന പഴയ ധാരണക്ക് മാറ്റം വന്നിട്ടുണ്ട്. ഏതു പ്രായക്കാരിലും വ്യാപകമായി കണ്ടു വരുന്ന ഒരു രോഗാവസ്ഥ ആയി സന്ധിവാതം മാറിയിട്ടുണ്ട്.
സന്ധികളിലെ തരുണാസ്ഥികൾക്ക് ഉണ്ടാകുന്ന അപചയം മൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് ഇതിൽ ഒരു ഇനം സന്ധിവാത രോഗമാണ്. പ്രായമായവരിൽ ഏറെ കണ്ടുവരുന്ന സന്ധിവേദന, സന്ധി ഞെരുക്കവും ആണ് പ്രധാനം. പരുക്ക് ക്ഷതം എന്നിവ മൂലമോ അമിത അദ്ധ്വാനം, ടെന്നീസ്, ഷട്ടിൽ ബാട്മിന്റൺ, എന്നവയാൽ സന്ധികൾ അമിതമായി ഉപയോഗിക്കയാലോ, സന്ധികൾക്കു ഈ അവസ്ഥ ഉണ്ടാകും. കൈത്തണ്ട, കൈമുട്ട്, തോൾ എന്നീ സന്ധികൾ, കാൽമുട്ടുകൾ, ഇടുപ്പ് , നട്ടെല്ല് എന്നിവിടങ്ങളിൽ ഭാരം എടുക്കുമ്പോൾ ഉള്ള വേദന ഉണ്ടാക്കുന്നതും ഇക്കാരണത്താലാണ്.

പല സന്ധികളിൽ ഒരുമിച്ചു തന്നെ ബാധിക്കുന്നതും ദീർഘകാലം നീണ്ടു നിക്കുന്നതുമായ സന്ധിവാത രോഗങ്ങൾക്ക് റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്നു പറയും. ചെറിയ സന്ധികളുടെ അരികുകൾ വീർത്തു, നീർക്കെട്ട് ഉണ്ടായി സമീപ കോശങ്ങളിൽ വ്യാപിച്ചു സന്ധികളുടെ പ്രതലത്തെ ദുർബലമാക്കി നീർക്കെട്ടും വേദനയും മുറുക്കവും മൂലം ചലനം അസാധ്യം ആക്കുന്നു. കൈകളുടെയും കാലുകളുടെയും സന്ധികളെ ആണ് സാധാരണ ബാധിക്കുക.

ശരീരത്തിന്റെ നേടും തൂണായ നട്ടെല്ലിനേയും, തോൾസന്ധി ഇടുപ്പ് കാൽമുട്ട് എന്നിവയെയും ബന്ധിപ്പിക്കുന്ന സന്ധികൾക്കും ഉണ്ടാകുന്ന വാത രോഗങ്ങൾ ആണ് അങ്കിലോസിങ് സ്പോണ്ടിലൈറ്റിസ് എന്ന് അറിയപ്പെടുന്നത്. കഴുത്തിൽ ഉള്ള കശേരുക്കളെ ചേർത്ത് നിർത്തി തോൾ സന്ധിയുടെയും കൈകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്ന പേശികൾ, നാഡികൾ, കണ്ഠരകൾ എന്നിവക്ക് ഉണ്ടാകുന്ന തകരാർ മൂലം അപബഹുകം എന്ന രോഗം ഉണ്ടാക്കുന്നതായി ആയുർവേദ ഗ്രൻഥങ്ങളിൽ പറയുന്നു. സെർവൈക്കൽ സ്പോണ്ടിലോസിസ് എന്നു പറയുന്ന അവസ്ഥ ഇതു തന്നെ ആണ്. നട്ടെല്ലിന്റെ കീഴറ്റത്തുള്ള ലംബാർ കശേരുക്കളെ ബന്ധിപ്പിക്കുന്ന പേശികൾ നാഡികൾ കണ്ഠരകൾ എന്നിവയാണല്ലോ കാലുകളുടെ പ്രവർത്തനം നിർവഹിക്കുന്നത്. ഇവിടെ ഉണ്ടാകുന്ന തകരാറുകൾ ഗൃധ്രസി എന്ന രോഗത്തിന് ഇടയാക്കുന്നതായി ആയുർവ്വേദം പറയുന്നു. ലംബാർ സ്പോണ്ടിലോസിസും ആയി സാദൃശ്യം ആയ രോഗാവസ്‌ഥ ആണിത്.
ഇത്തരത്തിൽ സന്ധികളെ ആശ്രയിച്ചുണ്ടാകുന്ന ചലന തകരാറുകളെ പൊതുവെ സന്ധിവാതം എന്നു പറയും. ഇവക്കെല്ലാം ചലനം വീണ്ടെടുക്കാൻ ആവശ്യം ആയ നിരവധി മാർഗങ്ങൾ ആയുവേദം നിർദേശിക്കുന്നുണ്ട്. ഔഷധം ആഹാരം വ്യായാമം ചികിത്സാ ക്രമങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉഴിച്ചിൽ, ഇലക്കിഴി, കഷായക്കിഴി, ലേപനം, ധാര, വിവിധ തരം വസ്തി, പഞ്ചകർമ്മ ചികിത്സ എന്നിവയും നിദ്ദേശിക്കുന്നു. രോഗം, രോഗിയുടെയും രോഗത്തിന്റെയും അവസ്ഥ സ്വഭാവം എല്ലാം അറിഞ്ഞുള്ള അനുയോജ്യമായ ചികിത്സ രോഗ ശാന്തിക്ക് ഇടയാക്കും.

