Videsham

ന്യൂസ് ഡെസ്ക്.

ബ്രിട്ടൺ തണുത്തുറയുമ്പോൾ ഓസ്ട്രേലിയ ചൂടിൽ ഉരുകുകയാണ്. ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഇന്നലെ 47 ഡിഗ്രി ആയിരുന്നു താപനില. 1939 നുശേഷം റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും കൂടിയ ചൂടാണ് സിഡ്‌നിയിൽ അനുഭവപ്പെട്ടത്. അർദ്ധനഗ്നരായും ബിക്കിനിയിലും ജനങ്ങൾ ബീച്ചുകളിൽ തടിച്ചു കൂടി. സൂര്യസ്നാനം നടത്തിയും തിരകളിൽ കളിച്ചുല്ലസിച്ചും കുട്ടികളും മുതിർന്നവരും ചൂട് ആഘോഷിക്കുകയാണ്. സൺ ക്രീം ഉപയോഗിക്കണമെന്ന് ജനങ്ങളോട് ഓസ്ട്രേലിയൻ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

താപനില കൂടുതൽ ഉയരുന്നതോടെ കാട്ടുതീ പൊട്ടിപ്പുറപ്പെടുമെന്ന എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സിഡ്നിയിലും പരിസരപ്രദേശങ്ങളിലും പൂർണമായും ഫയർബാൻ ഏർപ്പെടുത്തിയിരിക്കുകയാണ്. 56 മൈൽ വരെ വേഗതയിൽ കാറ്റുണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ പ്രവചിച്ചിട്ടുണ്ട്. ഹീറ്റ് സ്ട്രോക്ക്, ഓസോൺ രശ്മികൾ എന്നിവയിൽ നിന്ന് രക്ഷനേടാനുള്ള മുൻകരുതലുകൾ ജനങ്ങൾ സ്വയം സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ചൊവ്വാഴ്ച വരെയും നിലവിലെ കടുത്ത ചൂട് തുടരാനാണ് സാധ്യത.

ഞായറാഴ്ച രാത്രി ലോസ് ഏഞ്ചല്‌സി്ല്‍ നടന്ന എഴുപത്തി അഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ദാന ചടങ്ങില്‍ ഹോളിവുഡ് നടി ബ്ലാങ്ക ബ്ലാങ്കോയുടെ വസ്ത്രധാരണം വിവാദത്തില്‍. ചടങ്ങില്‍ പങ്കെടുക്കുന്ന താരങ്ങളും അണിയറ പ്രവര്‍ത്ത കരും എല്ലാം കറുത്ത വസ്ത്രം ധരിച്ച് വേണം ചടങ്ങില്‍ എത്താന്‍ എന്ന പൊതു ധാരണ തെറ്റിച്ച് ചുവന്ന വസ്ത്രം ധരിച്ച് ബ്ലാങ്കോ എത്തിയതാണ് മറ്റുള്ളവരെ ചൊടിപ്പിച്ചത്. ലോകമെമ്പാടും നടക്കുന്ന ലൈംഗിക അതിക്രമങ്ങളോട് ഉള്ള പ്രതിഷേധ സൂചകമായാണ് എല്ലാവരും കറുത്ത വസ്ത്രം ധരിച്ച് വരണമെന്ന തീരുമാനം എടുത്തത്.

സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അക്രമങ്ങളെ ചെറുക്കുന്നതിനും ഇരയാക്കപ്പെട്ടവര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിക്കാനുമായി അടുത്തിടെ ആരംഭിച്ച മീ ടൂ കാമ്പയിന്‍ പ്രമോട്ട് ചെയ്യുന്നതിനായി ആയിരുന്നു താരങ്ങള്‍ കറുത്ത വസ്ത്രം ധരിക്കാന്‍ തീരുമാനിച്ച് വന്നത്. എന്നാല്‍ ബ്ലാങ്കയുടെ ചതി അവരുടെ കണക്ക് കൂട്ടല്‍ തെറ്റിച്ചു. മറയ്‌ക്കേണ്ടതൊന്നും ശരിക്ക് മറയ്ക്കാതെ ചുവന്ന വസ്ത്രത്തില്‍ ബ്ലാങ്ക എത്തിയതോടെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. ഇത് മറ്റ് താരങ്ങള്ക്ക് പിടിച്ചില്ല.

