നൊന്തുപെറ്റ രണ്ട് മക്കളെയും പാലിൽ മയക്കുഗുളിക കലർത്തി അഭിരാമി കൊലപ്പെടുത്തിയത് ഭർത്താവിനെയും മക്കളെയും ഒഴിവാക്കി കാമുകനായ സുന്ദരത്തോടൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു.ഭർത്താവ് വിജയ്കുമാറിന്റെ ജീവൻ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രമായിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബം തകര്‍ക്കപ്പെട്ട വിജയ്‌യെ കാണാന്‍ രജനി നേരിട്ടെത്തിയത്.

വിജയ്‌യുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രജനീകാന്തിന്റെ കടുത്ത ആരാധകനാണ് വിജയ്. കൊല്ലപ്പെട്ട തന്റെ രണ്ടുമക്കളും തലൈവരുടെ ആരാധകരായിരുന്നു എന്ന് വിജയ് രജനിയോടു പറഞ്ഞു. കാലാ എന്ന ചിത്രത്തിലെ ഡയലോഗുകള്‍ വച്ചു മക്കള്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഡബ്‌സ്മാഷ് വിഡിയോകളും ചെയ്തിരുന്നതായി ഈ അച്ഛന്‍ പറഞ്ഞപ്പോള്‍ കേട്ടുനിന്നവരും ഒപ്പം രജനിയും വിതുമ്ബിപ്പോയി.

വിങ്ങിപ്പൊട്ടി നില്‍ക്കുന്ന വിജയ്‌യെ ആശ്വസിപ്പിക്കാന്‍ രജനീകാന്തും പാടുപെട്ടു. ഈ ചിത്രങ്ങള്‍ ഏവരേയും കണ്ണീരണിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ് ഇപ്പോള്‍. ഓഗസ്റ്റ് 30നായിരുന്നു വിജയ്കുമാറിന്റെ ജന്മദിനം. രാത്രിയിലെ ജന്മദിനാഘോഷങ്ങൾ കഴിഞ്ഞതിന് പിന്നാലെയാണ് അഭിരാമി നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികൾ നടപ്പിലാക്കിതുടങ്ങിയത്. വ്യാഴാഴ്ച രാത്രി ഭഭർത്താവിനും മക്കൾക്കും നൽകിയ പാലിൽ ഉറക്കഗുളിക പൊടിച്ച് കലർത്തിയിരുന്നു. പക്ഷേ, നാലുവയസുകാരിയായ മകൾക്ക് മാത്രമാണ് വിഷബാധയേറ്റത്.

പാലിൽ കലർത്തിയ മരുന്നിന്റെ അളവ് തീരെ കുറഞ്ഞുപോയതിനാൽ ഭർത്താവ് വിജയ്കുമാറും ഏഴുവയസുകാരനായ മകനും അന്നേ ദിവസം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് ഭർത്താവ് മകളെ കാണാതിരിക്കാനും അഭിരാമി തന്ത്രപൂർവം ഇടപെടലുകൾ നടത്തി. മകൾ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും പറഞ്ഞ്, ഭർത്താവിനെ ആലിംഗനം ചെയ്താണ് അഭിരാമി യാത്രയാക്കിയത്. പക്ഷേ, ഈ സമയം നാലുവയസുകാരിയായ മകൾ മരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകളിൾ പറയുന്നത്.

വെള്ളിയാഴ്ച രാത്രിയിലാണ് മകന് വീണ്ടും മയക്കുഗുളിക പാലിൽ കലർത്തിനൽകിയത്. ഇത്തവണ മരണം ഉറപ്പുവരുത്താനായി ഉയർന്ന അളവിൽ തന്നെ മയക്കുഗുളിക പാലിൽ കലർത്തിയിരുന്നു. രാത്രിയിൽ ജോലി കഴിഞ്ഞെത്തുന്ന ഭർത്താവിന് വേണ്ടിയും സമാനരീതിയിൽ മരണക്കെണി ഒരുക്കിവെച്ചു. എന്നാൽ ബാങ്ക് ജീവനക്കാരനായ വിജയ്കുമാർ, ജോലിത്തിരക്കുകാരണം തിരിച്ചെത്താൻ വൈകുമെന്നറിഞ്ഞതോടെ അഭിരാമി പരിഭ്രാന്തയായി. തുടർന്നാണ് സ്‌കൂട്ടറിൽ ബസ് സ്റ്റാൻഡിൽ എത്തിയത്.

ഇവിടെനിന്ന് കാമുകൻ സുന്ദരത്തിന്റെ സഹായത്തോടെ അഭിരാമി നാഗർകോവിലേക്ക് ബസ് കയറി. എന്നാൽ സുന്ദരം ചെന്നൈയിൽ തുടർന്നു . നാഗർകോവിൽ വഴി തിരുവനന്തപുരത്ത് എത്തി പുതിയ ജീവിതം ആരംഭിക്കാനായിരുന്നു ഇവരുടെ പദ്ധതി. അഭിരാമി കേരളത്തിൽ എത്തിയതിന് പിന്നാലെ സുന്ദരവും അവിടേക്ക് പോകാനായിരുന്നു തീരുമാനം. എന്നാൽ പോലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ കമിതാക്കളുടെ പദ്ധതികളെല്ലാം പാളി.

സ്കൂട്ടറിൽ ദുപ്പട്ട കൊണ്ട് മുഖംമറച്ച് ബസ് സ്റ്റാണ്ടിലേയ്ക്ക് പോകുന്ന അഭിരാമിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ആദ്യംതന്നെ കണ്ടെടുത്തിരുന്നു. അഭിരാമിയുടെ മോബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘം ചെന്നൈയില്‍ വച്ച് സുന്ദരത്തെ അറസ്റ്റ് ചെയ്തു. കോയമ്പേട് ബസ് ടര്‍മലിന് സമീപം ഇരുചക്രവാഹനം ഉപേക്ഷിച്ച് നാഗര്‍കോവിലിലേക്ക് ബസിൽ എത്തി.

നാഗർകോവിലിൽ ബസ് ഇറങ്ങിയ അഭിരാമി തന്റെ മൊബൈൽ ഫോണും സിംകാർഡും ഉപേക്ഷിച്ച് ഒരു ട്രാഫിക്ക് പോലീസുകാരന്റെ ഫോണിൽ നിന്നാണ് സുന്ദരത്തെ വിളിച്ചത്. അഭിരാമി വിളിച്ച ഫോൺ നമ്പർ ട്രാഫിക്ക് പോലീസുകാരന്റേതാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തിരികെവിളിച്ച് അഭിരാമി നാഗർ കോവിലിൽ ഉണ്ടെന്ന് ഉറപ്പുവരുത്തി. തുടർന്ന് കാമുകനായ സുന്ദരത്തെകൊണ്ട് ഇതേ നമ്പറിലേക്ക് തിരിച്ചുവിളിപ്പിച്ചു. പോലീസിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് നഗരത്തിലെ ഒരു സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു. തുടർന്ന് അഭിരാമിയെയും പോലീസ് പിടികൂടുകയായിരുന്നു.