സ്വന്തം ലേഖകന്‍

ചേര്‍ത്തല : പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിക്ഷേധിച്ച് ചേര്‍ത്തലയില്‍ നടന്ന നേഴ്സുമാരുടെ റാലിയില്‍ വന്‍ ജനകീയ പങ്കാളിത്തം . പതിനായിരങ്ങളാണ്  ചേര്‍ത്തലയുടെ മണ്ണില്‍ ഒഴുകിയെത്തിയത്. പോലീസ്സിനെ ഉപയോഗിച്ച് ഈ സമരത്തെ തല്ലി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. അതിനെതിരെയുള്ള പ്രതിക്ഷേധമാണ് ഇന്ന് ചേര്‍ത്തലയില്‍ നടന്നത്.

അക്ഷരാര്‍ത്ഥത്തില്‍ ചേർത്തല കൈയടക്കി യു എന്‍ എ യുടെ നെഴ്സുമാർ . പോരാട്ടവീര്യത്തോടെ ഉയരുന്ന മുദ്രാവാഖ്യങ്ങൾ. കത്തിയമരുന്ന വെയിലിൽ പോലും ആവേശം ചോരാതെ സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ അവർ ഒരുമിച്ച് ഒരേ കുടകീഴിൽ  അണിനിരന്നു.

വീഡിയോ കാണുക

മാനേജ്മമെന്റിന്റെ ക്രൂരമായ നടപടികള്‍ക്കെതിരെ അനേകം നഴ്സുമാര്‍ ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്കു മുമ്പില്‍ മാസങ്ങളായി സമരം ചെയ്ത് വരുകയായിരുന്നു. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ട്രെയിനിങ് സംമ്പ്രദായം നിര്‍ത്തലാക്കുക, ബലരാമന്‍-വീരകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കെ.വി.എം ആശുപത്രിയിലെ നേഴ്‌സുമാര്‍ സമരം ചെയ്യുന്നത്.

ഗര്‍ഭാവസ്ഥയില്‍ മറ്റേണിറ്റി ലീവ് ആവശ്യപ്പെട്ട നഴ്സിന് ലീവ് അനുവദിച്ചിരുന്നില്ല. സി.സി.യു വിഭാഗത്തിലായിരുന്നു അവര്‍. അവിടെ ചികിത്സയുടെ ഭാഗമായുള്ള റേഡിയേഷന്‍ ഉണ്ടാകുമെന്ന കാരണം പറഞ്ഞിട്ടും ലീവ് അനുവദിച്ചില്ല. തുടര്‍ന്ന് അവര്‍ അബോര്‍ട്ടായി. ഇതില്‍രോഷംപൂണ്ട് മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ച നഴ്സുമാരെ പുറത്താക്കുകയാണുണ്ടായത്

‘പത്തും പതിനാലും മണിക്കൂറുള്ള രണ്ട് ഷിഫ്റ്റ് മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. അതും കഴിഞ്ഞ് ഷിഫ്റ്റിന് പുറത്തുള്ള ഓവര്‍ ഡ്യൂട്ടിയും ചെയ്യണം. ഇതിന് പ്രത്യേക അലവന്‍സോ ഒന്നുമുണ്ടാവില്ല. ബാക്കി എല്ലാ ആശുപത്രിയിലും ഉള്ളതുപോലെ മൂന്ന് ഷിഫ്റ്റ് ആക്കണമെന്ന് ഞങ്ങള്‍ കാലങ്ങളായി ആവശ്യപ്പെട്ടതാണ്. മുന്നൂറ് ബെഡ്ഡുള്ള ആശുപത്രിയാണ്. ഇവിടെ ആകെയുള്ളത് 120 നഴ്‌സ്മാരും. ആവശ്യത്തിന് സ്റ്റാഫ് ഇല്ലെന്ന കാരണം പറഞ്ഞ് മൂന്ന് ഷിഫ്റ്റ് എന്ന ആവശ്യം അവര്‍ തള്ളിക്കളയുകയായിരുന്നു. ഞങ്ങള്‍ സ്ത്രീകള്‍ക്ക് മറ്റേണിറ്റി ലീവ് പോലും ഇല്ല’ നൂറ്റമ്പത് ദിവസമായി ചേര്‍ത്തല കെ.വി.എം ആശുപത്രിയുടെ മുന്നില്‍ രാപകല്‍ സമരം ചെയ്യുന്ന ഗിരിയുടെ വാക്കുകളാണിത്. ഗിരിയെപ്പോലുള്ള നൂറ്റിപ്പന്ത്രണ്ട് നഴ്സുമാരാണ് ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്കു മുമ്പില്‍ സമരം ചെയ്യുന്നത്.