നടി അലീസ മിലാനോ ആരംഭിച്ച മീ ടൂ ഹാഷ്ടാഗ് കാമ്പയിന്‍ ലോകവ്യാപകമായി സ്ത്രീകള്‍ ഏറ്റെടുത്തതോടെ വന്‍ വിജയമായി മാറിയിരുന്നു. ലോക പ്രശസ്തരായ താരങ്ങള്‍ ഉള്‌പ്പെതടെ മീ ടൂ ഹാഷ് ടാഗ് ഏറ്റെടുക്കുകയും തങ്ങളുടെ അനുഭാവവും പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇത് ലോകശ്രദ്ധ ആകര്ഷികച്ചിരുന്നു.

എന്നാല്‍ തനിക്ക് ചുവപ്പ് ഇഷ്ടമായതിനാല്‍ ആണ് ആ കളറിലുള്ള വസ്ത്രം തെരഞ്ഞെടുത്തത് എന്നും അതിന്‍റെ അര്‍ത്ഥം താന്‍ മീ ടൂ കാമ്പയിന് എതിരാണെന്നല്ല എന്ന് ബ്ലാങ്കോ പിന്നീടു വിശദീകരിച്ചു. കറുത്ത വസ്ത്രം ധരിച്ച് വന്ന മാറ്റ് താരങ്ങളുടെ തീരുമാനത്തെ താന്‍ മാനിക്കുന്നു എന്നും സ്ത്രീകളുടെ അവസ്ഥ തുറന്നു കാണിക്കുന്നതിന് അവര്‍ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്നും ബ്ലാങ്ക പറഞ്ഞു.

വത്തിക്കാന്‍: പൊതുസ്ഥലത്ത് വെച്ച് കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കകുന്നത് എന്തോ വലിയ കുറ്റമെന്ന് കരുതുന്ന പാശ്ചാത്യ ജനതയ്ക്ക് വ്യക്തമായ സന്ദേശം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. സിസ്റ്റൈന്‍ ചാപ്പലില്‍ കുട്ടികള്‍ക്ക് മാമോദീസ നല്‍കാനെത്തിയ അമ്മമാരോട് മുലപ്പാല്‍ നല്‍കുന്നതില്‍ മടി കാട്ടേണ്ടതില്ലെന്ന് മാര്‍പാപ്പ പറഞ്ഞു. ഞായറാഴ്ച മാമോദീസക്കായി 34 കുഞ്ഞുങ്ങളാണ് സിസ്‌റ്റൈന്‍ ചാപ്പലില്‍ എത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചടങ്ങുകള്‍ക്കിടയില്‍ കുഞ്ഞുങ്ങള്‍ക്ക് വിശക്കുകയാണെങ്കില്‍ മുലയൂട്ടാന്‍ മടിക്കരുതെന്നാണ് അമ്മമാരോട് പോപ്പ് പറഞ്ഞത്.

വിശന്നിട്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അസ്വസ്ഥത കൊണ്ടോ അവര്‍ കച്ചേരി (കരച്ചില്‍) ആരംഭിച്ചാല്‍ അവര്‍ക്ക് മുലയൂട്ടാന്‍ മടിക്കുകയോ പേടിക്കുകയോ ചെയ്യേണ്ടതില്ല. സ്‌നേഹത്തിന്റെ ഭാഷയാണ് അതെന്നും പോപ്പ് പറഞ്ഞു. 18 പെണ്‍കുഞ്ഞുങ്ങളെയും 16 ആണ്‍കുഞ്ഞുങ്ങളെയുമാണ് രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്ന ചടങ്ങില്‍ മാര്‍പാപ്പ മാമോദീസ നല്‍കിയത്. ഇവരില്‍ രണ്ട് ഇരട്ടക്കുട്ടികളും ഉണ്ടായിരുന്നു. 2017 ജനുവരിയില്‍ നടന്ന മാമോദീസ ചടങ്ങിലും സമാനമായ പരാമര്‍ശം മാര്‍പാപ്പ നടത്തിയിരുന്നു.

