ബ്രോഡ്‌സ്‌റ്റെയേഴ്‌സ്: സ്‌കൂളിലെത്തുന്ന കുട്ടികളുടെ ബാഗ് പരിശോധിക്കാനുള്ള നീക്കവുമായി സ്‌കൂള്‍. ബ്രോഡ്‌സ്‌റ്റെയേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന ചാള്‍സ് ഡിക്കന്‍സ് സ്‌കൂളാണ് എല്ലാ ദിവസവും രാവിലെ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുക്കാനാണ് ഈ പരിശോധനയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മിഠായികള്‍, ഫിസി ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍, ജങ്ക് ഫുഡ് പാക്കറ്റുകള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുക്കുമെന്ന് രക്ഷിതാക്കള്‍ക്ക് നല്‍കിയ അറിയിപ്പില്‍ സ്‌കൂള്‍ വ്യക്തമാക്കി.

കുട്ടികളുടെ ശ്രദ്ധ, പഠനം, സ്വഭാവം എന്നിവയെ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ സ്വാധീനിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നതായി അധികൃതര്‍ വിശദീകരിക്കുന്നു. ക്രിസ്തുമസ് അവധിക്ക് മുമ്പായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ജീവനക്കാര്‍ക്കും ഈ പദ്ധതി ജനുവരിമുതല്‍ ആരംഭിക്കുമെന്ന് അറിയിപ്പ് നല്‍കിയിരുന്നതായി ഹെഡ് ടീച്ചര്‍ മോര്‍ഗന്‍ പറഞ്ഞു. പദ്ധതിക്ക് ബഹുഭൂരിപക്ഷം രക്ഷിതാക്കളുടെയും പിന്തുണ ലഭിച്ചു. പരിശോധന കര്‍ശനമാക്കിയതിനു ശേഷം വിദ്യാര്‍ത്ഥികളുടെ സ്വഭാവത്തിലും ശ്രദ്ധയിലും പഠിത്തത്തോടുള്ള സമീപനത്തിലും കാര്യമായ മാറ്റം ഉണ്ടായെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

ഇന്‍ഡിപ്പെന്‍ഡന്റ് കേറ്ററിംഗ് എന്ന കേറ്ററിംഗ് പ്രൊവൈഡറാണ് ഇപ്പോള്‍ സ്‌കൂളില്‍ ഭക്ഷണം നല്‍കുന്നത്. ഇവര്‍ പ്രദേശത്തെ കൃഷിക്കാരില്‍ നിന്നാണ് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നത്. ജൈവ കൃഷിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും സ്‌കൂള്‍ അവകാശപ്പെടുന്നു. ജനുവരി മുതല്‍ മിഠായികളും ജങ്ക് ഫുഡും എനര്‍ജി ഡ്രിങ്കുകളുമുള്‍പ്പെടെയുള്ളവ സ്‌കൂളില്‍ അനുവദിക്കില്ലെന്നും എല്ലാ ദിവസവും നടത്തുന്ന ബാഗ് പരിശോധനകളില്‍ പിടിച്ചെടുക്കുന്നവ കുട്ടികള്‍ക്ക് തിരികെ നല്‍കില്ലെന്നുമാണ് സ്‌കൂള്‍ വെബ്‌സൈറ്റില്‍ അറിയിച്ചത്.