ഐ.എന്‍.സി നിര്‍ദ്ദേശിക്കുന്നതിന്റെ പകുതി സ്റ്റാഫ് മാത്രമാണ് കെ.വി.എം ആശുപത്രിയിലുള്ളത്. എന്നാലാകട്ടെ, അനാവശ്യമായി നേഴ്‌സ്മാരുടെ ശമ്പളത്തില്‍ നിന്നും മാനേജ്‌മെന്റ് പിഴ ഈടാക്കിയിരുന്നെന്ന് സമരം ചെയ്യുന്ന നഴ്‌സ്മാര്‍ പറയുന്നു. ‘ ആശുപത്രിയിലെ ലക്ഷങ്ങള്‍ വില വരുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തന രഹിതമാകുമ്പോള്‍ ഞങ്ങളുടെ ശമ്പളത്തില്‍ നിന്നും നഷ്ടപരിഹാരമെന്നോണം ഒരു തുക ഈടാക്കും. മാര്യേജ് ഫണ്ട്, ഡോക്ടര്‍മാര്‍ ഫയലില്‍ ഒപ്പുവച്ചില്ല, ഐ.സി.യുവില്‍ ഈച്ച കയറി, ഡോക്ടേഴ്‌സ് ചെരുപ്പ് കൃത്യ സ്ഥാനത്തി വച്ചില്ല തുടങ്ങി തൊട്ടതിനും പിടിച്ചതിനുമെല്ലാം നഴ്‌സ്മാര്‍ക്ക് ഫൈനാണ് ഇവിടെ’ സമരസമിതി അംഗം കൂടിയായ ഗിരി വിശദീകരിക്കുന്നു.
2017 ഓഗസ്റ്റ് 21നാണ് കെ.വി.എം ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ്മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ആശുപത്രി പ്രവര്‍ത്തനം സമരം കാരണം നിലയ്ക്കരുത് എന്ന ഉദ്ദേശത്തോടെ അത്യാഹിത വിഭാഗത്തിലേയും ഐ.സി.യു, ഡയാലിസിസ് യൂണിറ്റുകളിലെ ജീവനക്കാരെ ഒഴിവാക്കിയാണ് സമരം നടത്തിയിരുന്നത്.

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട രണ്ട് നേഴ്‌സുമാരെ ആശുപത്രി മാനേജ്‌മെന്റ് പിരിച്ച് വിട്ടതോടെയാണ് ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമായത്. ഒരുഘട്ടത്തില്‍ നേഴ്‌സുമാരുടെ സമരത്തെത്തുടര്‍ന്ന് കെ.വി.എം ആശുപത്രിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചിരുന്നു. 2017 ഒക്ടോബറില്‍ ആശുപത്രിക്ക് മുന്നില്‍ നടന്നിരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമന്‍ എന്നിവരുടേയും ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയുടേയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍ ഈ ശ്രമം വിജയിച്ചില്ല. ശമ്പള വര്‍ദ്ധനവും ജോലിയിലെ ഷിഫ്റ്റ് രീതിയും യഥാക്രമം പുന:ക്രമീകരിച്ചെന്നും എല്ലാ ആനുകൂല്യങ്ങളും നേഴ്‌സുമാര്‍ക്ക് ആശുപത്രി നല്‍കുന്നുണ്ടെന്നുമായിരുന്നു മാനേജ്‌മെന്റ് വാദം. നിയമപരമായി പരിശീലനം പൂര്‍ത്തിയാക്കി സേവനം അവസാനിപ്പിച്ച നേഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡയറക്ടര്‍ ഡോ. വി.വി.ഹരിദാസ് പറഞ്ഞിരുന്നു. സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയ നേഴ്‌സ്മാരെ തിരിച്ചെടുക്കില്ലെന്നും ആറുമാസത്തിന് ശേഷം മാത്രമേ ഇക്കാര്യം വീണ്ടു പരിശോധിക്കൂ എന്നുമാണ് മാനേജ്‌മെന്റ് പറഞ്ഞത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു നഴ്സുമാര്‍.