 

 ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ന്യൂസ് ഡെസ്ക് , മലയാളം യുകെ

അമിതവണ്ണം ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങൾ ഒരെണ്ണം വാങ്ങുമ്പോൾ മറ്റൊരെണ്ണം സൗജന്യം എന്ന ഓഫർ ഇനിമുതൽ ഉണ്ടാവില്ല. ഭക്ഷണ വിതരണ മേഖലയുടെ കടുത്ത എതിർപ്പിനിടയിലും രാത്രി 9:00 വരെ നൽകിവരുന്ന ഭക്ഷണസാധനങ്ങളുടെ പരസ്യങ്ങൾ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

രാജ്യത്തെ ജനങ്ങളുടെ അമിതവണ്ണം ഇല്ലാതാക്കണമെന്ന നീക്കവുമായി മുന്നോട്ടുപോകുന്ന ബോറിസ് ജോൺസൻ സൂപ്പർമാർക്കറ്റുകളിൽ ഇനിമുതൽ ഫാസ്റ്റ് ഫുഡിന് ഡിസ്കൗണ്ട് നൽകാൻ പാടില്ല എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. കൊഴുപ്പും മധുരവും കൂടുതൽ അടങ്ങിയിട്ടുള്ള മിഠായികൾ ചോക്ലേറ്റുകൾ മുതലായവക്ക് ഇനിമുതൽ ഒന്ന് എടുക്കുമ്പോൾ ഒന്ന് സൗജന്യം എന്ന് ഓഫർ ബാധകമല്ലാതാവും.

ഹോട്ടലിലെ മെനു കാർഡുകളിലും ഇനിമുതൽ, നൽകുന്ന ഭക്ഷണത്തിൽ എത്രമാത്രം കലോറി ഉൾപ്പെട്ടിട്ടുണ്ട് എന്നു കൂടി വിശദമാക്കണം എന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊറോണ വൈറസ് കൂടുതലായി ബാധിച്ചതും മരണപ്പെട്ടതും അമിത വണ്ണമുള്ളവരെയാണ് എന്ന കണ്ടെത്തലാണ് ജോൺസണെ ഈ നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്.

ഭക്ഷണസാധനങ്ങളുടെ വിപണനം പരസ്യങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ, കുട്ടികളെ ആകർഷിക്കുന്ന ഇത്തരം പരസ്യങ്ങൾ രാത്രി 9:00 വരെ പ്രദർശിപ്പിക്കാൻ പാടില്ല എന്ന് സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ പറയുന്നു.

ഓഗസ്റ്റ് മുതൽ ‘ഈറ്റ് ഔട്ട് റ്റു ഹെൽപ് ഔട്ട് ‘എന്നപേരിൽ ചാൻസിലർ ഋഷി സുനാക് കൂടുതൽ ജനങ്ങൾ പുറത്തുനിന്ന് ഭക്ഷണം കഴിക്കാനും, ഹോട്ടൽ മേഖലയെ ശക്തിപ്പെടുത്താനുമായി പ്രഖ്യാപിച്ചിരുന്ന പദ്ധതി നടപ്പിൽ വരുത്താൻ ഏതാനും ദിനങ്ങൾ മാത്രം അവശേഷിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രജിസ്റ്റർ ചെയ്ത ഹോട്ടലുകളിൽ 50 ശതമാനം വിലക്കുറവിൽ ഭക്ഷണസാധനങ്ങൾ ലഭ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ചാൻസിലർ ഋഷി സുനാക് ഉദ്ദേശിച്ചിരുന്നത്.

എല്ലാ വിഷയങ്ങളിലും തുറന്ന സമീപനം സ്വീകരിച്ചിരുന്ന പ്രൈം മിനിസ്റ്റർ മുൻപ്, വ്യക്തി താല്പര്യമനുസരിച്ച് രാജ്യത്ത് ജനങ്ങൾക്ക് ഏതുതരം ഭക്ഷണം വേണമെങ്കിലും കഴിക്കാം എന്ന അഭിപ്രായക്കാരനായിരുന്നു. എന്നാൽ കൊറോണ വൈറസ് ബാധിച്ച ശേഷം അമിതവണ്ണം പ്രശ്നമാണെന്ന് കണ്ടെത്തിയ ജോൺസൺ തൻെറ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിലേക്ക് പൊതുജനങ്ങളെയും ക്ഷണിച്ച ബോറിസ് ജോൺസൺ സൂപ്പർ ഫിറ്റ് ആവുകയാണ് തന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.

കുട്ടികൾക്ക് സ്കൂളുകളിൽ ലഭ്യമാകുന്ന ഉച്ചഭക്ഷണത്തിൽ നിന്നും ജങ്ക് ഫുഡുകൾ ഒഴിവാക്കാൻ നേരത്തെ നിർദ്ദേശം വന്നിരുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയും ഇന്ത്യയും ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കേണ്ടതും ആണ് കൊറോണ വൈറസിന് പ്രതിരോധിക്കാനുള്ള മാർഗ്ഗമായി നിർദ്ദേശിക്കുന്നത്.

