സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന് ഉജ്വലജയം.19,717 വോട്ടുകളുടെ ഭൂരിപക്ഷം. നഗരസഭയിലും 11 പഞ്ചായത്തുകളിലും ലീഡ് നേടിയാണ് സിപിഎമ്മിലെ സജി ചെറിയാന്‍റെ ചരിത്ര ജയം. 1987ല്‍ മാമ്മന്‍ ഐപ്പ് നേടിയ 15703 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നുള്ള വിജയം യുഡിഎഫിനും ബിജെപിക്കും ഷോക്കായി. സിപിഎമ്മിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 8700ല്‍ ഏറെ വോട്ട് കൂടി. യുഡിഎഫ് രണ്ടാമതെത്തി സ്വന്തം വോട്ടുകള്‍ കാത്ത് രണ്ടായിരത്തിലേറെ വോട്ടുയര്‍ത്തി. ബിജെപിക്ക് എണ്ണായിരത്തിലേറെ വോട്ടുകള്‍ കുറഞ്ഞു

1987ൽ മാമ്മൻ ഐപ്പിന് ലഭിച്ച 15703 ആയിരുന്നു എൽ.ഡി.എഫിന് ചെങ്ങന്നൂരിൽ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം. ഇത് സജി ചെറിയാൻ മറികടന്നു.

യു.ഡി.എഫ്, എൻ.ഡി.എ അനുകൂല മേഖലകളിൽപ്പോലും വ്യക്തമായ മുൻതൂക്കം നേടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ കുതിക്കുന്നത്. പകുതി വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ കഴിഞ്ഞതവണത്തെ എൽ.ഡി.എഫ് ഭൂരിപക്ഷമായ 7983 സജി ചെറിയാൻ മറികടന്നിരുന്നു.

യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാർ, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലും സജി ചെറിയാൻ വ്യക്തമായ ഭൂരിപക്ഷം നേടി. ഈ പഞ്ചായത്തുകളിലെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും സജി ചെറിയാൻ പിന്നോട്ട് പോയില്ല. കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡ് കിട്ടിയ സ്ഥലങ്ങളാണ് പാണ്ടനാടും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയും. എന്നാൽ പാണ്ടനാട് എൽ.ഡി.എഫ് 548 വോട്ടിന്റേയും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ 753 വോട്ടിന്റേയും ഭൂരിപക്ഷം നേടി.

മാന്നാർ പഞ്ചായത്തിൽ 2629 വോട്ടുകളാണ് സജി ചെറിയാന് ലീഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 8126 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡി.എഫ് സ്ഥാനാർഥി വിജയകുമാറിന് 5697 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി ശ്രീധരൻ പിള്ളയ്ക്ക് 4117 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ എൻ.ഡി.എയ്ക്ക് 5236 വോട്ടുകൾ ഇവിടെ ലഭിച്ചിരുന്നു.

മൂന്നാമതായി എണ്ണിയ തിരുവൻവണ്ടൂർ പഞ്ചായത്തിലും എൽ.ഡി.എഫ് ലീഡ് നേടി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എൽ.ഡി.എഫ് ശക്തമായ തിരിച്ചുവരവാണ് ഇവിടെ നടത്തിയത്. 208 വോട്ടകുളുടെ ലീഡാണ് ഇവിടെ എൽ.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ തവണ ഒന്നാമതായിരുന്ന എൽ.ഡി.എ ഇക്കുറി രണ്ടാമതായി. യു.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തായി. കേരളാ കോൺഗ്രസാണ് ഈ പഞ്ചായത്ത് ഭരിക്കുന്നത്.

എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളായ മുളക്കുഴയിലും ആലയിലും പുലിയൂരും ബുധനൂരും സജി ചെറിയാൻ വ്യക്തമായ ലീഡ് നേടി. മുളക്കുഴയിൽ 3637ഉം ആലയിൽ 866 ഉം പുലിയൂരിൽ 637 ഉം ബുധനൂരിൽ 2646 ഉമാണ് സജി ചെറിയാന്റെ ഭൂരിപക്ഷം.

181 ബൂത്തകളാണ് ആകെയുള്ളത്. ഇനി എണ്ണാനുള്ള പഞ്ചായത്തുകളെല്ലാം എൽ.ഡി.എഫിന് മുൻതൂക്കമുള്ള പഞ്ചായത്തുകളാണ്.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ സമരം കാരണം 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എത്തിയത്.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പതിമൂന്ന് റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും.12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും.

പതിന്നാല് മേശകളാണ് വോട്ടെണ്ണലിന് ക്രമീകരിച്ചത്. 42 ഉദ്യോഗസ്ഥര്‍ ഒരേസമയം എണ്ണലില്‍ പങ്കാളികളാകുന്നുണ്ട്. മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്നുപേരടങ്ങുന്നതാണ് ഓരോ മേശയും.