ചടങ്ങുകള്‍ക്കിടയില്‍ ഒരു മാതാവ് കുഞ്ഞിന് കുപ്പിപ്പാല്‍ നല്‍കുന്നത് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇപ്പോഴും പല രാജ്യങ്ങളിലും വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് പൊതുസ്ഥലത്ത് വെച്ച് മുലപ്പാല്‍ നല്‍കിയാല്‍ സ്ത്രീകള്‍ അധിക്ഷേപങ്ങള്‍ക്ക് വിധേയരാകാറുണ്ട്. വത്തിക്കാന്‍ ജീവനക്കാരുടെ കുട്ടികള്‍ക്കും റോം രൂപതയുടെ കീഴിലുള്ളവരുടെ കുട്ടികള്‍ക്കും മാത്രമാണ് പോപ്പ് മാമോദീസ നല്‍കാറുള്ളത്. ഇറ്റാലിയന്‍ തലസ്ഥാനമായ റോമിന്റെ ബിഷപ്പ് കൂടിയാണ് മാര്‍പാപ്പ.

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ടതില്‍ മടക്കിവിളിച്ച പലസ്തീന്‍ സ്ഥാനപതിയെ തിരികെ നിയമിച്ചതായി പാകിസ്താന്‍. പലസ്തീന്‍ സ്ഥാനപതി വാലിദ് അബു അലിയെ പാകിസ്താനില്‍ തന്നെ തിരികെ നിയമിച്ചതായി പാകിസ്താൻ ഉലേമ കൗൺസിൽ (പിയുസി) ചെയർമാൻ മൗലാനാ താഹിർ അഷ്റഫി  അറിയിച്ചതായാണ് റിപ്പോർട്ട്. വാലിദ് അബു അലിയെ പാകിസ്താനിലേക്ക് മടക്കി അയയ്ക്കണമെന്ന് താന്‍ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനോട് ആവശ്യപ്പെട്ടിരുന്നെന്നും അഷ്‌റഫി വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് അബു അലിയെ പുനര്‍നിയമിച്ച് മഹമ്മൂദ് അബ്ബാസ് ഉത്തരവിട്ടതെന്നാണ് അവകാശവാദം. ബുധനാഴ്ച വീണ്ടും വാലിദ് അബു അലി പാകിസ്താനിലെ പലസ്തീന്‍ കാര്യാലയത്തിലെത്തി ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

റാവല്‍പിണ്ടിയില്‍ സംഘടിപ്പിച്ച സയീദിന്റെ റാലിയില്‍ വാലിദ് അബു അലി പങ്കെടുത്തതില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് പലസ്തീന്‍ തങ്ങളുടെ പാക്ക് സ്ഥാനപതിയെ പിന്‍വലിച്ചത്. സംഭവത്തില്‍ അതീവ ഖേദം പ്രകടിപ്പിച്ച പലസ്തീന്‍, ഇന്ത്യയുടെ പ്രതികരണം വന്നു മണിക്കൂറുകള്‍ക്കകം തന്നെ സ്ഥാനപതിയെ പിന്‍വലിക്കുകയായിരുന്നു.