ശരിയായ രീതിയിൽ മാസ്ക് ഉപയോഗിക്കാത്തതും, അത് ധരിക്കാതിരിക്കുന്നതും ഏകദേശം ഒരുപോലെയാണ്. സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ച് കൃത്യമായ നിർദേശങ്ങളുണ്ടെന്നിരിക്കെ മുഖം മറയ്ക്കുന്ന രീതിയിലുള്ള ഏതെങ്കിലും വസ്ത്രം പോലും മാസ്ക് ആയി ഉപയോഗിച്ചാൽ മതി എന്ന അവസ്ഥയാണ്. ലോകാരോഗ്യ സംഘടനയുടെ സെന്റർ ഫോർ ഡിസീസ് ആൻഡ് പ്രിവൻഷൻ കൺട്രോൾ നിർദ്ദേശപ്രകാരം മാസ്ക് എങ്ങനെയാണ് ശരിയായി ധരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, നാം ധരിക്കുന്ന മാസ്ക് നമ്മുടെ വായും മൂക്കും താടിയും മറച്ചാൽ മാത്രമേ ആരോഗ്യപരമായി നമ്മുടെ ലക്ഷ്യം പൂർത്തിയാകൂ. തുണികൊണ്ടുള്ള മാസ്ക് ധരിക്കുന്നതിന് മുൻപ് കൈകൾ ശുദ്ധജലവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം. ( കൈകഴുകേണ്ട വിധം:1 പൈപ്പ് തുറന്നു കൈകൾ നനച്ച് സോപ്പ് ആവശ്യത്തിന് കയ്യിലെടുത്ത ശേഷം പൈപ്പ് അടയ്ക്കുക, ശുദ്ധജലം മാത്രം ഉപയോഗിച്ച് കൈകൾ കഴുകുന്നതിനേക്കാൾ വൈറസിനെ അകറ്റാൻ നല്ലത് സോപ്പോ ഹാൻഡ് വാഷോ ഉപയോഗിക്കുന്നതാണ്.
2. വിരലുകൾക്കിടയിലും കൈകളുടെ പിൻഭാഗത്തും നഖങ്ങളിലും ഉൾപ്പെടെ സോപ്പ് നന്നായി പതപ്പിച്ച് വിരൽതുമ്പുകൾ ഉപയോഗിച്ച് ഉരച്ച് കഴുകുക, ഇങ്ങനെ കഴുകുന്നത് കൈകളിലെ അഴുക്കും അണുക്കളും നശിക്കാൻ വേണ്ടിയാണ്.
3. ചുരുങ്ങിയത് 20 സെക്കൻഡ് എങ്കിലും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, സമയം ഉറപ്പിക്കാനായി രണ്ട് റൗണ്ട് ഹാപ്പി ബർത്ത്ഡേ റ്റു യു എന്ന പാട്ട് മൂളുകയോ ഈണമിടുകയോ ചെയ്യാം.
4. ഇനി പൈപ്പ് തുറന്ന് കൈകൾ വൃത്തിയായി കഴുകാം.
5. ഉടൻതന്നെ കൈകൾ വൃത്തിയുള്ള ടൗവ്വലോ എയർ ഡ്രയറോ ഉപയോഗിച്ച് ഉണക്കണം. കാരണം നനഞ്ഞ കൈകളിലൂടെ അണുക്കൾ അതിവേഗം പ്രജനനം നടത്തുന്നു.

സാനിറ്റൈസറുകളെക്കാൾ മികച്ചത് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്. 20 സെക്കൻഡ് ഒരു മാജിക് നമ്പർ ഒന്നുമല്ല, എങ്കിൽപോലും ചുരുങ്ങിയ സമയം 20 സെക്കൻഡ് ആണെന്ന് ലോകാരോഗ്യസംഘടന ഉൾപ്പെടെ സമ്മതിച്ചു കഴിഞ്ഞു.

ഇനി മാസ്കിന്റെ വള്ളികളിൽ പിടിച്ചു മാസ്ക് ധരിക്കാം. മുഖത്തിന്റെ വശങ്ങളിൽ വായു കടക്കുന്ന രീതിയിലുള്ള ഗ്യാപ്പുകൾ ഉണ്ടാവാൻ പാടില്ല, അതേസമയം ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ വലിച്ചു കെട്ടുകയും അരുത്. മാസ്കിനുള്ളിൽ വയർ ഉണ്ടെകിൽ ആ ഭാഗം മൂക്കിനു മുകളിൽ വെച്ച് അമർത്തി അഡ്ജസ്റ്റ് ചെയ്യുക. മൂക്കും വായും താടിയും കൃത്യമായ രീതിയിൽ മറച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. മാസ്ക്കിനു മടക്കുകളുണ്ടെങ്കിൽ അവ താഴേക്ക് തുറക്കുന്ന രീതിയിൽ ആയിരിക്കണം ധരിക്കേണ്ടത്. ഒരുപ്രാവശ്യം മാസ്ക് ധരിച്ചാൽ അത് മുഖത്തുനിന്ന് എടുത്ത് മാറ്റുമ്പോൾ അല്ലാതെ ഇടയ്ക്കിടയ്ക്ക് തൊടാൻ പാടില്ല.

തീരെ അയഞ്ഞ മാസ്ക്കുകൾ ധരിക്കാതിരിക്കുക, മൂക്കിനോ വായക്കോ മുഖത്തിന്റെ വശങ്ങളിലോ തുറന്നു കിടക്കുന്ന രീതിയിലാണ് നിങ്ങളുടെ മാസ്ക് എങ്കിൽ അന്തരീക്ഷ വായുവുമായി സമ്പർക്കം ഉണ്ടാവുക വഴി നിങ്ങൾ സ്വന്തം ശരീരത്തിലേക്ക് വൈറസിന് വഴിയുണ്ടാക്കി കൊടുക്കുകയാണ്. മൂക്ക് പുറത്തു കാണുന്ന രീതിയിൽ മാസ്ക് ധരിക്കാതിരിക്കുക, വായുവിലൂടെയാണ് വൈറസ് വ്യാപനം എന്നത് മറക്കാതിരിക്കുക.

ഒരിക്കൽ ധരിച്ചുകഴിഞ്ഞാൽ, നിങ്ങൾ പൊതുസ്ഥലത്ത് ആയിരിക്കുമ്പോൾ മാസ്കിൽ തൊടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ കൈകളിൽ പറ്റിപ്പിടിച്ചേക്കാവുന്ന അണുക്കളെ ശ്വസനവ്യൂഹത്തിലേക്ക് കടത്തി വിടാതിരിക്കുക.

പൊതു സ്ഥലങ്ങളിൽ നിന്നും തിരികെ വീട്ടിൽ എത്തിയാൽ ഉടൻ ഇയർ ലൂപ്പുകൾ അഥവാ വള്ളികളിൽ പിടിച്ചു തന്നെ മാസ്ക് അഴിച്ചെടുക്കുക, മാസ്കിന്റെ മുൻവശത്ത് തൊടാതിരിക്കുക. ഉടൻതന്നെ മാസ്ക് കഴുകി വൃത്തിയാക്കുന്നില്ലെങ്കിൽ അടച്ച് ഭദ്രമാക്കി വെക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ബാഗിനുള്ളിൽ സൂക്ഷിച്ചു വെക്കുക.

