പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദേവാലയത്തിന്‍റെ മറവില്‍ പീഡിപ്പിച്ച വൈദികനെ 45 വര്‍ഷം തടവ് ; പീഡിപ്പിച്ചത് അള്‍ത്താര ബാലികമാരെ, കണ്ണടച്ച സഭാ അധികൃതര്‍ക്കെതിരെയും കോടതിയുടെ രൂക്ഷ വിമർശനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദേവാലയത്തിന്‍റെ മറവില്‍ പീഡിപ്പിച്ച വൈദികനെ 45 വര്‍ഷം തടവ് ; പീഡിപ്പിച്ചത് അള്‍ത്താര ബാലികമാരെ, കണ്ണടച്ച സഭാ അധികൃതര്‍ക്കെതിരെയും കോടതിയുടെ രൂക്ഷ വിമർശനം
August 16 05:40 2019 Print This Article

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദേവാലയത്തിന്‍റെ മറവില്‍ പീഡിപ്പിച്ച കത്തോലിക്കാ വൈദികനെ 45 വര്‍ഷം തടവ് വിധിച്ച്കോടതി. വൈദിക വേഷമണിഞ്ഞ് ചെകുത്താനായാണ് വൈദികന്‍ പെരുമാറിയതെന്ന് നിരീക്ഷണത്തോടെയാണ് വിധി. വാഷിംങ്ടണിലെ കൊളബിയ കോടതിയില്‍ വ്യാഴാഴ്ചയാണ് സംഭവം.

അള്‍ത്താര ബാലികമാരെയാണ് വൈദികന്‍ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയത്. ഉര്‍ബനോ വാസ്ക്വസ് എന്ന നാല്‍പ്പത്തിയേഴുകാരന്‍ വൈദികനെയാണ് 45 വര്‍ഷത്തെ തടവിന് വിധിച്ചത്. 2015-16 കാലഘട്ടത്തിലാണ് ഒമ്പത് വയസ്സുമുതല്‍ പതിമൂന്ന് വയസ്സുവരെയുള്ള അള്‍ത്താര ബാലികമാരെ ഇയാള്‍ പീഡിപ്പിച്ചത്. പുറത്ത് പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന വൈദികന്‍റെ ഭീഷണി അവഗണിച്ച രണ്ട് പെണ്‍കുട്ടികളാണ് പീഡനവിവരം രക്ഷിതാക്കളെ അറിയിച്ചത്.

യേശുവിനേപ്പോലെയായിരുന്നു വൈദികന്‍റെ പെരുമാറ്റം. രക്ഷിതാക്കള്‍ക്ക് വൈദികനെ വലിയ വിശ്വാസമായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. ഒമ്പത് ദിവസം നീണ്ട വിചാരണയില്‍ പെണ്‍കുട്ടികള്‍ വൈദികനെതിരെ മൊഴി നല്‍കി.

പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു പീഡനമെന്നും കോടതി നിരീക്ഷിച്ചു. ആരോപണം ഉയര്‍ന്നതോടെ വൈദികന്‍റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളേയും ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. തന്‍റെ ഇളയ സഹോദരന്‍ മുറിയ്ക്ക് വെളിയില്‍ നില്‍ക്കുമ്പോള്‍ പോലും വൈദികന്‍ പീഡിപ്പിക്കാന്‍ വൈദികന്‍ മടി കാണിച്ചില്ലെന്ന പരാതിക്കാരിയില്‍ ഒരാളുടെ പരാമര്‍ശം അതീവ ഗുരുതരമാണെന്നും കോടതി കണ്ടെത്തി.

മറ്റ് വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വച്ച് വൈദികന്‍ പെണ്‍കുട്ടികളെ ദുരുപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. 2014ലാണ് ഇയാള്‍ കൊളബിയയിലെ ഈ ദേവാലയത്തിലേക്ക് നിയമിതനായത്.

വൈദികനെതിരായ ആരോപണങ്ങള്‍ക്ക് നേരെ കണ്ണടച്ച സഭാ അധികൃതര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. വൈദികനെ പിന്തുണച്ച് വിശ്വാസികളുടെ വന്‍ സമൂഹമാണ് വിധി കേള്‍ക്കാള്‍ കോടതിക്ക് പുറത്ത് തടിച്ച് കൂടിയത്. കോടതി വിധിയില്‍ ഖേദമുണ്ടെന്ന് ഇവര്‍ പ്രതികരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചുവെന്നാണ് ചില വിശ്വാസികള്‍ പ്രതികരിച്ചത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles