Videsham

ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിന് ശേഷം പ്രൊഫൈല്‍ സെക്യൂരിറ്റി ചെക്ക് ചെയ്യാന്‍ ബെസ്റ്റ് ഫ്രണ്ട് ഫോറെവര്‍ BFF എന്ന് ടെപ്പ് ചെയ്താല്‍ മതിയെന്ന് വാര്‍ത്ത വ്യാജമെന്ന് സ്ഥിരീകരണം. അത്തരമൊരു സംവിധാനം ഫെയ്‌സ്ബുക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ലോകത്തെമ്പാടുമുള്ള ഫെയിസ്ബുക്ക് ഉപഭോക്താക്കളെ പരിഭ്രാന്തിയിലാഴ്ത്തിയാണ് ഡാറ്റ ബ്രീച്ചുണ്ടായ വാര്‍ത്തകള്‍ പുറത്ത് വന്നത്. തങ്ങലുടെ പ്രൊഫൈല്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോയെന്ന് എങ്ങനെ മനസ്സിലാക്കാമെന്നതായിരുന്നു ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ സംഭവത്തിന് ശേഷം ഫെയിസ്ബുക്ക് അധികൃതരോട് ചോദിച്ച് സംശയങ്ങളിലൊന്ന്. ഡാറ്റ ബ്രീച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷവും പലവിധങ്ങളായ വ്യാജ വാര്‍ത്തകള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയാണ് ‘BFF’ എന്നു ടൈപ്പ് ചെയ്ത് പ്രൈഫല്‍ സെക്യൂരിറ്റി ചെക്ക് ചെയ്യാമെന്നത്.

ബ്രിട്ടിഷ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്ക ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ത്തിയതുമായി സംഭവത്തെ തുടര്‍ന്ന് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് വേരിഫൈ ചെയ്യാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഏര്‍പ്പെടുത്തിയ സംവിധാനമാണ് BFF എന്നായിരുന്നു പ്രചരണം. ഫേസ്ബുക്ക് കമന്റായി BFF എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ പച്ചനിറം കൈവരുകയാണെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണെന്നും മറിച്ചാണെങ്കില്‍ ഹാക്ക് ചെയ്യപ്പെട്ടതായി കണക്കാക്കി ഉടന്‍ പാസ്‌വേര്‍ഡ് മാറ്റണമെന്നും വാര്‍ത്ത പ്രചരിച്ചു. ഇതോടെ ലക്ഷക്കണക്കിന് ആളുകളാണ് BFF എന്ന് ടൈപ്പ് ചെയ്ത് സെക്യൂരിറ്റി ചെക്ക് നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇത്തരം അക്ഷരങ്ങളുടെ കളര്‍ വ്യത്യാസം ഫേസ്ബുക്കിന്റെ ഒരൂ ഫീച്ചറാണ്. ടെക്സ്റ്റ് ഡിലൈറ്റ് അനിമേഷന്‍സ് എന്നാണ് ഇവയെ വിളിക്കുന്നത്. ചില പ്രത്യേക ടെക്‌സ്റ്റുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ കളര്‍ വ്യത്യാസം ഉണ്ടാകുകയും അനിമേഷന്‍ ടെക്സ്റ്റായി മാറുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി.

ഫേസ്ബുക്കിന്റെ ഏറ്റവും അപ്‌ഡേറ്റഡ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമെ ടെക്സ്റ്റ് ഡിലൈറ്റ് അനിമേഷന്‍ സംവിധാനം ലഭ്യമാകുകയുള്ളു. പഴയ ആപ്ലിക്കേഷനുകളിലും ബ്രൗസറുകളിലും ഈ സൗകര്യം ലഭ്യമല്ല. മലയാളത്തില്‍ അഭിനന്ദനങ്ങള്‍ എന്ന് ടൈപ്പ് ചെയ്താല്‍ ടെക്സ്റ്റിലെ കളറില്‍ വ്യത്യാസമുണ്ടാകുന്നത് സമാന അനിമേഷന്‍ സിസ്റ്റത്തിന്റെ ഭാഗമായിട്ടാണ്. വ്യാജ വാര്‍ത്ത നിരവധി ഉപഭോക്താക്കളെയാണ് കബളിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും ഫേസ്ബുക്ക് അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ മാറ്റുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തും. അതേസമയം കേംബ്രിജ് അനലിറ്റിക്കയെന്ന ബ്രിട്ടിഷ് കമ്പനി ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഫെയ്സ്ബുക്ക് രംഗത്ത് വന്നിട്ടുണ്ട്. സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വിഷയത്തില്‍ ഉപഭോക്താക്കളോട് മാപ്പ് അപേക്ഷിക്കുകയും ഭാവിയില്‍ ഇത്തരം സെക്യൂരിറ്റി ബ്രീച്ചുണ്ടാകുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്താമാക്കിയിട്ടുണ്ട്.