നേരത്തെ, ഡല്‍ഹിയില്‍ പലസ്തീന്‍ സ്ഥാനപതി അഡ്‌നാന്‍ അബു അല്‍ ഹൈജയെ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തിയാണ് അബു അലി ഹാഫിസ് സയീദിനൊപ്പം റാലിയില്‍ പങ്കെടുത്തതിലുള്ള പ്രതിഷേധം ഇന്ത്യ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധം ഏറെ പ്രധാനമാണെന്നും ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്നും പ്രഖ്യാപിച്ച് സ്ഥാനപതിയെ പലസ്തീന്‍ പിന്‍വലിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരിയില്‍ പലസ്തീന്‍ സന്ദര്‍ശിക്കാനിരിക്കേയാണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അലോസരമുണ്ടാക്കാതെ പലസ്തീന്റെ ത്വരിത നടപടി. ഇതിനു പിന്നാലെയാണ് സ്ഥാനപതിയെ പുനര്‍നിയമിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഹാഫിസ് സയീദിന്റെ സംഘടനയായ ജമാഅത്തുദ്ദവ ഉള്‍പ്പെടെ ഭീകരസംഘടനകളുടെ സഖ്യമായ ‘ഡിഫന്‍സ് ഓഫ് പാകിസ്താന്‍’ ആണു റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ റാലി നടത്തിയത്. വാലിദ് അബു അലി റാലിയില്‍ പങ്കെടുത്തതിനു പുറമേ ഹാഫിസ് സയീദുമായി വേദി പങ്കിട്ടു. പ്രസംഗത്തില്‍ സയീദ് ഇന്ത്യയെ ശക്തമായി വിമര്‍ശിക്കുകയും കശ്മീര്‍, കുല്‍ഭൂഷണ്‍ ജാദവ് തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്തു.

സ്വന്തം വിവാഹത്തിന്  വൈകിയെത്തുന്ന വധൂ വരന്മാര്‍ ഇനി മുതല്‍ ജാഗ്രത പാലിക്കുക. താമസിച്ചെത്തിയാല്‍ ഇനി ഫൈന്‍ അടക്കേണ്ടി വരിക നൂറ് പൗണ്ട് ആയിരിക്കും. ബെയര്‍സ്റ്റെഡ് ഹോളി ക്രോസ്സ് ഇടവക വികാരി റവ. ജോണ്‍ കോര്‍ബിന്‍ ആണ് ഇങ്ങനെയൊരു നിയമം തന്‍റെ ഇടവകയില്‍ നടപ്പിലാക്കിയിരിക്കുന്നത്. വധൂ വരന്മാര്‍ താമസിച്ച് വരുന്നത് മൂലം പലപ്പോഴും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതിനാലാണ് ഇത്തരം ഒരു തീരുമാനം എടുക്കാന്‍ കാരണമെന്നാണ് റവ. ജോണ്‍ പറയുന്നത്.

വിവാഹ ചടങ്ങുകള്‍ മനോഹരമായി നടത്താന്‍ ശ്രമിച്ച് കാത്തിരിക്കുന്ന പള്ളിയിലെ സ്റ്റാഫിന് ഈ തുക നല്‍കുമെന്നും റവ. ജോണ്‍ വ്യക്തമാക്കി. വിവാഹ ചടങ്ങിന് പള്ളി ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഈ തുക വാങ്ങി വയ്ക്കുമെന്നും വരനോ വധുവോ 20 മിനിറ്റില്‍ കൂടുതല്‍ താമസിച്ചാല്‍ ഈ തുക തിരികെ ലഭിക്കില്ലെന്നും എന്നാല്‍ ട്രാഫിക് കുരുക്ക് പോലുള്ള ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടായാല്‍ ഈ നിയമം ബാധകമാവില്ല എന്നും  അദ്ദേഹം വ്യക്തമാക്കി.

ആഫ്രിക്കയിലെ ഒരു പള്ളി സന്ദര്‍ശിച്ചപ്പോള്‍ ആണ് ഇങ്ങനെ ഒരു ആശയം തനിക്ക് ലഭിച്ചതെന്ന് റവ. ജോണ്‍ പറയുന്നു. ഇവിടെ വധുവോ വരനോ താമസിച്ചെത്തിയാല്‍ പരസ്പരം നഷ്ട പരിഹാരം നല്‍കുന്ന രീതി നിലവിലുണ്ട്. ഇത് കണ്ടപ്പോഴാണ് തന്‍റെ ഇടവകയില്‍ ഇങ്ങനെ ഒരു കാര്യം നടപ്പിലാക്കാം എന്ന് ചിന്തിച്ചത്. പലപ്പോഴും യാതൊരു പ്രതിഫലവും വാങ്ങാതെ വിവാഹ ശുശ്രൂഷകളില്‍ സഹായിക്കുന്ന തന്റെ പള്ളിയിലെ സ്റ്റാഫിന് വധൂ വരന്മാര്‍ താമസിച്ചെത്തുന്നത് മൂലമുണ്ടാകുന്ന വിഷമം ഒഴിവാക്കാന്‍ പുതിയ നിയമം സഹായകരമാകുമെന്ന് കരുതിയതായും റവ. ജോണ്‍ പറയുന്നു.

