Videsham

ഇസ്ലാമാബാദ്: ക്രിസ്മസിന് ഒരാഴ്ച ശേഷിക്കെ, പാക്കിസ്ഥാനിലെ പള്ളിയില്‍ ഭീകരാക്രമണം. തെക്കുപടിഞ്ഞാറന്‍ പാക്ക് നഗരമായ ക്വറ്റയിലെ പള്ളിയില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 44 വിശ്വാസികള്‍ക്കു പരുക്കേറ്റു. ഇവരില്‍ ഒന്‍പതു പേരുടെ നില ഗുരുതരമാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്!ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തതായി അമാഖ് വാര്‍ത്താ ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു. സര്‍ഘൂണ്‍ റോഡിലെ ബെഥല്‍ മെമ്മോറിയല്‍ ചര്‍ച്ചിലേക്കു ഐഎസ് ഭീകരര്‍ വന്‍തോതില്‍ ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. രണ്ട് ചാവേറുകളാണ് ആക്രമണം നടത്തിയതെന്നു ബലൂചിസ്ഥാന്‍ ആഭ്യന്തരമന്ത്രി മിര്‍ സര്‍ഫറാസ് പറഞ്ഞു. ഒരു അക്രമിയെ ഗേറ്റില്‍വച്ചുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചു. രണ്ടാമനാണ് പള്ളിക്കകത്തു കയറി പൊട്ടിത്തെറിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം നടക്കുന്ന സമയത്ത് പള്ളിയില്‍ 400 വിശ്വാസികളുണ്ടായിരുന്നെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മൗസാം അന്‍സാരി പറഞ്ഞു. കൃത്യസമയത്ത് പൊലീസ് ഉണ!ര്‍ന്നു പ്രവര്‍ത്തിച്ചതിനാലാണ് ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി.

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ യുവതിക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. ചൈനയിലെ യാന്‍ഷു പ്രവിശ്യയിലെ ഒരു ബഹുനില ഹോട്ടലിലാണ് അപകടം നടന്നത്. ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നു രണ്ടു പ്രാവശ്യമാണ് യുവതി താഴേക്ക് വീണത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്

കെട്ടിടത്തിന്റെ ഒന്‍പതാം നിലയില്‍ നിന്നും രണ്ടാം നിലയിലേക്കാണ് ഇവര്‍ ആദ്യം വീണത്. ഗുരുതരമായി പരിക്കേറ്റിരുന്നുവെങ്കിലും ഇവര്‍ക്ക് ജീവനുണ്ടായിരുന്നു. രണ്ടാം നിലയിലേക്ക് വീണ ഇവര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച് നിലത്തു കൂടി നിരങ്ങിയപ്പോള്‍ നിലത്തേക്കു രണ്ടാമതും വീഴുകയായിരുന്നു.

പക്ഷെ താഴെ നിന്ന ആളുകള്‍ കൂട്ടമായി നിന്ന് ഇവരെ കൈയില്‍ താങ്ങുകയും തുടര്‍ന്ന് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇപ്പോള്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

വിദേശികള്‍ വീടുകള്‍ വാങ്ങുന്നത് നിരോധിക്കാനൊരുങ്ങി ന്യൂസിലന്‍ഡ് ഭരണകൂടം. രാജ്യത്തെ പാര്‍പ്പിട പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഈ നടപടി. നിലവില്‍ പാര്‍പ്പിട പ്രതിസന്ധിയില്‍ വലയുന്ന യുകെ പോലെയുള്ള രാജ്യങ്ങള്‍ക്ക് മാതൃകയായേക്കാവുന്ന വിധത്തിലുള്ള നിയമനിര്‍മാണത്തിനാണ് ന്യൂസിലന്‍ഡ് തയ്യാറാകുന്നത്. റസിഡന്‍ഷ്യല്‍ വിസ കൈവശമുള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ ഇവിടെ നിലവിലുള്ള വീടുകള്‍ വാങ്ങാനാകൂ.

വിദേശ ഡവലപ്പര്‍മാര്‍ക്കും വ്യക്തികള്‍ക്കും സ്വന്തമായി ഇനി പുതിയ വീടുകള്‍ മാത്രമേ വാങ്ങാനാകൂ. അടുത്ത വര്‍ഷം മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാകുകയെന്ന് ഹൗസിംഗ് മിനിസ്റ്റര്‍ ഫില്‍ ടൈ്വഫോര്‍ും ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ യൂജിന്‍ സേജും പറഞ്ഞു. വിദേശികള്‍ വീടുകള്‍ വാങ്ങുന്നത് തദ്ദേശീയരായ കുടുംബങ്ങള്‍ ആദ്യമായി വീട് വാങ്ങാന്‍ എത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു.