മെയ് 19ന് നടക്കാനിരിക്കുന്ന ഹാരി രാജകുമാരന്റെയും മെഗാന്‍ മാര്‍ക്കലിന്റെയും വിവാഹത്തേക്കുറിച്ച് ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറയാന്‍ തുടങ്ങി. വിവാഹ നിശ്ചയം മുതലേ ഇവര്‍ വാര്‍ത്താതാരങ്ങളാണെങ്കിലും വിവാഹത്തിന്റെ തിയതി അടുത്തതോടെ തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ വാര്‍ത്തകളാകുന്നത്. ഹാരി രാജകുമാരന്‍ തന്റെ മൂന്ന് മുന്‍ കാമുകിമാരെ വിവാഹത്തിന് ക്ഷണിച്ചുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. സെന്റ് ജോര്‍ജ് ചാപ്പലില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പുറത്തു നിന്ന് 2640 പേരെയാണ് ക്ഷണിച്ചിരിക്കുന്നത്.

അവരില്‍ എല്ലി ഗോള്‍ഡിംഗ്, ചെല്‍സി ഡേവി, ക്രെസിഡ ബോണാസ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാണത്രേ. ചാപ്പലിനുള്ളില്‍ വിവാഹച്ചടങ്ങുകളില്‍ ഇവര്‍ക്ക് പങ്കെടുക്കാനാകും. മൂന്ന് പൂര്‍വ കാമുകിമാരെയും കഴിഞ്ഞ മാസം തന്നെ ഹാരി ക്ഷണിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ക്ഷണത്തിന് മെഗാന്‍ മാര്‍ക്കല്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ശ്രുതിയുണ്ട്. ഇവരില്‍ എല്ലി ഗോള്‍ഡിംഗായിരുന്നു ഹാരിയുടെ ഏറ്റവുമൊടുവിലെ കാമുകി. ഹാരിയില്‍ നിന്ന് ഗര്‍ഭിണിയായിട്ടില്ലെന്ന് ലൈവ് ടിവി ഷോയില്‍ പ്രഖ്യാപിക്കേണ്ട ഗതികേടുപോലും ഇവര്‍ക്ക് ഉണ്ടായിട്ടുണ്ട്. മൂന്ന് പേര്‍ക്കും ക്ഷണക്കത്ത് തപാലില്‍ അയച്ചിട്ടുണ്ടെന്നാണ് വാര്‍ത്ത.

2011 ഏപ്രിലില്‍ വില്യം രാജകുമാരന്റെ വിവാഹത്തിന് ഗായകസംഘത്തില്‍ അംഗമായിരുന്നു എല്ലി. അതുകൊണ്ട് രാജവിവാഹത്തിന്റെ ചിട്ടകളേക്കുറിച്ച് എല്ലിക്ക് ധാരണയുണ്ടെന്നും മാധ്യമങ്ങള്‍ പറയുന്നു. എല്ലിയുടെ കാമുകന്‍ കാസ്പര്‍ ജോപ്ലിംഗിനും ഹാരിയുടെ വിവാഹക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്. ഹാരിയും വില്യമും പഠിച്ച എറ്റോണ്‍ കോളേജിലാണ് ഇയാളും പഠിച്ചത്.

മലയാളിയെ ഇബ്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പാടൂര്‍ സ്വദേശി മനാഫിനെ (46) ഇന്നലെ ഉച്ചയോടെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇബ്രി സൂഖിലെ ജോലിക്കാരനായിരുന്നു. തലവേദന മൂലം ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. ഉച്ചക്ക് ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