താന്‍ വികാരി ആയി സേവനം ചെയ്യുന്ന സെന്റ്‌. മേരി ദി വിര്‍ജിന്‍ ചര്‍ച്ച്, തോണ്‍ഹാമിലെക്കും ഈ നിയമം കൊണ്ട് വരാന്‍ പോകുന്നുവെന്ന് പറഞ്ഞ ഇദ്ദേഹം ഈ തീരുമാനം നടപ്പിലാക്കിയ ശേഷം നടന്ന പന്ത്രണ്ട് വിവാഹങ്ങളില്‍ ഒന്നിന് മാത്രമാണ് ഡിപ്പോസിറ്റ് തുക തിരിച്ച് കൊടുക്കേണ്ടി വന്നതെന്നും അറിയിച്ചു.

ടൊറന്റോ: ടൊറന്റോയിലെ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കുട്ടിമുട്ടി തീ പടര്‍ന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. മെക്‌സിക്കോയിലെ കാന്‍കൂണില്‍ നിന്ന് എത്തിയ വെസ്റ്റ്‌ജെറ്റ് വിമാനം ഗേറ്റിലെക്കെത്താന്‍ തുടങ്ങുമ്പോള്‍ പിന്നിലേക്ക് എടുക്കുകയായിരുന്ന സണ്‍വിംഗ് വിമാനം ഉരസുകയും തീ പടരുകയുമായിരുന്നു. 168 യാത്രക്കാരും 6 ജീവനക്കാരുമുണ്ടായിരുന്ന വെസ്റ്റ്‌ജെറ്റ് വിമാനത്തിന്റെ പൈലറ്റ് ഇതോടെ അപായ സന്ദേശം നല്‍കുകയും കടുത്ത മഞ്ഞില്‍ യാത്രക്കാരെ എമര്‍ജന്‍സി വാതിലുകള്‍ തുറന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.

ഒരു വിമാനത്തിന്റെ ചിറകില്‍ നിന്ന് തീ ഉയരുന്നതിന്റെയും യാത്രക്കാര്‍ ഭയന്ന് നിലവിളിക്കുന്നതിന്റെയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സണ്‍വിംഗ് വിമാനത്തില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ല. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സര്‍വീസ് ജീവനക്കാര്‍ വിമാനം പുറത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കാനഡയുടെ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

വൈകിട്ട് 6.19നാണ് സംഭവമുണ്ടായതെന്ന്‌ന ഗ്രേറ്റര്‍ ടൊറന്റോ എയര്‍പോര്‍ട്ട് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ ചിലര്‍ക്ക് രക്ഷാ പ്രവര്‍ത്തനത്തിനിടെ നിസാര പരിക്കുകള്‍ പറ്റിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍
ട്ടുകളുണ്ട്. വെസ്റ്റ് ജെറ്റിന്റെ ബോയിംഗ് 737-800 വിമാനമാണ് അപകടത്തില്‍ പെട്ടത്.

വീഡിയോ കാണാം

കറാച്ചി: വിവാഹത്തിന് മുമ്പ്  സല്ലപിച്ചതിനെ തുടര്‍ന്ന് പ്രതിശ്രുത വധൂവരന്മാരെ പെണ്‍കുട്ടിയുടെ അമ്മാവന്‍ വെടിവെച്ച് കൊന്നു. പാകിസ്താനിലെ സിന്ധില്‍ വ്യാഴാഴ്ചയാണ് സംഭവം.

നസീറന്‍ എന്ന പെണ്‍കുട്ടിയും അവരുടെ പ്രതിശ്രുതവരന്‍ ഷാഹിദും നഗരത്തില്‍ വെച്ച് സംസാരിക്കുന്നത് കണ്ട അമ്മാവന്‍ ദേഷ്യപ്പെട്ട് ഇരുവരേയും വെടിവെച്ചിടുകയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മാവന്‍മാരെ അറസ്റ്റ്‌ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് അറിയിച്ചു. റാവല്‍പിണ്ടിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം ചെയ്തതിന്  യുവതിയേയും അവരുടെ ഭര്‍ത്താവിനേയും സഹോദരന്‍ വെടിവെച്ച് കൊന്നിരുന്നു.