‘സര്‍ക്കാര്‍ മുന്നോട്ട് വച്ച ഉപാധികളെല്ലാം അംഗീകരിക്കുന്നു എന്ന രീതിയിലായിരുന്നു മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ചര്‍ച്ച മുന്നോട്ടു പോയത്. എന്നാല്‍ ഒപ്പുവയ്‌ക്കേണ്ട അവസരം വന്നപ്പോള്‍ ഇവയൊന്നും അംഗീകരിക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് തയ്യാറല്ല എന്ന് പറഞ്ഞ് മന്ത്രിമാരെയടക്കം അപമാനിച്ച് ചര്‍ച്ചയ്ക്കുവന്ന മാനേജ്‌മെന്റ് പ്രതിനിധികള്‍ ഇറങ്ങിപ്പോവുകയായിരുന്നു’ ചര്‍ച്ചയെക്കുറിച്ച യു.എന്‍.എയുടെ സംസ്ഥാന സമിതി അംഗം സുനീഷ് പറയുന്നു. പിന്നീട് മാനേജ്‌മെന്റ് പ്രകോപനപരമായ പ്രവര്‍ത്തനത്തിന് മാപ്പ് പറഞ്ഞിരുന്നു.

സമരത്തിന്റെ അറുപത്തെട്ടാം ദിവസം ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാന്ദന്‍ കെ.വി.എം. ആശുപത്രിയിലെ നേഴ്‌സുമാരുടെ സമരം സര്‍ക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആശുപത്രി അടച്ചിട്ടതിന്റെ അറുപതാം ദിവസം പുതിയ സ്റ്റാഫുകളുമായി ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിച്ചു.

സമരം ചെയ്യുന്ന നൂറ്റി പന്ത്രണ്ടു പേരില്‍ നൂറ്റിപ്പത്തു പേരും സ്ത്രീകളാണ്. യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ സമരത്തിനൊപ്പം നില്‍ക്കുന്ന നേഴ്സ്മാരുടെ കുടുംബത്തിന് എല്ലാ മാസവും മുവ്വായിരം മുതല്‍ ആറായിരം രൂപ വരെ എത്തിച്ചു നല്‍കിയാണ് സമരം നിലനിര്‍ത്തുന്നതെന്ന് ചേര്‍ത്തലയിലെ സമരത്തിന് നേതൃത്വം നല്‍കുന്ന യു.എന്‍.എ.യുടെ ഭാരവാഹി ലീസു മൈക്കിള്‍ പറഞ്ഞു.

ചേര്‍ത്തലയിലെ നാട്ടുകാരും ഓട്ടോത്തൊഴിലാളികളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുമുണ്ട്. നാട്ടുകാരുടെ നേതൃത്വത്തില്‍ സമരത്തിന് പിന്തുണ അറിയിച്ച് വാഹന പ്രചരണ ജാഥയും നടത്തിയിരുന്നു. ‘ഇവിടെ നേഴ്‌സ്മാര്‍ നടത്തുന്ന സമരത്തിന് ഞങ്ങള്‍ പൂര്‍ണ സപ്പോര്‍ട്ടാണ്. രാത്രീം പകലുമൊക്കെ ആശുപത്രിയില്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരല്ലേ. അവര്‍ക്ക് ന്യായമായ ശമ്പളം കൊടുത്തേ പറ്റൂ. സാധാരണക്കാരുടെ വീട്ടില്‍ നിന്ന് വരുന്നവരാണ് ഇവര്‍. വീട്ടില്‍ വേറെയാര്‍ക്കും ജോലിയുമില്ല. മാനേജ്‌മെന്റ് ആശുപത്രി നഷ്ടത്തിലാണെന്നൊക്കെയാണ് പറയുന്നത്. അത് പച്ചക്കള്ളമാണെന്ന് ഞങ്ങള്‍ നാട്ടുകാര്‍ക്ക് അറിയാം’ നാട്ടുകാരനായ സുനില്‍ പറയുന്നു.