മാസ്ക് അഴിച്ച ഉടൻതന്നെ ആദ്യം നിർദ്ദേശിച്ച പ്രകാരം കൈകൾ കഴുകി വൃത്തിയാക്കുക. ഈ രീതി ശരിയായി പിന്തുടർന്നാൽ കൊറോണ വൈറസിനെ അകറ്റി നിർത്താനാവും, ഇത് എല്ലാവരും പാലിച്ചാൽ ചുരുങ്ങിയത് 33,000 പേരുടെ ജീവനെങ്കിലും രക്ഷിക്കാനാവും.

 ദീപ  പ്രദീപ്  , ന്യൂസ് ഡെസ്ക്   മലയാളം യുകെ

മനുഷ്യരാശിയുടെ എല്ലാ ശീലങ്ങളെയും തകിടം മറിച്ചുകൊണ്ടുള്ള ഒരു രോഗം സമൂഹവ്യാപനത്തിലേക്ക് കടക്കുന്ന ഒരവസ്ഥയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. വ്യവസായം, ടൂറിസം, പൊതുഗതാഗതം എന്നിങ്ങനെയുള്ള ഏതു മേഖലയെക്കാളും പ്രതിസന്ധി ഉടലെടുത്ത മേഖലയാണ് വിദ്യാഭ്യാസം.

ഇതിനുമുമ്പും പകർച്ചവ്യാധികൾ വിദ്യാഭ്യാസമേഖലയെ ബാധിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും,ഇന്നത്തെ അവസ്ഥയോളം രൂക്ഷമല്ലായിരുന്നു അവയൊന്നും. യുനെസ്കോ പുറത്തുവിട്ട കണക്കനുസരിച്ചു ലോകത്തെ വിദ്യാർത്ഥി ജനസംഖ്യയുടെ പകുതിയിലധികം ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്താണ് .ഈ പശ്ചാത്തലത്തിൽ, സാമ്പത്തിക പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെ കേരള സി.ബി.എസ്.സി മാനേജ്‌മെന്റ് പുതിയ ഫീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഈ തീരുമാനത്തോടും ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളോടും പല സ്കൂൾ മാനേജ്‌മെന്റുകളും കണ്ണടയ്ക്കുകയാണ്.

ഓൺലൈൻ ക്ലാസ്സ് എടുക്കുന്ന ടീച്ചേഴ്സിന് ശമ്പളം കൊടുക്കണമെന്നുള്ള ന്യായമാണ് ഫീസ് പിരിച്ചെടുക്കുന്നതിന് പല സ്വകാര്യ സ്കൂൾ മാനേജ്‍മെന്റുകൾക്കുമുള്ള ന്യായീകരണം. മലയാളം യുകെയുടെ അന്വേഷണത്തിൽ അൺ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ അധ്യാപകർക്കുള്ള സാലറി ഗണ്യമായി വെട്ടിക്കുറച്ചിരിയ്ക്കുകയാണ്. പക്ഷെ ഫീസ് ഇനത്തിൽ ഒരു വെട്ടികുറവിനും ഇവർ തയാറായില്ല. ഓൺലൈൻ ക്ലാസ്സ് എടുക്കാൻ ഇന്റെർനെറ്റിൻെറ ചിലവ് വരെ സ്വന്തം കൈയിൽ നിന്ന് എടുക്കേണ്ട ഗതികേടിലാണ് പല സ്വകാര്യ സ്‌കൂളുകളിലെയും അധ്യാപകർ. ശരിയായ നെറ്റ് കണക്ഷൻ ഇല്ലാത്തതിനാൽ ടെറസ്സിലും പറമ്പിലും പോയി ക്ലാസ്സെടുക്കേണ്ട ഗതികേടിലാണ് പല അധ്യാപകരും. സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ വൈഷമ്യങ്ങൾ ഗവൺമെന്റും കണ്ടില്ലെന്ന് നടിക്കുകയാണ്.

സാമാന്യയുക്തിയ്ക്ക് നിരക്കാത്ത രീതിയിൽ വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തുന്ന കുട്ടികളുടെ മേൽ സ്വിമ്മിങ് ചാർജ് വരെ ഈടാക്കിയ സ്കൂളുകൾ കേരളത്തിൽ ഉണ്ട്. അധ്യയനം പഴയഗതിയിൽ എന്ന് തുടങ്ങും എന്ന ആശങ്ക വിദ്യാർത്‌ഥികളുടെയിടയിലും മാതാപിതാക്കളുടെയിടയിലും നിലനിൽക്കുകയാണ്.    വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ആനുവൽ ഫീയും നീന്തൽ ഫീയും എന്തിന്റെ പേരിൽ നൽകണമെന്ന ആശങ്കയിലാണ് രക്ഷകർതൃ സമൂഹം.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

156 വര്‍ഷത്തെ കോളനി ഭരണം അവസാനിപ്പിച്ചു കൊണ്ടാണ് ബ്രിട്ടന്‍ ചൈനയ്ക്കു ഹോങ്കോങിന്റെ ഭരണം കൈമാറിയത്. ബ്രിട്ടനില്‍നിന്നും സ്വതന്ത്രമായ 1997 ജുലൈ ഒന്നിന് ചൈനീസ് പതാക പാറിപ്പറക്കുമ്പോള്‍, ഹോങ്കോങിനെ ചൈനീസ് വന്‍കരയിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നില്ല. കോളനി ഭരണകാലത്തു സ്ഥാപിച്ച സ്വതന്ത്രമായ ജുഡീഷ്യറി, നിയമനിര്‍മാണ സഭ തുടങ്ങിയ പല സ്ഥാപനങ്ങളും ഹോങ്കോങ് നിലനിര്‍ത്തി പോരുന്നു. ‘ഒരു രാജ്യം രണ്ട് വ്യവസ്ഥ’ എന്ന സമ്പ്രദായമാണു ഹോങ്കോങ് പിന്തുടരുന്നത്. ഇതുപ്രകാരം ഹോങ്കോങ് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്‌കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവ നിലനിര്‍ത്തുന്നു.