വസ്തുവില വല്ലാതെ ഉയരുന്നതാണ് ഇതിന് കാരണം. പുതിയ നിയമം പ്രോപ്പര്‍ട്ടികളുടെ വില ഉയരുന്നതിന് വിലങ്ങിടാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഭവന രാഹിത്യ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യമാണ് ന്യൂസിലന്‍ഡ്. പ്രോപ്പര്‍ട്ടി വില അനിയന്ത്രിതമായി വര്‍ദ്ധിച്ചതാണ് ഇതിന് കാരണം. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പോലും വസ്തു വില ചര്‍ച്ചയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ വസ്തുവില 57 ശതമാനമാണ് വര്‍ദ്ധിച്ചത്.

സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് നാല് കുട്ടികള്‍ കൊല്ലപ്പെടുകയും പത്തൊന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സിലെ മിലാസില്‍ ആണ് ദാരുണമായ അപകടം നടന്നിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്. പതിമൂന്നിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ആയിരുന്നു ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ബസ് രണ്ടായി പിളര്‍ന്നു പോയതായി ഫ്രഞ്ച് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാലു പേര്‍ മരിച്ചതായും പത്തൊന്‍പത് പേര്‍ക്ക് പരിക്ക് പറ്റിയതായും ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം വെസ്റ്റ്‌ പെര്‍പ്പിഗ്നാന്‍ എന്ന സ്ഥലത്തെ ലെവല്‍ ക്രോസ്സില്‍ ആണ് അപകടം നടന്നത്.

 

സോള്‍ ഉത്തരകൊറിയയില്‍ നിന്നുള്ള പെണ്‍കുട്ടികളെ ദക്ഷിണ കൊറിയ തട്ടിയെടുത്തുവെന്ന ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാന്‍ ഐക്യ രാഷ്ട്രസംഘടന. ഉത്തരകൊറിയയിലെ യുഎന്നിന്റെ സ്വതന്ത്ര അന്വേഷകനായിരിക്കും ചുമതല. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 12 ഉത്തരകൊറിയന്‍ യുവതികള്‍ ദക്ഷിണകൊറിയയിലേക്കു കടന്നത്. ചൈനയില്‍ ഒരു ഉത്തരകൊറിയന്‍ റസ്റ്ററന്റില്‍ ജോലി നോക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ഉത്തരകൊറിയയിലെ പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടികള്‍ തങ്ങളുടെ രാജ്യത്തേക്കു കടക്കുകയായിരുന്നുവെന്നാണ് ദ.കൊറിയയുടെ വാദം. സംഭവത്തില്‍ രാഷ്ട്രീയ വിവാദം കനത്തതോടെ യുഎന്‍ ഇടപെടുകയായിരുന്നു. 12 പെണ്‍കുട്ടികളുമൊത്ത് കൂടിക്കാഴ്ചയ്ക്ക് സംവിധാനം ഒരുക്കണമെന്ന് യുഎന്‍ അന്വേഷകന്‍ തോമസ് ഓജിയ ക്വിന്റാന ദ.കൊറിയയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

തങ്ങളുടെ രാജ്യത്തെ പെണ്‍കുട്ടികളെ തട്ടിയെടുക്കുന്നുവെന്നും പ്രലോഭിപ്പിച്ച് ചാരവൃത്തിക്കായി ഉപയോഗപ്പെടുത്തുന്നുവെന്നും ദക്ഷിണകൊറിയയ്‌ക്കെതിരെ കിം ജോങ് ഉന്നിന്റെ ഭരണകൂടം സ്ഥിരമായി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണു പലരും രാജ്യത്തേക്കു വരുന്നതെന്ന് ദ.കൊറിയ പറയുന്നു. 2011ല്‍ കിം ജോങ് ഉന്‍ അധികാരമേറ്റ ശേഷം വന്‍തോതിലാണ് ദക്ഷിണകൊറിയയിലേക്ക് ഉത്തരകൊറിയക്കാര്‍ പലായനം ചെയ്തത്.

അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഉത്തരകൊറിയ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ–ഇന്‍ പറഞ്ഞു. ചില ദക്ഷിണ കൊറിയന്‍ കമ്പനികള്‍ക്കെതിരെ ചൈന അടുത്തിടെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഉത്തരകൊറിയയില്‍ നിന്നുള്ള സുരക്ഷാഭീഷണി നേരിടാന്‍ യുഎസിന്റെ നേതൃത്വത്തില്‍ മിസൈല്‍ പ്രതിരോധസംവിധാനം അതിര്‍ത്തിയില്‍ സ്ഥാപിച്ചതാണ് ചൈനയെ ചൊടിപ്പിച്ചത്. മിസൈല്‍ പ്രതിരോധം തങ്ങളുടെ രാജ്യത്തിനു സുരക്ഷാഭീഷണിയുണ്ടാക്കുന്നുവെന്നാണ് ചൈനീസ് പക്ഷം.

ഉത്തരകൊറിയയുടെ ആണവഭീഷണിക്കൊപ്പം ചൈനയുമൊത്ത് അസ്വസ്ഥതകള്‍ പുകയുന്ന ബന്ധം സാധാരണ നിലയിലാക്കുക എന്ന ലക്ഷ്യവും മൂണ്‍ ജെയുടെ ചൈനീസ് സന്ദര്‍ശനത്തിലുണ്ട്. യുഎസും ജപ്പാനുമൊത്ത് ദക്ഷിണ കൊറിയ നടത്തുന്ന സൈനികാഭ്യാസങ്ങള്‍ നിര്‍ത്തിയാല്‍ മാത്രമേ ഉത്തരകൊറിയന്‍ പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്കെങ്കിലും തുടക്കമിടാനാകൂ എന്നാണ് ചൈനയുടെ നിലപാട്. ഇതാകട്ടെ യുഎസും ദ.കൊറിയയും തുടര്‍ച്ചയായി നിരസിക്കുകയാണ്.

ഗൾഫ് പ്രതിസന്ധി അവസാനിക്കുന്നില്ല സമവായ ശ്രമവുമായി ഫ്രാൻസും. ഖത്തറിനെതിരെയുള്ള അറബ് രാജ്യങ്ങളുടെ ഉപരോധം ആറു മാസം പിന്നിട്ടിട്ടും പ്രതിസന്ധി അവസാനിക്കുന്നില്ല. മധ്യസ്ഥശ്രമമായി കണ്ടിരുന്ന ജിസിസി ഉച്ചകോടി തകർന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഈ സാഹചര്യത്തിൽ ഖത്തര്‍ അത്യാധുനിക ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഭയത്തോടെയാണ് ഗൾഫ് ലോകം നോക്കിക്കാണുന്നത്. ബ്രിട്ടനില്‍ നിന്ന് 800 കോടി ഡോളറിന്റെ 24 ടൈഫൂണ്‍ ഫൈറ്റര്‍ ജെറ്റുകളാണ് ഖത്തര്‍ വാങ്ങാനൊരുങ്ങുന്നത്.

ബാഹ്യ വെല്ലുവിളികളെ നേരിടാന്‍ യുദ്ധവിമാനങ്ങള്‍ ഖത്തര്‍ സൈന്യത്തെ ശക്തമാക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗവിന്‍ വില്യംസൺഅഭിപ്രായപ്പെട്ടു. ഫ്രഞ്ച് വിമാനക്കമ്പനിയില്‍ നിന്ന് റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 100 കോടി ഡോളറിന്റെ കരാറില്‍ കഴിഞ്ഞ ദിവസം ഖത്തർ ഒപ്പുവെച്ചിരുന്നു. ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച ശേഷം സമവായ ശ്രമവുമായി രംഗത്തുവന്നത് കുവൈറ്റായിരുന്നു. കുവൈറ്റിൽ നടന്ന ജിസിസി ഉച്ചകോടിയിലും തീരുമാനമായില്ല. എന്നാൽ കുവൈറ്റിന്റെ ശ്രമങ്ങൾക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പിന്തുണ പ്രഖ്യാപിച്ചു.