‘സമരത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും യു.എന്‍.എ കത്തയച്ചിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. സമരത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് വീണ്ടും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വീണ്ടും നിവേദനം കൊടുക്കാന്‍ ഒരുങ്ങുകയാണ് യു എന്‍.എ’ അതുകൊണ്ടും ഫലം ഉണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായ പണിമുടക്കിലേക്ക് പോകാനാണ് തീരുമാനമെന്ന് യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ പറഞ്ഞു.

‘സര്‍ക്കാര്‍ മുന്നോട്ട് വച്ച എല്ലാ ഉടമ്പടികളും ഞങ്ങള്‍ക്ക് സ്വീകാര്യമായിരുന്നു. എന്നാല്‍ ആശുപത്രി മാനേജ്‌മെന്റ് ഇവയിലൊന്നുപോലും അംഗീകരിക്കാന്‍ തയ്യാറായില്ല. സമരം കൂടുതല്‍ ശക്തമാക്കാനാണ് യു.എന്‍.എ യുടെ തീരുമാനം. കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ്മാര്‍ ഒറ്റക്കെട്ടായ പ്രതിഷേധത്തിലേക്ക് പ്രവേശിക്കുകയാണ്’. യു.എന്‍.എ യുടെ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്‍ പറയുന്നു.

അനന്യ, സമസ്യ എന്നീ രണ്ട് നേഴ്‌സ്മാരെയാണ് സമരം ചെയ്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും പുറത്താക്കിയതെന്ന് യു.എന്‍.എയുടെ പ്രതിനിധി ലീസു പറയുന്നു. അനന്യ രണ്ട് വര്‍ഷം എറണാകുളം അമൃത ആശുപത്രിയില്‍ ജോലി ചെയ്തിരുന്നതാണ്. അമ്മയുടെ അസുഖത്തെത്തുടര്‍ന്നാണ് അനന്യ കെ.വി.എം ആശുപത്രിയിലേക്ക് മാറിയത്. ഇവിടെ ജോലിക്ക് പ്രവേശിച്ച് ഏഴ് മാസമായപ്പോഴാണ് പുറത്താക്കുന്നതെന്നും അദ്ദേഹം പറയുന്നു.

പുറത്താക്കപ്പെട്ട സമസ്യ ഗര്‍ഭിണിയായിരുന്നെന്നും അവര്‍ക്ക് മാറ്റേണിറ്റി ലീവ് അനുവദിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും ലീസു ആരോപിക്കുന്നു.

‘പുറത്താക്കപ്പെട്ട മറ്റൊരാളായ സമസ്യ കെ.വി.എം ആശുപത്രിയുടെ തന്നെ കോളേജില്‍ പഠിച്ചിറങ്ങിയതാണ്. പരിശീലനം പോരെന്ന കാരണം ഉയര്‍ത്തിയാണ് സമസ്യയെ പുറത്താക്കിയത്. ഒന്നര വര്‍ഷത്തോളം ഇവിടെത്തന്നെ ജോലിയും ചെയ്തിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ മറ്റേണിറ്റി ലീവ് ആവശ്യപ്പെട്ട സമസ്യയ്ക്ക് അതും അനുവദിച്ചിരുന്നില്ല. സി.സി.യു വിഭാഗത്തിലായിരുന്നു സമസ്യ. അവിടെ ചികിത്സയുടെ ഭാഗമായുള്ള റേഡിയേഷന്‍ ഉണ്ടാകുമെന്ന കാരണം പറഞ്ഞിട്ടും ലീവ് അനുവദിച്ചില്ല. തുടര്‍ന്ന് സമസ്യ അബോര്‍ട്ടായി’ ലീസു വിവരിക്കുന്നു.

