കനേഷ്യസ് അത്തിപ്പൊഴിയില്‍

ജന്മ നാടിന്റെ ഓര്‍മ്മകളുമായി, മറുനാട്ടില്‍ നാടന്‍ കലകളുടെ പൂരവുമായി, കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന തിരുവിതാംകൂറിന്റെ തലയെടുപ്പായ ചേര്‍ത്തലയുടെ മക്കള്‍ മൂന്നാമത് സംഗമത്തിനായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലേക്ക്. ജൂണ്‍ 24 ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ബ്രാഡ്‌വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ യുകെയിലെ ചേര്‍ത്തല നിവാസികള്‍ മൂന്നാമത് സംഗമത്തിനായി ഒന്നിച്ചു കൂടും. സ്‌കൂള്‍, കോളേജ് കാലഘട്ടത്തിലെ ഓര്‍മ്മകളും, നാട്ടു വിശേഷങ്ങളും ഒപ്പം ചാരിറ്റിയുടെ മഹനീയ സന്ദേശവും പകര്‍ന്നു കൊണ്ട് കഴിഞ്ഞ സംഗമത്തില്‍ അംഗങ്ങള്‍ കൈപ്പറ്റിയ ചാരിറ്റി ബോക്‌സില്‍ സമാഹരിച്ച പണം സംഗമ വേദിയില്‍ എത്തിച്ച്, അത് അര്‍ഹമായ കരങ്ങളില്‍ ഏല്‍പ്പിച്ചു മാതൃകയാകാനും ചേര്‍ത്തല സംഗമം ഒരുങ്ങുകയാണ്.

മറ്റു അസോസിയേഷന്‍, സംഗമ രീതികളില്‍ നിന്നും വ്യത്യസ്തമായി
നാട്ടുകാര്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധം കെട്ടി ഉറപ്പിക്കുകയാണ് ഒത്തു കൂടലിലൂടെ സംഗമം ശ്രമിക്കുന്നത്. പല കൂട്ടായ്മകളും ഒറ്റ ദിവസത്തെ ഒത്തുകൂടലില്‍ അവസാനിക്കുന്ന കാഴ്ചയാണ് ഇന്ന് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. അതിനു വിപരീതമായി നാട്ടുകാര്‍ തമ്മില്‍ നിരന്തര ബന്ധവും പരസ്പര സഹകരണവും ഊട്ടയുറപ്പിക്കുന്ന തരത്തിലാണ് ചേര്‍ത്തല സംഗമം പ്രവര്‍ത്തിക്കുന്നത്. വരും വര്‍ഷങ്ങളില്‍ പ്രവര്‍ത്തന മേഖല വിപുലീകരിക്കുവാനുള്ള ശ്രമത്തിലാണ് ചേര്‍ത്തലക്കാര്‍. യുകെയിലെ കലാസാംസ്‌കാരിക, പൊതു സംഘടനാ രംഗത്തുള്ള മികച്ച വ്യക്തിത്വങ്ങള്‍ ചേര്‍ത്തല സംഗമത്തിന്റെ വലിയ മുതല്‍ കൂട്ടാണ്.

ദേശാന്തരങ്ങള്‍ കടന്ന് ജീവിതം കെട്ടിപ്പടുക്കുവാന്‍ മറുനാട്ടിലെത്തിയ യുകെ മലയാളികള്‍ ഓരോരുത്തരും എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന ഒന്നാണ് നമ്മുടെ നാടിന്റെ ഓര്‍മ്മകളും ചിന്തകളും. നാടന്‍ കലാരൂപങ്ങളും സംഗീത നൃത്ത വിസ്മയങ്ങളുമായി മൂന്നാമത് ചേര്‍ത്തല സംഗമം അവിസ്മരണീയമായ ഒരു ദിനമാക്കി മാറ്റുവാനുള്ള ഒരുക്കത്തിലാണ് ചേര്‍ത്തല സംഗമം ഭാരവാഹികള്‍. എല്ലാ ചേര്‍ത്തല നിവാസികളെയും സംഗമത്തിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായും, ഇനിയും സംഗമത്തെ കുറിച്ച് അറിയാത്ത ചേര്‍ത്തല നിവാസികള്‍ യുകെയില്‍ ഉണ്ടെങ്കില്‍ ഇതൊരറിയിപ്പായി സ്വീകരിച്ചു മൂന്നാമത് സംഗമം ഒരു വലിയ വിജയമാക്കി തീര്‍ക്കണമെന്ന് സംഗമം ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
കനേഷ്യസ് അത്തിപ്പൊഴിയില്‍ -07737061687മനോജ് ജേക്കബ് -07986244923