കാരൂര്‍ സോമന്‍

സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും പുറത്താക്കപ്പെടുന്ന-പാര്‍ശ്വവത്കരിക്കപ്പെടുന്ന സാധാരണ മനുഷ്യരുടെ വിഷയങ്ങള്‍ പരസ്പരം പറയുവാനും പരിഹാരം കാണുവാനുമായി അനേകം സംഘടനകള്‍ അനേകം വര്‍ഷങ്ങളാണ് നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നു. അനേകം പഞ്ചവത്സര പദ്ധതികള്‍ വഴി എത്രയോ ആയിരം കോടി രൂപയാണ് സാധുക്കളുടെ ഉന്നമനത്തിനായി ഓരോ വര്‍ഷവും ഗവണ്‍മെന്റ് ചിലവാക്കുന്നത്. പക്ഷേ എന്തുചെയ്യാം.

ഇപ്പോഴും സ്വന്തമായി തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ ഭൂസമരങ്ങള്‍ നടത്തുകയും കുടിയേറ്റവും കയ്യേറ്റവും നടത്തി വ്യവസ്ഥിതിയോട് പോരാടി ജീവിച്ചു വരുന്നു. ഇതിനു വേണ്ടി സംസാരിക്കുവാനും ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുവാനും ഇവിടെ ആര്‍ക്കും സമയമില്ല.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ആരുടെ വാക്കുകളാണ് എന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയുവാനിടയില്ല. കാരണം നമ്മുടെ നാട്ടിലെ ജനങ്ങള്‍ കഴിഞ്ഞ കുറേ കാലമായി പരസ്പരം കാണുമ്പോള്‍ ഇത്തപം വിഷയങ്ങള്‍ സംസാരിക്കാറുണ്ട്.

അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങള്‍ ഒരു വ്യക്തിയുടെ സ്വകാര്യ ചിന്തയല്ല, പൊതുസമൂഹത്തിന്റെ മൊത്തം ബോധതലമാണെന്നും നാം മനസിലാക്കണം. ഇങ്ങനെ രൂപപ്പെടുന്ന സാമൂഹ്യശക്തിയാണ് ഭരണതലത്തില്‍ ആര് അധികാരത്തിലെത്തണം എന്ന് തീരുമാനിക്കുന്നത്.

ഇത്തരം കാര്യങ്ങളെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അവസാനിക്കില്ലാത്തതിനാല്‍ ബോധപൂര്‍വം തന്നെ ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുകയും നമുക്കെല്ലാം സുപരിചിതനും സര്‍വലോക തെങ്ങുകയറ്റക്കാരനും ഒരു സാധാരണ പൗരനുമായ പാച്ചു തന്റെ നിത്യജീവിതത്തൊഴിലായ തെങ്ങുകയറ്റത്തിനു ശേഷം വീട്ടില്‍ വിശ്രമിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞ കഥ നിങ്ങളുടെ ശ്രദ്ധയില്‍പെടുത്താം.

ഭാ​ഗം-2

പാച്ചു പറഞ്ഞ കഥ

ഒരു ശരാശരി ഇന്ത്യാക്കാരന് വേണ്ട എല്ലാ രോഗങ്ങളും എനിക്കുണ്ടായിരുന്നു. ഷുഗര്‍, കൊളസ്‌ട്രോള്‍, ബ്ലഡ് പ്രഷര്‍ അങ്ങനെ എല്ലാം.

അങ്ങനെയിരിക്കെയാണ് എനിക്ക് വില്ലേജ് ഓഫീസില്‍ നിന്നും ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നു. അതിനുള്ള അപേക്ഷയുമായി ഓഫീസിലെത്തിയപ്പോള്‍.

”ഇന്ന് ഈ സെക്ഷനിലെ പ്യൂണ്‍ വന്നില്ല” എന്ന ഓഫീസറുടെ മറുപടി കേട്ട് ഞാന്‍ നിരാശനായി തിരികെ വീട്ടിലേക്ക് നടന്നു. പിറ്റേന്നും ഞാന്‍ വില്ലേജ് ഓഫീസിലെത്തി. അന്ന് ആഫീസര്‍ അവധിയായിരുന്നു. അന്നും തിരികെ വീട്ടിലേക്ക് നടന്നു.

അങ്ങനെ ഓരോരോ കാരണം വന്നുഭവിച്ചതിനാല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചില്ല. മൂന്ന് മാസമായി വീട്ടില്‍ നിന്നും തിരിച്ച് വീട്ടിലേക്കും നടന്ന് നടന്ന് എന്റെ എല്ലാ രോഗവും മാറി. ആരോഗ്യം പഴയപടിയായി. ഈ നല്ലനടപ്പ് തുടരനായി ജാതിതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനുകൂടി ഞാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണിപ്പോള്‍.

നമ്മുടെ സര്‍ക്കാര്‍ ജനങ്ങളുടെ ആരോഗ്യത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നു ഈ ‘സര്‍ട്ടിഫിക്കറ്റ്’ പദ്ധതി എല്ലാ ജനങ്ങളും പ്രയോജനപ്പെടുത്താന്‍ അപേക്ഷിക്കുന്നു.

ഇത്രയും പറഞ്ഞുകൊണ്ട് പാച്ചു കഥ അവസാനിപ്പിച്ചു.

(കടപ്പാട്: മനോരമ മാസിക)