വെല്ലിങ്ടന്‍: മലയാളിയായ സാജു ചെറിയാന്‍ ജസ്റ്റിസ് ഓഫ് ദി പീസ് ഫോര്‍ ന്യൂസിലാന്‍ഡ് ആയി നിയമിക്കപ്പെട്ടു. ആദ്യമായാണ് ഒരു മലയാളി ജസ്റ്റിസ് ഓഫ് ദി പീസ് ആയി നിയമിക്കപ്പെടുന്നത്. 2016 ല്‍ പാല്‍മെര്‍സ്റ്റോണ്‍ നോര്‍ത്ത് എംപിയും ഇപ്പോഴത്തെ ഇമ്മിഗ്രേഷന്‍ മിനിസ്റ്ററും ആയ ശ്രീ ഇയാന്‍ലീ ഗല്ലോവേ ആണ് ശ്രീ സാജു ചെറിയാനെ ജസ്റ്റിസ് ഓഫ് പീസ് ആയി നാമനിര്‍ദേശം ചെയ്തത്. പിന്നീട് പല ഘട്ടങ്ങളായുള്ള ഇന്റര്‍വ്യൂകളും പരീക്ഷകളും കഴിഞ്ഞാണ് ന്യൂസിലാന്‍ഡ് ഗവണ്‍ന്മെന്റ് നിയമനം അംഗീകരിച്ചു ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചു.

ഏകദേശം രണ്ടു വര്‍ഷത്തോളമായി നടക്കുന്ന പലവിധത്തിലുള്ള പരിശീലനങ്ങള്‍ക്കും പരീക്ഷകള്‍ക്കും ഒടുവില്‍ 2017 ഡിസംബറില്‍ ആണു ന്യൂസിലന്‍ഡ് ഗവര്‍ണര്‍ സാജു ചെറിയാന്റെ നിയമനം അംഗീകരിച്ചു ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. മാര്‍ച്ച് 27 നു പാല്‍മെര്‍സ്റ്റോണ്‍ നോര്‍ത്ത് ഡിസ്ട്രിക്ട് കോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേല്‍ക്കും.

എറണാകുളം, അങ്കമാലി മഞ്ഞപ്ര സ്വദേശിയായ സാജു ചെറിയാന്‍ 2008ല്‍ ആണ് ന്യൂസിലന്‍ഡില്‍ എത്തുന്നത്. എക്കണോമിക്‌സില്‍ ബിരുദാനദര ബിരുദവും മെറ്റീരിയല്‍സ് മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമയും ഉള്ള സാജു ചെറിയാന്‍ ന്യൂസിലാന്‍ഡില്‍ എത്തിയശേഷം ജനറല്‍ നഴ്‌സിങ്ങില്‍ ബിരുദവും സൈക്ക്യാട്രിക് നഴ്‌സിങ്ങില്‍ പിജിയും ചെയ്തതിനുശേഷം മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് ആയി ജോലി ചെയ്തു വരുകയായിരുന്നു.

പാല്‍മെര്‍സ്റ്റോണ്‍ നോര്‍ത്ത് കേരള അസോസിയേഷന്‍ പ്രസിഡണ്ടായും, കാത്തോലിക് കമ്മ്യൂണിറ്റിയുടെ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുള്ള സാജു ചെറിയാന്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്നു. തിരുവനന്തപുരം കവടിയാര്‍ ശ്രീവിലാസം ലൈനില്‍ എബ്രാഹത്തിന്റെയും വത്സയുടെയും മകളായ നിത എബ്രഹാം ആണ് ഭാര്യ. മക്കള്‍ ഐറീന്‍ മരിയ സാജു(11), ആല്‍ഫ്രഡ് ഇമ്മാനുവല്‍ സാജു(8).

സാലിസ്ബറി ആക്രമണത്തേത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ബ്രിട്ടന് നയതന്ത്ര വിജയം. റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ നെര്‍വ് ഏജന്റ് ആക്രമണത്തിന് പിന്നില്‍ റഷ്യയാകാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ സ്ഥിരീകരിച്ചു. യുകെയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. ഇതിന്റെയടിസ്ഥാനത്തില്‍ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന സൂചനയും നല്‍കി. ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയിക്കുന്നവരെയാണ് പുറത്താക്കുന്നത്. ഫ്രാന്‍സ്, ലിത്വാനിയ, പോളണ്ട് എന്നിവയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളാണ് ഈ സൂചന നല്‍കിയിരിക്കുന്നത്.

28 യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്ര നേതാക്കള്‍ സാലിസ്ബറി ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന് കരുതുന്നതായി വ്യക്തമാക്കിയെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിക്കുകയായിരുന്നു. റഷ്യ യുകെയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും ഒരു ദീര്‍ഘകാല ഭീഷണിയായി മാറിയിരിക്കുകയാണെന്നും റഷ്യക്കെതിരെ നടപടിയെടുക്കാന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ തയ്യാറാകണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ നേതാക്കള്‍ പങ്കെടുത്ത ഒരു അത്താഴ വിരുന്നില്‍വെച്ച് ആവശ്യപ്പെട്ടിരുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ എന്നിവരുമായി സംസാരിച്ചതിനു ശേഷം ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ റഷ്യക്കെതിരായ നടപടിയെക്കുറിച്ച് സൂചന നല്‍കി. റഷ്യക്ക് ശക്തമായ ഒരു യൂറോപ്യന്‍ യൂണിയന്‍ സന്ദേശം നല്‍കുന്ന കാര്യത്തിലും ഈ നേതാക്കള്‍ അഭിപ്രായ ഐക്യത്തിലെത്തിയിട്ടുണ്ട്. റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് ലിത്വാനിയന്‍ പ്രസിഡന്റ് ഡാലിയ ഗ്രൈബോസ്‌കൈറ്റും വ്യക്തമാക്കി. വിഷയത്തില്‍ യുകെയ്ക്ക് ഒപ്പം നില്‍ക്കുമെന്ന് യൂറോപ്യന്‍ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഇത് തെരേസ മേയ് നേടിയ വന്‍ നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വണ്ണമുള്ള സ്ത്രീയായി മാറണമെന്ന് ആഗ്രഹിച്ചിരുന്ന മോണിക്ക റൈലിയുടെ ജീവിതം പെട്ടന്നാണ് മാറി മറിഞ്ഞത്. 29 കാരിയായ മോണിക്ക ദിവസവും ഏതാണ്ട് 10,000 കലോറി അടങ്ങിയ ഭക്ഷണ പദാര്‍ഥമാണ് കഴിച്ചിരുന്നത്. ഗണ്യമായ അളവില്‍ കലോറികള്‍ അടങ്ങിയിരുന്ന ഭക്ഷണവും മില്‍ക്ക് ഷെയ്ക്കുമായിരുന്നു റൈലിയുടെ ഇഷ്ട വിഭവങ്ങള്‍. ഇത്രയും ആഹാരം കഴിക്കുന്ന റൈലിയുടെ ശരീരം ദിനംപ്രതി വീര്‍ത്തു വരികയും ചെയ്തിരുന്നു. സന്തുഷ്ടമായ കുടുംബ ജീവിതം നയിച്ചിരുന്ന റൈലിയുടെ ഭക്ഷണ ശീലത്തില്‍ മാറ്റം വരുന്നത് 2017ലാണ്. റൈലി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷത്തിലാണ് താനിതു വരെ തുടര്‍ന്നു വന്ന ഭക്ഷണ രീതികളും ജീവിത ശൈലിയും മാറ്റാന്‍ റൈലി തീരുമാനിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ജീവിതത്തില്‍ ചിട്ടയായ ഭക്ഷണ ശീലം കൊണ്ടുവന്നേ മതിയാകുവെന്നുള്ള റൈലിയുടെ തിരിച്ചറിവായിരുന്ന ആ മാറ്റത്തിന് പിന്നില്‍.

ഗര്‍ഭിണിയാണ് എന്ന സത്യം വലിയ ഞെട്ടലാണ് എന്നിലുണ്ടാക്കിയത്. മുന്‍പ് രണ്ട് തവണ മിസ്‌കാര്യേജ് ഉണ്ടായിട്ടുള്ളതുകൊണ്ട് എനിക്ക് ഉള്ളില്‍ ഭയമുണ്ടായിരുന്നു. കുട്ടി ഗര്‍ഭപാത്രത്തിലിരിക്കുന്ന ആദ്യ ചിത്രം കണ്ടതുമുതല്‍ എന്നില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. അതൊരു അദ്ഭുതമായിട്ടാണ് എനിക്ക് തോന്നിയത്. കുട്ടിയുടെ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാകുമെന്ന് എനിക്ക് എപ്പോഴും ഭയമുണ്ടായിരുന്നു. സന്തോഷിക്കാന്‍ ഞാന്‍ മടികാണിച്ച സമയങ്ങളാണവയെന്നും റൈലി പറയുന്നു. റൈലിയുടെ ജീവിതത്തില്‍ രണ്ട് തവണ ഗര്‍ഭിണിയായതിന് ശേഷം കുട്ടിയെ നഷ്ട്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ വളരെ നിര്‍ണായക ഘട്ടത്തിലൂടെയായിരുന്നു ആ സമയത്ത് അവര്‍ സഞ്ചരിച്ചിരുന്നത്. ഡയറ്റില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ കൊണ്ടു വരികയും ചെറിയ വര്‍ക്ക്ഔട്ടുകള്‍ ശീലമാക്കുകയും ചെയ്ത റൈലി ശരീരഭാരം പതുക്കെ കുറച്ചുകൊണ്ടു വന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം 700 പൗണ്ട് ഭാരമുണ്ടായിരുന്ന റൈലി 520 പൗണ്ടിലേക്ക് എത്തിച്ചേര്‍ന്നു. നിലവില്‍ അത് വീണ്ടും കുറഞ്ഞ് 465പൗണ്ടിലെത്തിയിട്ടുണ്ട്.