1997ല്‍ ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്കോങിനു സ്വയം ഭരണാവകാശം ഉണ്ടാകും. ഈയൊരു കാരണം കൊണ്ടാണു ഹോങ്കോങ് സ്വന്തമായി ജൂഡീഷ്യറി, നിയമനിര്‍മാണ സംവിധാനങ്ങള്‍ നിലനിര്‍ത്തുന്നതും.1843-ല്‍ കറുപ്പ് യുദ്ധം ജയിച്ചതിനു ശേഷമാണു ഹോങ്കോങിനെ ചൈനയില്‍നിന്നും ബ്രിട്ടന്‍ സ്വന്തമാക്കിയത്. മൂന്ന് വ്യത്യസ്ത കരാറിലൂടെയായിരുന്നു ഹോങ്കോങിനെ ബ്രിട്ടന്‍ സ്വന്തമാക്കിയത്. 1842-ലെ ട്രീറ്റി ഓഫ് നാന്‍കിങ്, 1860-ലെ കണ്‍വെന്‍ഷന്‍ ഓഫ് പീകിങ്, 1898-ലെ ദി കണ്‍വെന്‍ഷന്‍ ഫോര്‍ ദി എക്‌സ്റ്റെന്‍ഷന്‍ ഓഫ് ഹോങ്കോങ് ടെറിട്ടറി എന്നിവയായിരുന്നു മൂന്ന് കരാറുകള്‍. 1898-ലെ കരാറിലൂടെ ബ്രിട്ടനു ഹോങ്കോങിന്റെയും കൊവ് ലൂണിന്റെയും ന്യൂ ടെറിട്ടറീസിന്റെയും നിയന്ത്രണം കൈവന്നു. കൊവ് ലൂണ്‍, ഹോങ്കോങ് എന്നിവ ബ്രിട്ടന് ചൈന സമ്മാനിച്ചതും, ന്യൂ ടെറിട്ടറീസ് ബ്രിട്ടന്‍ 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് എടുത്തതുമായിരുന്നു. 1984 ൽ അന്നത്തെ യുകെ പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ചൈനീസ് സർക്കാരുമായി സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. 1997 ൽ ഹോങ്കോംങ് ചൈനയ്ക്ക് തിരികെ നൽകാമെന്ന് സമ്മതിച്ചു.

ബ്രിട്ടന്‍, ഹോങ്കോംങ് പ്രവിശ്യയുടെ നിയന്ത്രണം ചൈനയ്ക്കു കൈമാറിയതിന്റെ 23 ആം വാര്‍ഷികദിനമായിരുന്നു 2020 ജുലൈ ഒന്ന്. അന്നുതന്നെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയിലും ഹോങ്കോങ് സുരക്ഷാ നിയമം ചൈന പാസാക്കി. സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിന്‍റെ സ്വാതന്ത്യവും പരമാധികാരവും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ചൈന പുതിയ നിയമം നടപ്പാക്കുന്നതെന്നാണ് ജനാധിപത്യ പ്രക്ഷോഭകര്‍ ആരോപിക്കുന്നത്. ചൊവ്വാഴ്ച പാസാക്കിയ ഈ നിയമം ഹോങ്കോംങ് നിവാസികൾക്ക് നൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യത്തിനെതിരായ നടപടിയായി അന്താരാഷ്ട്ര തലത്തിൽ വരെ അപലപിക്കപ്പെട്ടു. ഇതിന് മറുപടിയായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുപ്പതുലക്ഷം ഹോങ്കോംങ് നിവാസികൾക്ക് യുകെയിൽ സ്ഥിരതാമസമാക്കാനും ഒടുവിൽ പൗരത്വത്തിന് അപേക്ഷിക്കാനും അവസരം നൽകുമെന്ന് പ്രതിജ്ഞയെടുത്തത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

2020 ജൂലൈ 5 – ന് ബ്രിട്ടനിൽ എൻഎച്ച് എസ് സ്ഥാപിച്ചിട്ട് 72 വർഷം തികയുന്നു. രാജ്യമെങ്ങും വ്യാപകമായ ആഘോഷങ്ങളാണ് ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. എൻ എച്ച് എസ്‌ സ്ഥാപിക ദിനത്തിന്റെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രാധാന്യം കൂടുതലാണ് . കാരണം എൻഎച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾ നിറഞ്ഞ വർഷമായിരുന്നു 2020 . ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ്-19 ന്റെ ചെറുത്തു തോൽപ്പിക്കാൻ യുകെയിൽ മുന്നിൽ നിന്നത് എൻഎച്ച് എസ് ജീവനക്കാരാണ്. കുറെ മാസങ്ങളായി മറ്റുള്ള രോഗികൾക്കൊപ്പം ഒരു ലക്ഷത്തോളം വരുന്ന കോവിഡ് രോഗികളെ പരിചരിക്കുന്നതിലും സുഖപ്പെടുത്തുന്നതിലും എൻഎച്ച് എസ് സ്തുത്യർഹമായ സേവനമാണ് നടത്തിയത് .

ചാൾസ് രാജകുമാരൻ, പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർക്ക് കോവിഡ് – 19 നെ അതിജീവിക്കാനായത് എൻഎച്ച്എസിന്റെ നേട്ടമാണ് . എൻഎച്ച്എസിലെ ജോലിക്കാർക്കൊപ്പം വിരമിച്ച ആയിരക്കണക്കിന് ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ സന്തോഷത്തോടെ സഹകരിച്ചിരുന്നു.

