ന്യൂഡല്‍ഹി: രാജ്യത്തെ 32 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. രണ്ട് വര്‍ഷത്തേക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോളേജുകള്‍ക്ക് സുപ്രീം കോടതി നിയോഗിച്ച പാനല്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഇതി മറികടന്നാണ് സര്‍ക്കാര്‍ നീക്കം.

നിലവില്‍ ഈ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെത്തന്നെ തുടരാം. സെക്യൂരിറ്റി തുകയായി കോളേജുകള്‍ നല്‍കിയിരുന്ന രണ്ട് കോടി രൂപ സര്‍ക്കാര്‍ കണ്ടുകെട്ടിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ ഈ വിലക്ക് ഒരു കാരണവശാലും ബാധിക്കില്ലെന്നും കോളേജുകളിലെ ്ടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി അരുണ്‍ സിംഗാള്‍ പറഞ്ഞു.

2016ല്‍ പ്രവേശനത്തിന് അനുമതി ചോദിച്ച 109 കോളേജുകളില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പരിശോധന നടത്തിയിരുന്നു. ഇവയില്‍ 17 കോളേജുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. മെഡിക്കല്‍ കൗണ്‍സിലിലെ അഴിമതി പഠിക്കാനായി സുപ്രീം കോടതി നിയോഗിച്ച എം.എല്‍.ലോധ കമ്മിറ്റി ഇത് പുനഃപരിശോധിക്കുകയും 34 കോളേജുകള്‍ക്ക് കൂടി പ്രവേശനത്തിന് അനുമതി നല്‍കുകയുമായിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാമെന്ന് കോളേജുകള്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു സമിതി അനുമതി നല്‍കിയത്. എന്നാല്‍ ഈ വാഗ്ദാനം കോളേജുകള്‍ പാലിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.