മാസം തികയുന്നതിന് മുന്‍പ് റൈലിക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. പിറന്നയുടനെ കുഞ്ഞിനെ നോക്കി ഞാന്‍ കരയുകയായിരുന്നു റൈലി പറഞ്ഞു. സ്വന്തമായി ശ്വാസിക്കാനാകാതിരുന്ന കുട്ടി ആദ്യം വെന്റിലേറ്ററിലായിരുന്നു. പക്ഷേ പിന്നീട് കാര്യങ്ങള്‍ സാധാരണ ഗതിയിലായി. ഹൃദയത്തില്‍ നാല് ദ്വാരങ്ങളുമായി ജനിച്ച റൈലിയുടെ മകള്‍ ഇതുവരെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയമായിട്ടുണ്ട്. ഇനി ഒരെണ്ണം കൂടി ബാക്കിയുണ്ട്. ശരീര ഭാരം വളരെ കൂറവായിരുന്ന കുട്ടി നിരവധി ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നു. സമ്മര്‍ദ്ദങ്ങളിലൂടെയും പ്രതിസന്ധി ഘട്ടങ്ങളിലൂടെയും കടന്നു പോയെങ്കിലും അവസാനം റൈലിയും മകളും വീട്ടിലേക്ക് ആരോഗ്യത്തോടെ തിരികെയെത്തി. തന്റെ വണ്ണമുള്ള കൂട്ടുകാര്‍ക്ക് ഇപ്പോള്‍ തന്നോടുള്ള ചങ്ങാത്തത്തില്‍ മാറ്റം വന്നതായി റൈലി പറയുന്നു. ഞാന്‍ ശരീരഭാരം കുറയ്ക്കാന്‍ തുടങ്ങിയതിനു ശേഷമാണ് അത്തരത്തിലുള്ള പ്രതികരണം അവരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും റൈലി കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധികളില്‍ തളരാതെ റൈലിയുടെ ജീവിതം വീണ്ടും മുന്നോട്ട് തന്നെ പോയ്‌ക്കൊണ്ടിരിക്കുകയാണ്.

ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം കുറ്റിപ്പുറം കാലടിയിലെ കീഴാപ്പാട് വീട്ടില്‍ മൊയ്തീന്‍ ഇപ്പോള്‍ നാട്ടില്‍ താരമാണ്. മറ്റൊന്നുമല്ല മൊയ്തീന്റെ ക്ഷണ പ്രകാരം മകളുടെ കല്യാണത്തിന് സ്ഥാനമാനങ്ങള്‍ നോക്കാതെ ദുബായിലെ ഒരു സംഘം യുവാക്കളാണ് എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട വീട്ടു ഡ്രൈവര്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകളുടെ കല്യാണത്തിന് ആശംസകള്‍ നേരുകയും വീട്ടുകാരുടെ സന്തോഷത്തില്‍ പങ്കുകെള്ളുകയും ചെയ്ത്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു സംഘത്തിന്റെ മടക്കം.

ദുബായ് ഹുസൈന ഒന്നിലെ സ്വദേശിയായ അബ്ദു റഹ്മമാന്‍ ഉബൈദ് അബു അല്‍ ഷുവാര്‍വിന്റെ വീട്ടില്‍ 26 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുകയാണ് മൊയ്തീന്‍. അബ്ദു റഹ്മാന്റെ മകനും ഏഴ് സുഹൃത്തുക്കളുമാണ് വിവാഹത്തിന് എത്തിയത്. നവ വധുവിനും വരനും സമ്മാനവും നല്‍കിയാണ് ഇവര്‍ പിരിഞ്ഞത്.