രാജ്യമൊട്ടാകെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഇന്നലെ കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ ജീവനക്കാരോടുള്ള ആദരസൂചകമായി എൻഎച്ച്എസിനെ ഓർമിപ്പിക്കുന്ന നീല വിളക്കുകൾ തെളിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എൻ എച്ച് എസ് ജീവനക്കാരെ കാണും. മഹാമാരിയെ നേരിടാൻ രാജ്യത്ത് നിസ്വാർത്ഥമായി ഊണും ഉറക്കവുമില്ലാതെ സേവനം നൽകിയ എൻ എച്ച് എസ് ജീവനക്കാർക്ക് വേണ്ടി കൈയ്യടിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

1948 – ജൂലൈ 5 ന് മാഞ്ചസ്റ്ററിലെ പാർക്ക് ഹോസ്പിറ്റലിലാണ് എൻഎച്ച്എസ് ആരംഭിച്ചത് അതിനുശേഷം ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി വിവിധ ആശുപത്രികളിലായി ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിൽ എൻഎച്ച് എസ് എന്നും രാജ്യത്തിന് അഭിമാനമായിരുന്നു.

യുകെയിലെ പ്രവാസി മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാകയാൽ എൻഎച്ച്എസിന്റെ കുടക്കീഴിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ രാജ്യമെങ്ങും എൻഎച്ച്എസിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ യുകെ മലയാളികൾക്കും അഭിമാനിക്കാം. എൻഎച്ച്എസിൽ ജോലിചെയ്യുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും മലയാളം യുകെയുടെ സ്നേഹാഭിവാദ്യങ്ങൾ.

സ്വന്തം ലേഖകൻ

ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ വിവാഹച്ചടങ്ങുകൾക്കുള്ള പുതിയ മാർഗനിർദേശം സർക്കാർ പുറത്തിറക്കി. ജൂലൈ 4 മുതൽ 30 ആളുകൾക്ക് വരെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയും. വധൂവരന്മാരും ഫോട്ടോഗ്രാഫർമാരും സാക്ഷികളും ഉൾപ്പെടെയാണ് 30 പേർ എന്ന കണക്ക്. വിവാഹത്തിൽ പങ്കെടുക്കുന്നവർ കർശനമായി സാമൂഹിക അകലം പാലിക്കണം. ഒപ്പം വധൂവരന്മാർ മോതിരം കൈമാറുന്നതിനുമുമ്പും ശേഷവും കൈകൾ വൃത്തിയാക്കുകയും വേണം. ചടങ്ങിൽ ഗാനാലാപനം അനുവദിക്കില്ലെന്നും വിവാഹത്തെ തുടർന്നുള്ള റിസപ്ഷൻ വളരെ ചെറുതായിരിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. മാർച്ച് 23 ന് ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ, ഇംഗ്ലണ്ടിലെ വിവാഹങ്ങൾ എല്ലാം നിരോധിച്ചിരുന്നു.

സാധ്യമെങ്കിൽ എല്ലാവരും 2 മീറ്റർ സാമൂഹിക അകലം പാലിക്കണം. അതിന് സാധിച്ചില്ലെങ്കിൽ അധിക സുരക്ഷാ നടപടികളോടെ ഒരു മീറ്റർ അകലം പാലിക്കണം. ആളുകൾ പാടുന്നത് ഒഴിവാക്കി റെക്കോർഡിംഗുകൾ ഉപയോഗിക്കാം. മുഖാമുഖം ഇരിക്കാതിരിക്കാനും ഫേസ് മാസ്കുകൾ ഉപയോഗിക്കാനും സർക്കാർ ഉപദേശിക്കുന്നുണ്ട്. മാർഗ്ഗനിർദ്ദേശം പാലിക്കാത്ത വേദികൾക്ക് ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൽ നിന്നോ പ്രാദേശിക അതോറിറ്റിയുടെയോ നടപടി നേരിടേണ്ടിവരുമെന്ന് സർക്കാർ പറയുന്നു. മതിയായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെടുന്നത് നിലവിലുള്ള ആരോഗ്യ-സുരക്ഷാ നിയമനിർമ്മാണങ്ങളുടെ ലംഘനമാകാം.

ഇംഗ്ലണ്ടിലെ വിവാഹങ്ങൾക്ക് കൊറോണ വൈറസ് ഏല്പിച്ച പ്രഹരം ചെറുതല്ല. പലരും തങ്ങളുടെ വിവാഹം മാറ്റി വയ്ക്കാൻ നിർബന്ധിതരായി. ആയിരകണക്കിന് ആളുകൾ ഒത്തുചേരുന്ന പ്രതിഷേധ പ്രകടനങ്ങൾ പോലെയുള്ളവ യുകെയിൽ നടക്കുമ്പോൾ തന്നെ വിവാഹ ചടങ്ങുകൾക്കുള്ള ഈ നിയന്ത്രണം യുക്തിരഹിതമാണെന്ന് പലരും പറഞ്ഞു. നോർത്തേൺ അയർലണ്ടിൽ 10 പേർ ചേർന്നുള്ള ഔട്ട്‌ഡോർ വിവാഹം അനുവദിക്കും. സാമൂഹിക അകലം നിർബന്ധമാക്കികൊണ്ട് വെയിൽസിലും വിവാഹങ്ങൾ നടത്താം. സ് കോട് ലൻഡിലും ഔട്ഡോർ വിവാഹങ്ങൾ നടത്താൻ അനുവാദമുണ്ട്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആരോഗ്യ സേവന മേഖലകളിൽ പ്രവർത്തിക്കുന്നവരെയണെന്ന കണ്ടെത്തലാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ റിപ്പോർട്ട് പങ്കുവയ്ക്കുന്നത്. ഇത്തരത്തിൽ സേവന മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ മരണനിരക്ക് സാധാരണ ഉള്ളവരിൽ നിന്നും 2.5 ശതമാനം കൂടുതലാണ്. സാമൂഹ്യ പ്രവർത്തകരായ സ്ത്രീകളുടെ മരണനിരക്കും സാധാരണക്കാരിൽ നിന്നും അധികമാണ്. എന്നാൽ ഇത്തരക്കാർക്ക് ലഭിക്കുന്ന സംരക്ഷണം കുറവാണെന്നതാണ് ഏറ്റവും വേദനാജനകം. പുതുതായി പുറത്തിറങ്ങിയിരിക്കുന്ന ഈ റിപ്പോർട്ടുകൾ ഗവൺമെന്റിന് പ്രതിക്കൂട്ടിൽ നിർത്തുകയാണ്.

