ന്യൂസ് ഡെസ്ക്

കേരള മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു.  ഇതിനെത്തുടർന്ന് പ്രളയാനന്തര പുനര്‍ നിര്‍മാണത്തിനുള്ള വിഭവസമാഹരണത്തിന് വിദേശയാത്ര നടത്തുന്നതിന് മന്ത്രിമാര്‍ നടത്താനിരുന്ന വിദേശ യാത്ര റദ്ദാക്കി. അനുമതി സംബന്ധിച്ച കേന്ദ്രത്തിന്റെ അറിയിപ്പുകളൊന്നും ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് 17 മന്ത്രിമാരുടെ യാത്ര റദ്ദാക്കിയത്. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കുന്നതു സംബന്ധിച്ച് ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയത്തിന് കത്തയയ്ക്കുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇന്നു രാവിലെ 11 മണിക്കകം തീരുമാനം അറിയിക്കാമെന്നായിരുന്നു അറിയിപ്പ് ലഭിച്ചിരുന്നത്. എന്നാല്‍ ഇതുവരെയും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പും ലഭിച്ചിട്ടില്ല.

നാളെമുതല്‍ നാളെ മുതല്‍ 22 വരെയാണു വിവിധ മന്ത്രിമാര്‍ യാത്ര പുറപ്പെടാന്‍ തീരുമാനിച്ചിരുന്നത്. മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ആണ് ലഭിക്കേണ്ടിയിരുന്നത്. മൂന്നാഴ്ചമുമ്പാണ് പൊതുഭരണ വകുപ്പുവഴി യാത്രയ്ക്കായി കേന്ദ്രാനുമതി തേടിയത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനൊഴികെയുള്ളവര്‍ക്ക് അനുമതി ലഭിച്ചില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ അനുമതിയില്‍ രാജ്യങ്ങളുടെ സംഭാവന സ്വീകരിക്കാനാവില്ലെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നു.