ദുബായില്‍ പാചകക്കാരനായിട്ടായിരുന്നു മൊയ്തീന്‍ എത്തിയത്. 26 വര്‍ഷമായി ഇവിടെ തന്നെ ജോലി ചെയ്യുന്ന ഇദ്ദേഹം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഡ്രൈവിങ് ലൈസന്‍സ് എടുത്തു ഡ്രൈവറായി ജോലി ചെയ്തുതുടങ്ങിയത്. അര്‍ബാബിന്റെ മജ്ലിസില്‍ എത്തുന്ന അതിഥികളെ സ്വീകരിക്കുകയും അവര്‍ക്കുള്ള ഭക്ഷണവും മറ്റും നല്‍കുന്നതുമെല്ലാം ഇദ്ദേഹമായിരുന്നു.

മജ് ലിസ് എന്നറിയപ്പെടുന്ന സ്വീകരണ മുറിയില്‍ സ്‌പോണ്‍സറുടെ മകന്റെ കൂട്ടുകാരും പതിവായി എത്താറുണ്ടായിരുന്നു. യുഎഇയിലെ വിവിധ ഗവണ്മെന്റ് ഓഫീസുകളില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്നവരാണ് ഇവര്‍. അവരുമായും നല്ല ആത്മബന്ധമാണ് മൊയ്തീന്. വിവാഹത്തിനെത്തിയ അതിഥികള്‍ വിവിധ വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് യുഎഇ യിലേക്ക് മടങ്ങിയത്.

നാലുവര്‍ഷം മുന്‍പ് 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം സംബന്ധിച്ചു നടുക്കുന്ന വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ എന്‍ജിനീയര്‍. മൗറീഷ്യസിനു സമീപത്തുനിന്നു തകര്‍ന്ന എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട പീറ്റര്‍ മക്മഹന്‍ എന്ന മെക്കാനിക്കല്‍ എന്‍ജിനീയര്‍, വിമാനഭാഗങ്ങളില്‍ വെടിയുണ്ടകള്‍ കടന്നുപോയ ഒട്ടേറെ തുളകളുണ്ടെന്നു പറയുന്നു.

കാല്‍നൂറ്റാണ്ടായി വിമാനദുരന്തങ്ങള്‍ സംബന്ധിച്ചു ഗവേഷണം നടത്തുന്നയാളാണു മക്മഹന്‍. തന്റെ കണ്ടെത്തലുകള്‍ ഓസ്‌ട്രേലിയന്‍ ഗതാഗത, സുരക്ഷാ ബ്യൂറോയ്ക്കു കൈമാറിയതായി മക്മഹന്‍ പറഞ്ഞു. മൗറീഷ്യസിനു വടക്ക് റൗണ്ട് ഐലന്‍ഡിനു സമീപത്താണു മക്മഹന്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രാജ്യാന്തര അന്വേഷണ സംഘങ്ങള്‍ പരിശോധിക്കാതിരുന്ന മേഖലയാണിത്.

2014 മാര്‍ച്ച് എട്ടിനാണു ക്വാലലംപുരില്‍നിന്നു ബെയ്ജിങ്ങിലേക്കു പുറപ്പെട്ട എംഎച്ച് 370 ബോയിങ് വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍വച്ചു കാണാതായത്. നാലുവര്‍ഷമായി നടക്കുന്ന അന്വേഷണങ്ങളില്‍ വിമാനത്തിന്റേതെന്നു കരുതുന്ന ചില ഭാഗങ്ങള്‍ പലയിടങ്ങളില്‍നിന്നു കണ്ടെത്തിയിരുന്നു.

വിമാനം കടലില്‍ തകര്‍ന്നുവീണുവെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും അതിനു കാരണമെന്ത് എന്നതിനെക്കുറിച്ച് ഇക്കാലമത്രയും സൂചനകളില്ലായിരുന്നു. ആദ്യമായാണ് വിമാനം വെടിവച്ചു വീഴ്ത്തിയതാകാമെന്ന മട്ടിലുള്ള തെളിവുകളുമായി ഒരാള്‍ രംഗത്തുവരുന്നത്.

കഴിഞ്ഞ വര്‍ഷം, അമേരിക്കക്കാരനായ സ്വതന്ത്രാന്വേഷകന്‍ ബ്ലെയ്ന്‍ ഗിബ്‌സണ്‍ മഡഗാസ്‌കര്‍ തീരത്ത് അവശിഷ്ട ഭാഗങ്ങള്‍ കണ്ടെത്തിയെന്നും വിമാനഭാഗങ്ങള്‍ കത്തിനശിച്ച നിലയിലാണെന്നും വെളിപ്പെടുത്തിയിരുന്നു. വിമാനത്തിന്റെ ഭാഗങ്ങള്‍ കടലില്‍ പല ഭാഗങ്ങളിലേക്ക് ഒഴുകിപ്പോയിരിക്കുമെന്നാണു കണക്കുകൂട്ടല്‍.