യുണൈറ്റഡ് നേഷന്‍സ്: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും. ദശകങ്ങളായുള്ള യുഎസ് നയം മാറ്റിമറിച്ച് ജറുസലേമിനെ ടെല്‍ അവീവിനു പകരം ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടി പശ്ചിമേഷ്യയില്‍ വന്‍ പ്രതിഷേധത്തിനു കാരണമായിരുന്നു.

ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെ രണ്ടു സ്ഥിരാംഗങ്ങളും ബൊളീവിയ, ഈജിപ്ത്, ഇറ്റലി, സെനഗല്‍, സ്വീഡന്‍, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളുമാണ് അടിയന്തരയോഗത്തിനു നോട്ടീസ് നല്‍കിയത്. ട്രംപിന്റെ അംഗീകാരം അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ പ്രമേയങ്ങളുടെയും ചട്ടങ്ങളുടേയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പലസ്തീനും തുര്‍ക്കിയും രംഗത്തെത്തിയിട്ടുണ്ട്.

ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമാക്കുന്ന യുഎസ് തീരുമാനത്തെ പരസ്യമായി എതിര്‍ത്ത് ബ്രിട്ടന്‍ രംഗത്ത് വന്നിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ആണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്തത്. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മാത്രമേ തീരുമാനം വഴിവെക്കൂ എന്നും തെരേസ മേയ് വ്യക്തമാക്കിയിരുന്നു.

യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റാനുള്ള യുഎസിന്റെ തീരുമാനത്തെ തങ്ങള്‍ എതിര്‍ക്കുന്നതായും അവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. യുഎസിന്റെ ഈ തീരുമാനം മേഖലയിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുമെന്നും അവര്‍ പറഞ്ഞു. ബ്രിട്ടന്‍ എംബസി ഇസ്രായേലിലേക്ക് മാറ്റാതെ ടെല്‍ അവീവില്‍ തന്നെ നിലനിര്‍ത്തണമെന്നും ഇസ്രായേല്‍പലസ്തീന്‍ പ്രശ്‌നമുള്ളതിനാല്‍ ജറുസലേമിലേക്ക് മാറ്റുന്നതിനെ ബ്രിട്ടന്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും തെരേസ മേയ് പറഞ്ഞു.

ട്രംപിന്റെ തീരുമാനം ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ജറുസലേം, ഗാസ എന്നിവടങ്ങളില്‍ ആക്രമണത്തിന് വഴിയൊരുക്കുമെന്നും ഇതിനാല്‍ ഇവിടം കനത്ത സുരക്ഷയിലാണെന്നും തെരേസ മേയ് പറഞ്ഞു. ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ആക്രമണ സാധ്യത മുന്നില്‍ കണ്ട് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

മെക്‌സിക്കോ സിറ്റി: കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ ഏന്തിക്കൊണ്ട് അമ്മയുടെ ബസ് യാത്ര. മെക്‌സിക്കോ സിറ്റിയിലാണ് ഈ ദാരുണ സംഭവമുണ്ടായത്. സില്‍വിയ റെയെസ് ബറ്റാല്ല എന്ന 25കാരിയാണ് അഞ്ച് വയസ് പ്രായം തോന്നിക്കുന്ന ആണ്‍കുഞ്ഞിന്റെ ശരീരവുമായി ബസില്‍ യാത്ര ചെയ്തത്. മെക്‌സിക്കോ സിറ്റിയില്‍ നിന്ന് 87 മൈല്‍ അകലെയുള്ള പുബേല എന്ന സ്വന്തം പട്ടണത്തിലേക്ക് കാമുകന്‍ അല്‍ഫോന്‍സോ റെഫൂജിയോ ഡോമിന്‍ഗ്വസുമൊത്ത് കുഞ്ഞിന്റെ ജഡം കൊണ്ടുപോകുകയാണെന്നാണ് ഇവര്‍ നല്‍കിയ വിശദീകരണം.

പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാണ് ഇവര്‍ ശരീരം കയ്യില്‍ പിടിച്ചിരുന്നത്. പുബേലോയില്‍ കുഞ്ഞിന്റെ മൃതദേഹം അടക്കാനാണ് ഇങ്ങനെ ചെയ്തതെന്നും അവര്‍ പറഞ്ഞു. കുഞ്ഞ് മരിച്ചത് ഒരു ദിവസം മുമ്പാണെന്ന് കണ്ടെത്തി. മെക്‌സിക്കോ സിറ്റി കാണാനെത്തിയതായിരുന്നു ഇവര്‍. ഹൃദയത്തിന് അസുഖമുണ്ടായിരുന്ന കുഞ്ഞ് ഇവിടെവെച്ച് മരിച്ചു. മൃതദേഹം കൊണ്ടുപോകാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടാന്‍ സാധിക്കാത്തതിനാലാണ് ഇവര്‍ ഈ മാര്‍ഗം തേടിയതെന്നാണ് കരുതുന്നത്.