ഗവൺമെന്റ് പലപ്പോഴും നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ മറന്നു പോവുകയാണെന്ന കുറ്റപ്പെടുത്തൽ സമൂഹത്തിലെ പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്. വൈറസ് ബാധ കൂടുന്ന സാഹചര്യങ്ങളിലും ഇത്തരത്തിൽ സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഒരു തരത്തിലുള്ള സംരക്ഷണവും ഗവൺമെന്റ് ഉറപ്പു നൽകുന്നില്ലെന്ന് ലീഡർഷിപ്പ് ഓർഗനൈസേഷൻ ആൻഡ് ഡെവലപ്മെന്റ് സംഘടനയുടെ മേധാവി സുസി ബെയ്‌ലി കുറ്റപ്പെടുത്തി. സാമൂഹ്യ സേവന മേഖലകളെ എൻ എച്ച് എസിൽ നിന്നും ഒരിക്കലും വേറിട്ട് കാണരുതെന്നും ബെയ്‌ലി ഓർമിപ്പിച്ചു. എൻ എച്ച് എസ് പ്രവർത്തകരെ പോലെ തന്നെ സാമൂഹ്യ പ്രവർത്തകരുടെയും സേവനങ്ങളെ കാണണമെന്നും വാർത്താസമ്മേളനത്തിൽ ബെയ്‌ലി വ്യക്തമാക്കി.

ഇത്തരത്തിലുള്ള പ്രവർത്തകർക്ക് പ്രൊട്ടക്ഷൻ കിറ്റുകൾ സമയത്ത് ലഭിക്കുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ഇതോടൊപ്പംതന്നെ കെയർ ഹോമുകളിൽ വർധിച്ചുകൊണ്ടിരിക്കുന്ന മരണനിരക്കും ഗവൺമെന്റിനു മേൽ സമ്മർദ്ദം കൂട്ടുകയാണ്. ഇപ്പോൾ തന്നെ പതിനാറായിരത്തിൽ അധികം പേരാണ് ബ്രിട്ടണിൽ കെയർ ഹോമുകളിൽ മാത്രമായി മരണപ്പെട്ടിരിക്കുന്നത്.

പതിനേഴോളം തൊഴിൽ മേഖലകളിൽ തൊഴിലെടുക്കുന്ന പുരുഷന്മാരിൽ മരണ നിരക്ക് അധികം എന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നത്. ഇതിൽ കൺസ്ട്രക്ഷൻ ജീവനക്കാർ, ടാക്സി ഡ്രൈവർമാർ, സെക്യൂരിറ്റി ഗാർഡുകൾ എന്നിവരെല്ലാം ഉൾപ്പെടുന്നു. സെക്യൂരിറ്റി ഗാർഡുമാരായി ജോലി ചെയ്യുന്നവരിലാണ് മരണനിരക്ക് ഏറ്റവുമധികം രേഖപ്പെടുത്തിയിരിക്കുന്നത്. തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ സ്ത്രീകളെക്കാൾ അധികം രോഗബാധിതർ പുരുഷന്മാർ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച മേഖലയാണ് വ്യോമയാന ഗതാഗതം, ഈ ഏപ്രിലിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിമാന യാത്രകളിൽ 95 ശതമാനം ഇടിവാണ് ഉണ്ടായത്. ചില വിമാന കമ്പനികൾ സർവീസ് മുഴുവൻ നിർത്തി വച്ചപ്പോൾ ചിലവ കാർഗോ സർവീസുകൾ മാത്രം നടത്തി പിടിച്ചുനിൽക്കാൻ ശ്രമിച്ചു. എന്നാൽ ഇപ്പോൾ പടിപടിയായി സർവീസുകൾ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനികൾ. ഈസി ജെറ്റ് ഈമാസം ഏതാനും സർവീസുകൾ നടത്തിയിരുന്നു, റയാൻഎയർ ജൂലൈയോടെ തങ്ങളുടെ 40% സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യാനുസരണം മറ്റു കമ്പനികളും പ്രവർത്തനം ആരംഭിക്കും.

യുകെയിൽ ജൂൺ 8 മുതൽ നിലനിൽക്കുന്ന ക്വാറന്റൈൻ നിയമമനുസരിച്ച് വിമാനത്തിൽ യാത്ര ചെയ്തെത്തിയവർക്ക് 14 ദിവസം ക്വാറന്റൈൻ നിർദേശിക്കുന്നു. എന്നാൽ താരതമ്യേന അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലേക്ക് യാത്രാ ഇടനാഴികൾ, അഥവാ എയർ ബ്രിഡ്ജസ് രൂപീകരിക്കാനാണ് ഗവൺമെന്റിന്റെ തീരുമാനം. ഇൻഫെക്ഷൻ സാധ്യത കുറഞ്ഞ ഇടങ്ങളിൽ നിന്ന് വരുന്നവർക്ക്, ക്വാറന്റൈൻ ആവശ്യമില്ല. അതിനാൽ ഇത്തവണ വേനൽക്കാല വിനോദയാത്രകൾ മാറ്റിവെക്കാതെ ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് സഞ്ചാരികൾക്ക് യാത്ര ചെയ്യാനാവും എന്നാണ് കരുതുന്നത്.