കെനിയയിന്‍ പ്രദേശങ്ങളില്‍ രൂപപ്പെട്ട വലിയ വിള്ളല്‍ ആഫ്രിക്കന്‍ ഭൂകണ്ഡം രണ്ടായി പിളര്‍ന്നു മാറുന്നതിന്റെ സൂചനകളൊന്ന് വിദഗ്ദ്ധര്‍. കഴിഞ്ഞ ദിവസമാണ് കെനിയയിലെ പ്രധാന നഗരങ്ങിലൊന്നായ നരോക്കില്‍ ഭൂമിയെ രണ്ടായി പിളര്‍ന്നുകൊണ്ട് വലിയ ഗര്‍ത്തമാണ് രൂപപ്പെത്. ഏതാണ്ട് 50 അടി ആഴത്തിലും 20 മീറ്റര്‍ വീതിയിലുമാണ് ഇവിടെ ഭൂമി പിളര്‍ന്നിരിക്കുന്നത്.

ആഫ്രിക്കന്‍ ഭൂഖണ്ഡം പിളരാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂമിയില്‍ ഉണ്ടായിരിക്കുന്ന വിള്ളല്‍ വരും ദിവസങ്ങളില്‍ വ്യാപിക്കുമോയെന്ന് നിരീക്ഷിച്ച ശേഷമെ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു. സംഭവ സ്ഥലം വിദഗ്ദ്ധരടങ്ങിയ സംഘം സന്ദര്‍ശിക്കാനിരിക്കിയാണ്.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിള്ളല്‍ വ്യാപിക്കുകയാണെങ്കില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും കെനിയയും സൊമാലിയയും താന്‍സാനിയയും പിളര്‍ന്ന് മാറും. നരോക്കിലെ പ്രതിഭാസത്തെ തുടര്‍ന്ന് പ്രദേശത്തെ ഗതാഗത സംവിധാനങ്ങള്‍ താറുമാറിയിരിക്കുകയാണ്. ഗര്‍ത്തം മണ്ണിട്ട് മൂടി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

വീഡിയോ കാണാം.

അന്ധതയ്ക്ക് ഫലപ്രദമായ ചികിത്സ വരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ അന്ധത പൂര്‍ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയുന്ന തരത്തില്‍ ശാസ്ത്രം വളരുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തില്‍ സ്റ്റെം സെല്‍ തെറാപ്പിയിലൂടെ ചികിത്സ നടത്തിയ രണ്ട് പേരില്‍ ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇവര്‍ക്ക് വായിക്കാനുള്ള ശേഷി തിരികെ ലഭിച്ചതായും വിദഗ്ദ്ധര്‍ പറയുന്നു. പ്രായാധിക്യം മൂലം കണ്ണിന്റെ കാഴ്ച്ച ശക്തി നശിച്ചുകൊണ്ടിരുന്ന (എയ്ജ് റിലേറ്റഡ് മാക്യൂലാര്‍ ഡീജെനറേഷന്‍, എഎംഡി) രോഗികളാണ് ഇപ്പോള്‍ തെറാപ്പി നടത്തിയ രണ്ട് പേര്‍. ഇവരുടെ കാഴ്ച്ച പൂര്‍ണമായും നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. വായിക്കാനും ആളുകളെ തിരിച്ചറിയാനുമുള്ള ഇവരുടെ കഴിവ് കുറയുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ണിന് നാശം സംഭവിച്ചിരിക്കുന്ന ഭാഗങ്ങള്‍ മൂലകോശ ചികിത്സയിലൂടെ തിരികെ കൊണ്ടുവരാനും ഇവരുടെ അന്ധതയ്ക്ക് പരിഹാരം കാണാനും കഴിഞ്ഞുവെന്ന് ഇവരെ ചികിത്സിച്ച സര്‍ജന്‍ പറയുന്നു. ഇപ്പോള്‍ വായിക്കാന്‍ മാത്രമല്ല കൃത്യമായ കാഴ്ചയും ഇവര്‍ക്ക് തിരികെ ലഭിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