പാകിസ്താനില്‍ ഒരു വര്‍ഷം ശരാശരി 650 ദുരഭിമാന കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അവിടുത്തെ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്.

റിയാദ്: പിഞ്ചു കുഞ്ഞിന്റെ തലയും മുഖവും പിടിച്ച് ഞെരിച്ച് വീഡിയോ പകര്‍ത്തി നഴ്‌സുമാര്‍. സൗദി അറേബ്യയിലെ തൈഫിലെ ആശുപത്രിയിലാണ് സംഭവം. മൂത്രനാളിയിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സക്ക് പ്രവേശിപ്പിച്ച നവജാത ശിശുവിനെയാണ് നഴ്‌സുമാര്‍ ഉപദ്രവിച്ചത്. കുഞ്ഞിന്റെ കഴുത്തിലും തലയിലും പിടിച്ച് മുഖം അമര്‍ത്തുന്ന വീഡിയോ ഇവര്‍ പകര്‍ത്തുകയും ചെയ്തു. കുഞ്ഞിനെ ഉപദ്രവിച്ചുകൊണ്ട് ഇവര്‍ ചിരിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.

സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് രോഷപ്രകടനവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആശുപത്രി ഏതാണെന്ന് തിരിച്ചറിയുകയും നഴ്‌സുമാരെ പുറത്താക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്തതോടെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പോലും തങ്ങളുടെ കുഞ്ഞിന് ലഭിച്ച ‘ചികിത്സ’യെക്കുറിച്ച് അറിഞ്ഞത്.

തൈഫിലെ മെറ്റേണിറ്റി ആശുപത്രിയിലെ മൂന്ന് നഴ്‌സുമാരെയാണ് പുറത്താക്കിയതെന്ന് തൈഫ് ഹെല്‍ത്ത് അഫയേഴ്‌സ് വക്താവ് അബ്ദുള്‍ഹാദി അല്‍ റബീ പറഞ്ഞു. ഇവരുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കുകയും ആരോഗ്യ മേഖലയിലെ മറ്റ് വിഭാഗങ്ങളിലും പ്രാക്ടീസ് ചെയ്യാനാകാത്ത വിധത്തില്‍ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പത്ത് ദിവസത്തോളമാണ് കുഞ്ഞ് ചികിത്സക്കായി ആശുപത്രിയിലുണ്ടായിരുന്നത്. ഈ വീഡിയോ തങ്ങളെ ഞെട്ടിച്ചെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

Read more… ‘ആരെങ്കിലും സീറ്റ് ഒഴിഞ്ഞു കൊടുത്തിരുന്നെങ്കില്‍ അവള്‍ ഇന്ന് ജീവനോടെയുണ്ടായിരുന്നേനെ; താഹയുടെ നീറുന്ന വാക്കുകൾ തറച്ചത് മലയാളികളുടെ നെഞ്ചിൽ, ബസ്സില്‍ നിന്ന് വീണ് മരിച്ച ഗര്‍ഭിണിയുടെ ഭര്‍ത്താവ് പറയുന്നു