കൊറോണ വൈറസ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ, വിമാനത്തിനുള്ളിൽ യാത്രക്കാർക്ക് എങ്ങനെയൊക്കെ രോഗം പകരുമെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. എങ്കിലും മറ്റ് ശ്വാസകോശ സംബന്ധിയായ രോഗങ്ങളെപ്പോലെതന്നെ വായുവിലൂടെ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗുരുതരമായ ഇൻഫെക്ഷൻ ഉള്ള വ്യക്തികളുടെ മുന്നിലും പിന്നിലുമായി രണ്ട് റോ സീറ്റുകൾ ഒഴിച്ചിടുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നൽകുന്ന വിവരം. അറ്റ്ലാന്റയിലെ ഇമോറി യൂണിവേഴ്സിറ്റിയിൽ 2018-ൽ നടന്ന പഠന പ്രകാരം വായുവിലൂടെ പകരുന്ന രോഗം ഉള്ളവർ വിമാനത്തിൽ സഞ്ചരിക്കുമ്പോൾ മുൻകരുതൽ എന്തൊക്കെ വേണം എന്ന നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. മുന്നിലും പിന്നിലുമായി ഓരോ സീറ്റ് വെച്ച് ഒഴിച്ചിടുന്നത് വായുവിലൂടെ അണുക്കൾ പടരുന്നത് കുറയ്ക്കാനാകുമെന്നും ആ പഠനത്തിൽ ഗവേഷകർ പറയുന്നു. എന്നാൽ ഇതേ ഗവേഷകർ മുൻപ് നടത്തിയ പഠനത്തിൽ സാഴ്സ് ഇൻഫ്ലുവൻസ പോലെയുള്ള രോഗങ്ങൾ തൊട്ടടുത്തുള്ളവർ അല്ലാത്തവർക്കും പകരും എന്ന് കണ്ടെത്തിയിട്ടുണ്ട്. എയർപോർട്ടിൽ രോഗികൾ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കുന്നതും, മുൻ യാത്രക്കാർ തൊട്ട പ്രതലങ്ങളിൽ സ്പർശിക്കുന്നതും ഉൾപ്പെടെ തുമ്മലിലൂടെ ചുമയിലൂടെയോ ഇൻഫെക്ഷൻ പരക്കുന്നതല്ലാത്ത രീതികളിലൂടെയും രോഗം പടരാൻ സാധ്യതയുണ്ട്. ക്യാബിൻ ക്രൂവിൽ ഉള്ളവർ രോഗികളോടും രോഗമില്ലാത്തവരോടും ഒരേസമയം സമ്പർക്കം പുലർത്തേണ്ടി വരുന്നതും ആശങ്കാജനകമാണ്. ഇത്തരത്തിൽ കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായേക്കാം. എന്നാൽ ഗുവാൻസൊവിൽ നിന്നും ടോറോണ്ടോയിലേക്ക് 350 യാത്രക്കാരുമായി 15 മണിക്കൂറോളം സഞ്ചരിച്ച ഒരു വിമാനത്തിൽ 2 കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നു, പക്ഷേ വിമാനത്തിൽ സഞ്ചരിച്ച മറ്റൊരാൾക്ക് പോലും രോഗം ബാധിച്ചില്ലെന്ന് കാനഡയിലെ ആരോഗ്യപ്രവർത്തകർ പറയുന്നു.

ഒരു അടഞ്ഞ സ്ഥലത്ത് മണിക്കൂറുകളോളം രോഗികളുമായി ചെലവഴിക്കുന്നത് രോഗം പകരാൻ കാരണമാകും എന്ന ഭയമാണ് യാത്രക്കാരിൽ ഏറെപ്പേർക്കും, എന്നാൽ ആധുനിക സജ്ജീകരണങ്ങളുള്ള വിമാനത്തിനകത്ത് രണ്ട് മൂന്ന് മിനിറ്റ് കൂടുമ്പോൾ വായു ശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്, അതായത് മണിക്കൂറിൽ ഇരുപതോ മുപ്പതോ തവണ വിമാനത്തിനകത്ത് വായു ശുദ്ധീകരിക്കപ്പെടുന്നുണ്ട്. ഹൈ എഫിഷ്യൻസി പാർട്ടികുലേറ്റ് ഫിൽറ്ററുകളിലൂടെ കടന്നുവരുന്ന വായു ഊഷ്മാവും ഹ്യുമിഡിറ്റി യും നിയന്ത്രിക്കപെട്ട ആശുപത്രികളിലെതുപോലെയാണ്. 10 നാനോ മീറ്ററോളം വലിപ്പമുള്ള വസ്തുക്കളെ ഇവ ഫിൽറ്റർ ചെയ്തു മാറ്റുമെന്നിരിക്കെ കോവിഡ് 19 വൈറസിന്റെ വലുപ്പം 125 നാനോമീറ്റർ ആണ്. ഇത്തരത്തിലുള്ള വായു ശുദ്ധീകരണ സംവിധാനം വായുവിലൂടെ രോഗം പകരുന്നത് പൂർണമായി തടയുന്നു.

എന്നാൽ രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അന്തരീക്ഷത്തിൽ എത്തിയ അണുക്കൾ ശുദ്ധീകരിക്കപ്പെടുന്ന തിനുമുന്പ് മറ്റൊരാൾ ശ്വസിച്ചാൽ അപകടമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അതേസമയം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായയും മൂക്കും മറക്കുന്നതും ക്യാബിൻ വൃത്തിയാക്കുന്നതും തുടങ്ങി ഏതാനും കാര്യങ്ങൾ ശ്രദ്ധിച്ചാൽ കോവിഡ് മുക്ത വിമാനയാത്രകൾ സാധ്യമാകും.

Copyright © . All rights reserved