പ്രായാധിക്യം മൂലം നേത്ര കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും അതുവഴി കാഴ്ചശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന 600,000 മുതല്‍ 700,000 പേര്‍ യുകെയില്‍ മാത്രമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഭാവിയില്‍ പുതിയ ചികിത്സാ സംവിധാനം നിലവില്‍ വരുന്നതോടെ ഇവരെ സഹായിക്കാനാകുമെന്നാണ് ശാസ്ത്ര ലോകം വിശ്വസിക്കുന്നത്. മൂര്‍ഫീല്‍ഡ് ഐ ഹോസ്പിറ്റല്‍ നേത്ര സര്‍ജനായ ലിന്‍ഡന്‍ ഡ ക്രൂസ്, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസര്‍ പീറ്റ് കോഫി എന്നിവര്‍ ലണ്ടന്‍ പ്രോജക്ട് ഓഫ് ക്യുവര്‍ ബ്ലൈന്‍ഡ്‌നസ് എന്ന പ്രോജക്ടിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് സുപ്രധാന വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. മാക്യുലയിലെ റെറ്റിനല്‍ പിഗ്മെന്റ് എപ്പിത്തേലിയല്‍ കോശങ്ങളാണ് (ആര്‍പിഇ) പ്രകാശ സംവേദന കോശങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നത്. ആര്‍പിഇയുടെ സഹായമില്ലെങ്കില്‍ ഈ ഫോട്ടോറിസപ്റ്റര്‍ കോശങ്ങള്‍ നശിക്കും.

നേത്രഗോളത്തിലെ രക്തക്കുഴലുകള്‍ പൊട്ടുന്നത് മൂലം മാക്യുല നശിക്കുന്ന വെറ്റ് എഎംഡി രോഗമുള്ള പത്ത് പേരിലാണ് പുതിയ ചികിത്സ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇവരില്‍ 60കാരിയായ ഒരു സ്ത്രീക്കും 86കാരനായ പുരുഷനുമാണ് ആദ്യം ചികിത്സ നടത്തിയത്. കണ്ണുകളിലെ രക്തസ്രാവം മൂലം ഒന്നര മാസത്തിനുള്ളില്‍ അന്ധതയുണ്ടാകാന്‍ സാധ്യതുണ്ടായിരുന്ന ഇവരുടെ ഒരു കണ്ണിനുള്ളില്‍ ആര്‍പിഇ ആയി മാറാന്‍ കഴിയുന്ന മൂലകോശങ്ങളുടെ ഒരു പാളി സ്ഥാപിച്ചു. ഇരുവരിലുമുണ്ടായ മാറ്റം അദ്ഭുതകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ക്രോയ്‌ഡോണ്‍ സ്വദേശിയായ 86 കാരനില്‍ ഡോക്ടര്‍മാര്‍ക്ക് കാര്യമായ പ്രതീക്ഷയുണ്ടായിരുന്നില്ല. ഇപ്പോള്‍ പത്രം വായിക്കാനും ഗാര്‍ഡനിംഗില്‍ ഭാര്യയെ സഹായിക്കാനും തനിക്ക് കഴിയുന്നുണ്ടെന്ന് ഇയാള്‍ പറയുന്നു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ ചികിത്സ എന്‍എച്ച്എസ് സര്‍ജന്‍മാര്‍ക്ക് നടത്താവുന്ന വിധത്തിലാക്കാന്‍ കഴിയുമെന്ന് കോഫി പറയുന്നു. ഇപ്പോള്‍ 10 ശതമാനം വെറ്റ് എഎംഡി രോഗികളിലാണ് ചികിത്സ ഫലപ്രദമായി നടപ്പാക്കാനാകുന്നത്. ഡ്രൈ എഎംഡി വളരെ സാവധാനത്തിലാണ് രോഗികളില്‍ രൂപപ്പെടുന്നത്. ഇവരിലും മൂലകോശ ചികിത്സ ഫലം ചെയ്യുമെന്ന് തന്നെയാണ് ഇവര്‍ കരുതുന്നത്. തിമിര ശസ്ത്രക്രിയ പോലെ ചെലവ് കുറഞ്ഞ രീതിയിലേക്ക് ഈ ചികിത്സയും കുറച്ചു കാലത്തിനുള്ളില്‍ മാറ്റാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. കാഴ്ചയുടെ ലോകത്തുനിന്ന് പൂര്‍ണ്ണമായ അന്ധകാരത്തിലേക്ക് പോയ ലക്ഷങ്ങള്‍ക്ക് അതിലൂടെ പ്രതീക്ഷയുടെ വെളിച്ചമാകാന്‍ ഇതിന് കഴിയുമെന്നും ഇവര്‍ പ്രത്യാശിക്കുന്നു.

RECENT POSTS
Copyright © . All rights reserved