പ്രവാസികളായുള്ള എല്ലാ മലയാളികളെയും ഒരുപോലെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ന്യൂസിലാൻഡിൽ കാട്ടുപന്നിയിറച്ചി കഴിച്ച് രോഗാതുരരായ മലയാളി കുടുംബത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നപ്പോൾ. എന്നാൽ എല്ലാവര്ക്കും ആശാവഹമായ ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പന്നിയിറച്ചി കഴിച്ചതിനെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ മൂന്നുപേര്‍ക്കും മാരകമായ ബോട്ടുലിസം ബാധിച്ചിട്ടില്ലെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഇവർ ആശുപത്രി വിട്ടെങ്കിലും ശരീരമാസകലം വിറയലുണ്ടാകുന്നതിനാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ മൂന്നുപേര്‍ക്കും കഴിഞ്ഞിട്ടില്ല. ന്യൂസിലന്റിലെ ഹാമില്‍ട്ടണില്‍ താമസിക്കുന്ന ഷിബു കൊച്ചുമ്മന്‍ (35 ), ഭാര്യ സുബി ബാബു (33), ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേല്‍ (62) എന്നിവരെയാണ് നവംബര്‍ 10 ന് ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ഷിബു വേട്ടയാടിക്കൊണ്ടുവന്ന കാട്ടുപന്നിയുടെ ഇറച്ചി കഴിച്ചതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് മാരകമായ ബോട്ടുലിസം എന്ന രോഗാവസ്ഥയായിരിക്കാം എന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം നല്‍കിയ സൂചന. ഇവര്‍ കഴിച്ച കാട്ടുപന്നിയിറച്ചിയുടെ സാംപിളും മൂന്നുപേരുടെയും ശരീരദ്രവങ്ങളും വിദഗ്ധ പരിശോധനയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് അയച്ചിരുന്നു. ഈ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ബോട്ടുലിസത്തിന് കാരണമാകുന്ന ബാക്ടീരിയ ബാധ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുന്നത്. ബോട്ടുലിസത്തിനെതിരായ ആന്റിടോക്‌സിനുകളോട് ഇവരുടെ ശരീരം പ്രതികരിച്ച സാഹചര്യത്തിലായിരുന്നു ബോട്ടുലിസം എന്ന നിഗമനത്തിലെത്താൻ ഡോക്ടര്‍മാരെ പ്രേരിപ്പിച്ച ഘടകം.

 അപകടനില തരണം ചെയ്ത ഷിബുവും കുടുംബവും ഡിസംബര്‍ പകുതിയോടെ ആശുപതി വിട്ടു. ഷിബുവിന് നല്‍കിയ ഡിസ്ചാര്‍ജ് നോട്ടിലും ബോട്ടുലിസം ബാധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബോട്ടുലിസമല്ലെങ്കില്‍ പിന്നെന്താണ് ഇവരെ ബാധിച്ച രോഗാവസ്ഥ എന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് ഇതുവരയെും കഴിഞ്ഞിട്ടില്ല. കൃഷിയിടകളിലും മറ്റും ഉപദ്രവകാരിയാകുന്ന ജീവികളെ കൊല്ലാനായി ഉപയോഗിക്കുന്ന വീര്യമേറിയ വിഷവസ്തുക്കൾ ആണോ കാരണം എന്നതിനെക്കുറിച്ച് ഷിബുവിന്റെ കുടുംബസുഹൃത്തുക്കൾ സംശയം പ്രകടിപ്പിച്ചതായി ലോക്കൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായതോടെയാണ് ഷിബുവിനെയും കുടുംബത്തെയും ആശുപത്രയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഇവര്‍ വ്യക്തമായി സംസാരിക്കാനും സാവധാനം നടക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ശരീരമാസകലം പലപ്പോഴും വിറയല്‍ ബാധിക്കുന്നതിനാല്‍ ഇവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ഇനിയും സമയം എടുക്കുമെന്നാണ് നിഗമനം. ഇവർക്ക്  ജോലി ചെയ്യാനും വാഹനം ഓടിക്കാനും ഉള്ള അനുവാദം നല്‍കിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. എങ്കിലും അപകടനില തരണം ചെയ്‌തതിൽ ന്യൂസിലാൻഡ് മലയാളികൾ സന്തോഷം പ്രകടിപ്പിച്ചു.

