കുവൈറ്റ്: പൊതുമാപ്പോ ഇളവുകളോ അനധികൃത താമസക്കാര്‍ക്ക് അനുവദിക്കില്ലെന്നു കുവൈറ്റ് വ്യക്തമാക്കി. നിയമ ലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധന കര്‍ശനമാക്കും. പാസ്‌പോര്‍ട്ടില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷം കാലാവധി ഇല്ലാത്തവര്‍ക്ക് തൊഴില്‍ വിസ അനുവദിക്കില്ല. ഗാര്‍ഹിക വില്‍പന നടത്തുന്നത് തടയാന്‍ സത്വര നടപടികള്‍ കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയം.
ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം മേധാവി തലാല്‍ അല്‍ മഅറഫിയാണ് ഇഖാമ വിസ നിയമങ്ങളില്‍ പുതു വര്‍ഷത്തോടെ നടപ്പാക്കിയ പരിഷ്‌കരണങ്ങളെ കുറിച്ച് വിശദീകരിച്ചത്. നിയമപരമായ രേഖകളോടെ അല്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികളോട് യാതൊരുതരത്തിലുള്ള വിട്ടു വീഴ്ചക്കും സര്‍ക്കാര്‍ ഒരുക്കമല്ലെന്നു അദ്ദേഹം ആവര്‍ത്തിച്ചു. പൊതുമാപ്പോ പിഴ കൂടാതെ രാജ്യം വിടാനുള്ള ഇളവ് കാലമോ അനുവദിക്കില്ല. രാജ്യവ്യാപകമായി അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ തുടരും. ഇടയ്ക്കിടെ പൊതു മാപ്പ് പ്രഖ്യാപിക്കുന്നത് സര്‍ക്കാറിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനു പുറമേ അനധികൃത താമസക്കാര്‍ക്ക് നിയമ ലംഘനം ആവര്‍ത്തിക്കാന്‍ പ്രോത്സാഹനം കൂടിയാവുകയാണ്.

50 വര്‍ഷത്തിലേറെയായി ഈടാക്കി വന്ന വിസ ഇഖാമ ഫീസ് നിരക്കുകളില്‍ താമസിയാതെ വര്‍ദ്ധന നടപ്പാക്കുമെന്നും തലാല്‍ അല്‍ മഅറഫി അറിയിച്ചു. വിദേശികളുടെ പാസ് പോര്‍ട്ട് താമസാനുമതി എന്നിവ ബന്ധിപ്പിച്ചു കൊണ്ടുള്ള പുതിയ സംവിധാനത്തിലൂടെയാണ് തിങ്കളാഴ്ച മുതല്‍ രാജ്യത്തെ ജവാസാത്തുകളും സേവന കേന്ദ്രങ്ങളും പ്രവര്ത്തിക്കുക. പുതിയ സംവിധാനം അനുസരിച്ച് ചുരുങ്ങിയത് 2 വര്‍ഷത്തെ കാലാവധി ഇല്ലാത്ത പാസ്‌പോര്‍ട്ടുകളില്‍ പുതുതായി തൊഴില്‍ വിസ അനുവദിക്കില്ല. സന്ദര്‍ശന വിസ അനുവദിക്കാന്‍ ചുരുങ്ങിയത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം.

ആശ്രിത വിസയില്‍ ഉള്ളവരുടെ ഇഖാമ കാലാവധി സ്‌പൊന്‍സര്‍ ചെയ്യുന്ന വ്യക്തിയുടെ ഇകാമ കാലാവധി വരെ മാത്രമായിരിക്കും. 1 വര്‍ഷത്തില്‍ കുറഞ്ഞ കാലാവധി ഉള്ള പാസ്‌പോര്‍ട്ടുകളില്‍ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കില്ല ഗാര്‍ഹിക വിസയില്‍ വിദേശികളെ കൊണ്ട് വന്നു പുറത്തു ജോലിക്കയക്കുന്ന പ്രവണത തടയാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും തലാല്‍ അല്‍ മഅറഫി കൂട്ടിച്ചേര്‍ത്തു.