ഇംഗ്ലീഷ് ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ ബ്രിട്ടന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ഫ്രാന്‍സിന്റെ പിന്തുണ. ഫ്രാന്‍സ് തീരത്തു നിന്ന് ചാനല്‍ കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളെ തടയാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ പരസ്പര സഹകരണവും നോര്‍ത്തേണ്‍ തീരപ്രദേശത്ത് നിരീക്ഷണവും സുരക്ഷയും ശക്തമാക്കാനാണ് തീരുമാനം. ഈ പദ്ധതി അനധികൃതമായുള്ള ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന് അന്ത്യം കുറിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്‌റ്റോഫ് കാസ്റ്റനര്‍ പറഞ്ഞു. അഭയാര്‍ത്ഥികളെ അപകടകാരികളെന്നും നിയമ ലംഘകരെന്നുമാണ് കാസ്റ്റനര്‍ വിശേഷിപ്പിച്ചത്. പുതിയ അഭയാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന മനുഷ്യക്കടത്തുകാരെ നിയന്ത്രിക്കുക എന്നത് ഫ്രാന്‍സിന്റെയും യുകെയുടെയും താല്‍പര്യങ്ങളില്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ 71 ശ്രമങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഫ്രാന്‍സ് അറിയിക്കുന്നത്. 2017ല്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 12 എണ്ണം കൂടുതലാണ് ഇത്. 2018 നവംബറിലും ഡിസംബറിലുമായാണ് 57 ശ്രമങ്ങളും ഉണ്ടായതെന്നത് ഞെട്ടിക്കുന്നതാണ്. ചാനല്‍ കടക്കാന്‍ ശ്രമിച്ച 504 അഭയാര്‍ത്ഥികളില്‍ 276 പേര്‍ ബ്രിട്ടനില്‍ എത്തി. 228 പേരെ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പിടികൂടി. യൂറോടണലിലും ഫെറി പോര്‍ട്ടുകളിലും സുരക്ഷ ശക്തമാക്കിയതോടെയാണ് ചാനലിലൂടെ ബോട്ടുകളില്‍ അഭയാര്‍ത്ഥികള്‍ എത്താന്‍ തുടങ്ങിയതെന്നാണ് വിലയിരുത്തല്‍. അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് ചാനലില്‍ റോയല്‍ നേവിയുടെ കപ്പല്‍ വിന്യസിച്ചതിനു പിന്നാലെയാണ് ഫ്രാന്‍സ് പുതിയ തീരുമാനവുമായി രംഗത്തെത്തിയത്.

അഭയാര്‍ത്ഥി പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് കാസ്റ്റനറും ഹോം സെക്രട്ടറി സാജിദ് ജാവീദും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനായി സാമ്പത്തികവും സാങ്കേതികവുമായ സഹായം തുടരാമെന്ന് യുകെ ഫ്രാന്‍സിന് ഉറപ്പു നല്‍കി. ഡ്രോണുകളും റഡാറുകളും വീഡിയോ സര്‍വെയിലന്‍സുമാണ് ഏര്‍പ്പെടുത്തുക. അനധികൃത കുടിയേറ്റം തടയുന്നതിനായുള്ള ഇരു രാജ്യങ്ങളുടെയും സഹകരണം ബ്രെക്‌സിറ്റിനും മാറ്റാന്‍ കഴിയില്ലെന്ന് കാസ്റ്റനര്‍ പറഞ്ഞു.