നമ്മളുടെ പ്രവാസജീവിതത്തിൽ വിമാന യാത്രകൾ പലപ്പോഴും നമ്മൾ നടത്താറുണ്ടെങ്കിലും കാലത്തിനു പിന്നിലേക്കൊരു യാത്ര നടന്നതായി നമ്മൾ ഒരിക്കലും ശ്രദ്ധിച്ചിട്ടുണ്ടാകില്ല? ചലച്ചിത്രങ്ങളില്‍ മാത്രം കണ്ടും കേട്ടും പരിചയിച്ച അത്തരമൊരു യാത്ര യാഥാര്‍ഥ്യമായതിന്റെ കൗതുകത്തിലാണ് ലോകം ഇപ്പോള്‍. 2018ല്‍ യാത്രയാരംഭിച്ച് 2017ല്‍ ലാന്‍ഡ് ചെയ്ത വിമാനയാത്രയുടെ വാര്‍ത്ത വാഷിങ്ടന്‍ ഡിസിയുടെ റിപ്പോര്‍ട്ടറായ സാം സ്വീനിയാണ് പുറത്തുകൊണ്ടുവന്നത്. എട്ടു മണിക്കൂര്‍ നീണ്ട യാത്രയ്ക്കു ശേഷമാണ് ഈ വിമാനം തൊട്ടു മുന്‍പത്തെ വര്‍ഷം ലാന്‍ഡ് ചെയ്തത്! ന്യൂസീലന്‍ഡിനെ ഓക്ക്‌ലന്‍ഡില്‍നിന്ന് യുഎസ് സംസ്ഥാനമായ ഹവായിയിലെ ഹോണോലുലുവിലേക്കു പോയ ഹവായ് എയര്‍ലൈന്‍സ് 446 വിമാനമാണ് കാലത്തിനു പിന്നിലേക്ക് സഞ്ചരിച്ച് ‘റെക്കോര്‍ഡിട്ടത്’.

2017 ഡിസംബര്‍ 31 ന് രാത്രി 11.55ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 10 മിനിറ്റ് വൈകി ന്യൂസീലന്‍ഡില്‍നിന്ന് 2018 ജനുവരി ഒന്നിന് പുലര്‍ച്ചെ 12.05നാണ് ഹോണോലുലുവിലേക്കു പുറപ്പെട്ടത്. വിമാനം വൈകിയ ഈ 10 മിനിറ്റാണ് പുതുവർഷത്തിൽ തുടങ്ങി ‘കാലങ്ങള്‍ക്കു പിന്നിലേക്കുള്ള’ യാത്രയ്ക്ക് വഴിയൊരുക്കിയത്. എട്ടു മണിക്കൂര്‍ നീണ്ട യാത്രയ്ക്കുശേഷം വിമാനം ഹവായിയിലെ ഹോണോലുലുവിലെത്തിയപ്പോള്‍ അവിടെ അപ്പോഴും പുതുവല്‍സരം പിറന്നിരുന്നില്ല. മാത്രമല്ല, ഡിസംബര്‍ 31ന് രാവിലെ 10.16 ആയതേ ഉണ്ടായിരുന്നുള്ളൂ.

രാജ്യാന്തര സമയക്രമം അനുസരിച്ച് ലോകത്ത് ആദ്യം നേരം പുലരുന്ന രാജ്യങ്ങളില്‍ ഒന്നായ ന്യൂസീലന്‍ഡിനേക്കാള്‍ 23 മണിക്കൂര്‍ പുറകിലാണ് ഹോണോലുലു. ഫലത്തില്‍ എട്ടു മണിക്കൂര്‍ യാത്രയില്‍ വിമാനം പറന്നത് സമയക്രമത്തില്‍ മണിക്കൂറുകള്‍ പിന്നിലേക്കായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സാം സ്വീനി ഇത് ട്വീറ്റു ചെയ്തതോടെയാണ് ലോകം ഇക്കാര്യം ശ്രദ്ധിച്ചത്. ഇത്തരം സംഭവങ്ങള്‍ എല്ലാ വര്‍ഷവും നടക്കുന്നതാണെന്നും അദ്ഭുതപ്പെടാനൊന്നുമില്ലെന്നുമുള്ള പ്രതികരണങ്ങള്‍ വ്യാപകമാണെങ്കിലും ഇത്തരം യാത്രകള്‍ ലോകത്തെ ഇപ്പോഴും അദ്ഭുതപ്പെടുത്തുന്നു എന്നാണ് കൂടുതല്‍ പ്രതികരണങ്ങളും വെളിവാക്കുന്നത്.

RECENT POSTS
Copyright © . All rights reserved