യോർക്ഷയർ: യുകെയിലുള്ള യോർക്ഷയറിൽ താമസിച്ചിരുന്ന മലയാളി യുവാവ് നിര്യാതനനായി. ഇന്നലെ ഉച്ചയോടെയാണ് ചികിത്സയിലായിരുന്ന ചാക്കോച്ചൻ (40 വയസ്സ്) നിര്യാതനായത്. ചാലക്കുടി സ്വദേശിയാണ് മരിച്ച ചാക്കോച്ചൻ. ചാലക്കുടിക്കാരിയായ ദീപ ഭാര്യയും പ്രൈമറി ക്ളാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് ചാക്കോച്ചന്റെ കുടുംബം. ഒൻപത് വർഷങ്ങൾക്ക് മുൻപ് ആദ്യമായി യുകെയിൽ എത്തിയപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിലും പിന്നീട് ദീപക്ക് വർക്ക് പെർമിറ്റ് നേടി ഡെവണിലും താമസിച്ചിരുന്നു. പിന്നീടാണ് യോർക്ഷയറിൽ എത്തിച്ചേർന്നത്.

കഴിഞ്ഞ നാലു വർഷത്തോളമായി മോട്ടോർ ന്യൂറോ ഡിസീസ് (MND) എന്ന അപൂർവ രോഗത്തിന് ചികിത്സയിൽ ആയിരുന്നു ചാക്കോച്ചൻ.  തലച്ചോറിനെയും നാഡീവ്യുഹത്തെയും ബാധിക്കുന്ന ഈ രോഗം കാലക്രമേണ ചലനശേഷിയെയും പതിയെ പതിയെ സംസാരശേഷിയെയും ഇല്ലാതാക്കുന്നു. ഈ രോഗം ബാധിച്ചാൽ ഫലപ്രദമായ ചികിത്സ ഇല്ല എങ്കിലും ഈ രോഗം മനുഷ്യ ശരീരത്തുണ്ടാക്കുന്ന ക്ഷതങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ മാത്രമേ സാധിക്കുകയുള്ളു.

ഒന്നനങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ രോഗക്കിടക്കയിലായ തന്റെ ഭർത്താവിനെ പരിചരിക്കാൻ ഭാര്യയായ ദീപക്ക്  കെയറർ ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. വീട്ടിൽ ഒരുക്കിയ പ്രത്യേക ആം ചെയറിൽ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ആയിരുന്നു ചാക്കോച്ചന്റെ ജീവിതം കഴിഞ്ഞ രണ്ട് വർഷത്തോളമായി മുൻപോട്ട് പോയികൊണ്ടിരുന്നത്. കിടന്നാൽ ശ്വസിക്കാൻ തടസം ഉണ്ടായിരുന്നു. വർക്ക് പെർമിറ്റിൽ ആയിരുന്ന ഇവർക്ക് ഗവൺമെന്റ് സഹായം ഒന്നും ലഭിച്ചിരുന്നില്ല.

ശവസംക്കാരം സംബന്ധിച്ച കാര്യങ്ങൾ ഒന്നും ഇതുവരെ തീരുമാനം ആയിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ചാക്കോച്ചന് മലയാളം യുകെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.