തുടര്‍ന്നുണ്ടായ സമരത്തില്‍ ബാനര്‍ പിടിച്ച് മുന്‍ നിരയില്‍ ഉണ്ടായിരുന്നത് അനന്യയും സമസ്യയുമാണ്. ഇത് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചതാണ് പിരിച്ചുവിടലിന് പിന്നിലെന്ന് ഇവര്‍ പറയുന്നു.

ബലരാമന്‍ റിപ്പോര്‍ട്ട്

സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സ്മാരുടെ ശമ്പളം വിവിധ ഗ്രേഡുകളിലായി 12,900 മുതല്‍ 21,360 രൂപ വരെയാക്കി ഉയര്‍ത്തണമെന്നായിരുന്നു ബലരാമന്‍ കമ്മറ്റി ശുപാര്‍ശ ചെയ്തത്. 2012 ജനുവരിയിലാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. എസ്.ബാലരാമന്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചത്.

അടിസ്ഥാന ശമ്പളം 12,900 രൂപയാക്കുക, എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റ് എന്ന സമ്പ്രദായം നടപ്പാക്കുക എന്നിവയായിരുന്നു ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍. എല്ലാ മാസവും അഞ്ചാം തിയതിക്കകം ശമ്പളം ബാങ്ക് വഴി നല്‍കണമെന്നും നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെയ്ക്കുന്ന ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. നഴ്സുമാരെ ട്രെയിനികളായി നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും അടിയന്തരമായി ഇത് നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറുയുന്നുണ്ട്

സര്‍ക്കാര്‍ മേഖലയിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് ആയിരം രൂപ കുറച്ചാണ് സ്വകാര്യ മേഖലയിലെ സ്റ്റാഫ് നഴ്സുമാര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. 250 രൂപ വാര്‍ഷിക ഇന്‍ക്രിമെന്റും നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം പരിചയമുള്ള സീനിയര്‍ സ്റ്റാഫ് നേഴ്സുമാരുടെ അടിസ്ഥാന ശമ്പളം 13,650 രൂപയും 300 രൂപ ഇന്‍ക്രിമെന്റും നിര്‍ദേശിക്കുന്നു.

ഹെഡ്നേഴ്സുമാര്‍ക്ക് 15,150 രൂപയും 350 രൂപ ഇന്‍ക്രിമെന്റും. ഡെപ്യൂട്ടി നേഴ്സുമാരുടെ ശമ്പളം 17,740 രൂപയും 400 രുപ ഇന്‍ക്രിമെന്റും നേഴ്സിംങ് സൂപ്രണ്ടിന് 19,740 രൂപയും 450 രൂപ ഇന്‍ക്രിമെന്റും നേഴ്സിംങ് ഓഫീസര്‍ക്ക് 21,360 രൂപയും 500 രൂപ ഇന്‍ക്രിമെന്റുമാണ് ശുപാര്‍ശ ചെയ്യുന്നത്.

വര്‍ഷത്തില്‍ 12 കാഷ്വല്‍ ലീവ്, 12 ആന്വല്‍ ലീവ്, 13 പൊതു അവധി ദിവസങ്ങള്‍ എന്നിവയും ബാധകമാണ്. അധിക ജോലിക്ക് പകരം അവധിയോ മറ്റ് ആനുകൂല്യങ്ങളോ നല്‍കണം. നേഴ്സിംങ് കൗണ്‍സില്‍ നിര്‍ദേശിക്കുന്ന യോഗ്യതയും രജിസ്ട്രേഷനും ഉള്ളവരെ മാത്രമേ ആശുപത്രിയില്‍ നിയമിക്കാന്‍ പാടുള്ളുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.