കുടുംബ വഴക്കിനെത്തുടര്‍ന്നു ഭാര്യയെ കഴുത്തറുത്തു കൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവിനെ അറസ്‌റ്റ്‌ ചെയ്‌തു.കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. റെയില്‍വേ സ്‌റ്റേഷന്‌ സമീപം മനപ്പടി കണ്ടംകുളത്തി ലൈജു(37)വിനെയാണു പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.ഇരുവരും കിടപ്പുമുറിയിലാണു കിടന്നത്‌. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണു മരണവിവരമറിഞ്ഞത്‌. എട്ടു വയസുള്ള ഏക മകന്‍ ആരോണ്‍, ഉച്ചയായിട്ടും മാതാപിതാക്കള്‍ മുറിക്കു പുറത്തുവരാത്തതിനെത്തുടര്‍ന്നു സൗമ്യയുടെ അമ്മയെ ഫോണ്‍ വിളിച്ചു പറഞ്ഞു. തുടര്‍ന്ന്‌ അയല്‍വീട്ടിലെത്തി കാര്യം ധരിപ്പിച്ചു. അവരെത്തിയപ്പോഴും മുറി അടച്ചിട്ടനിലയിലായിരുന്നു. പോലീസെത്തി കിടപ്പുമുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ്‌ അകത്തുകടന്നത്‌.

ഞരബു മുറിച്ചു രക്‌തം വാര്‍ന്നൊലിച്ച്‌ അവശനിലയില്‍ കിടക്കുകയായിരുന്ന ലൈജുവിനെ പോലീസ്‌ ആശുപത്രിയിലെത്തിച്ചു. പാലാരിവട്ടത്തുള്ള സ്വകാര്യ സ്‌ഥാപനത്തിലെ സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയറായിരുന്നു സൗമ്യ. യു.എസില്‍ സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയറായിരുന്ന ലൈജു ആറുമാസം മുന്പാണ് നാട്ടിലെത്തിയത്‌. കൊരട്ടി ഇന്‍ഫോ പാര്‍ക്കില്‍ ജോലിയില്‍ പ്രവേശിച്ചു. ഇരുവര്‍ക്കും ജോലിക്കു പോകാനായുള്ള സൗകര്യത്തിനായി സമീപകാലത്താണ്‌ റെയില്‍വേ സ്‌റ്റേഷനു സമീപം മനപ്പടിയില്‍ വീടുവാങ്ങിയത്‌.

കൊലപാതകത്തിനുശേഷം കൈമുറിച്ച്‌ ആത്മഹത്യക്കു ശ്രമിച്ച പ്രതി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രതിയുടെ മുറിക്കുമുന്നില്‍ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. അപകടനില തരണം ചെയ്‌തതായുള്ള ഡോക്‌ടര്‍മാരുടെ റിപ്പോര്‍ട്ട്‌ ലഭിച്ചതോടെയാണ്‌ അറസ്‌റ്റ്‌ നടന്നത്‌. ചോദ്യംചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ്‌ പറഞ്ഞു.