ബസ് ജീവനക്കാര്‍ പാരാമെഡിക്കുകളെ വിളിക്കുകയും പിന്നീട് കുഞ്ഞ് നേരത്തേ മരിച്ചിരുന്നതായി ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. സില്‍വിയയുടെ വിശദീകരണം സത്യസന്ധമാണെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിക്കുന്നു. എന്തായാലും മരണകാരണത്തേക്കുറിച്ച് അന്വേഷണം നടന്നു വരികയാണ്. ഇവര്‍ തുടര്‍ന്ന് യാത്ര ചെയ്യുന്നത് വിലക്കിയെങ്കിലും കേസെടുത്തതായി വിവരമില്ല.

ലണ്ടന്‍: ജനങ്ങളുടെ പ്രതിഷേധം പേടിച്ച് ബ്രിട്ടീഷ് സന്ദര്‍ശനത്തില്‍ നിന്ന് ഒഴിവായി നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് ഒടുവില്‍ സ്ഥിരീകരണം. ഫെബ്രുവരി 26, 27 തിയതികളില്‍ സന്ദര്‍ശനമുണ്ടാകുമെന്നാണ് വിവരം. പുതിയ അമേരിക്കന്‍ എംംബസിയുടെ ഉദ്ഘാടനത്താനായാണ് ട്രംപ് എത്തുന്നത്. വന്‍ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ ബ്രിട്ടീഷ് രാജ്ഞിയുടെ അതിഥിയായി എത്തുന്നതിന് പകരം വര്‍ക്കിംഗ് വിസിറ്റ് ആയാണ് ട്രംപ് എത്തുന്നത്.

സന്ദര്‍ശനത്തിന്റെ തിയതിയും സമയക്രമവും ഇതേവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വിശദീകരിക്കുന്നത്. എന്നാല്‍ 2018 ആദ്യം സന്ദര്‍ശനമുണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധ പരിപാടികള്‍ക്കാണ് ട്രംപ് വിരുദ്ധര്‍ ഒരുങ്ങുന്നത്. സന്ദര്‍ശനം നടക്കുന്ന ദിവസങ്ങളില്‍ ഡൗണിംഗ് സ്ട്രീറ്റിലേക്ക് പ്രതിഷേധറാലി നടത്താനും പദ്ധതിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതിനായുള്ള പ്രചാരണവും ഇവര്‍ ആരംഭിച്ചു കഴിഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചപ്പോളും അതിനു ശേഷം അധികാരത്തില്‍ ഏറിയപ്പോളും ശക്തമായ പ്രതിഷേധ റാലികള്‍ ലണ്ടനും മാഞ്ചസ്റ്ററുമുള്‍പ്പെടെയുള്ള ബ്രിട്ടീഷ് നഗരങ്ങളില്‍ നടന്നിരുന്നു. പ്രസിഡന്റായി അധികാരമേറ്റ ട്രംപിന്‍ ആദ്യം സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രനേതാവായിരുന്നു തെരേസ മേയ്. ഇവര്‍
ട്രംപിനെ ബ്രിട്ടനിലേക്ക് ക്ഷണിച്ചെങ്കിലും പ്രതിഷേധം ഭയത്ത് വൈറ്റ്ഹൗസ് അത് നീട്ടിവെക്കുകയായിരുന്നു.

ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് 53കാരനായ ഇന്ത്യക്കാരന്‍ മരിച്ചു. കിംഗ് ഫൈസല്‍ റോഡിലെ കെട്ടിടത്തിലെ പത്താം നിലയില്‍ നിന്നുമാണ് ഇയാൾ താഴേക്ക് വീണത്.ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. വിവരം അറിഞ്ഞ ഉടനെ പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയില്‍ തലയും വാരിയെല്ലുകളും തകര്‍ന്നിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവംനടക്കുമ്പോൾ കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്യുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമെ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അറിയാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരം ലഭ്യമല്ല.

Copyright © . All rights reserved