പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ 3 കൂട്ടുകാരിൽ രണ്ടു പേരാണ് ഇന്നലെ മുങ്ങി മരിച്ചത്. മരിച്ച ഒരു കുട്ടിയുടെ അമ്മയുടെ മുന്നിൽ വച്ചായിരുന്നു അപകടം. കരയിൽ നിന്നിരുന്ന പതിനാലുകാരനായ കൂട്ടുകാരനു രക്ഷിക്കാനായത് അമ്മയെയും ഒരു കുട്ടിയെയും മാത്രമാണ്. വീടിനടുത്ത് പതിവായി കുളിക്കാൻ പോകുന്ന കടവിലാണ് അപകടം. മണൽ കുഴിഞ്ഞു രൂപപ്പെട്ട കയത്തിലേക്കു കുട്ടികൾ നീന്തിച്ചെല്ലുകയായിരുന്നു. ദ്രോണ, വിവേക്, ബന്ധുവായ നവനീത് (13), ശ്രീക്കുട്ടൻ എന്നിവരുമായാണ് ദ്രോണയുടെ അമ്മ മഞ്ജു കടവിൽ പോയത്.

മഞ്ജു തുണി അലക്കുന്ന സമയത്ത് വിവേകും ദ്രോണയും നവനീതും വെള്ളത്തിലിറങ്ങി. കയത്തിന്റെ മധ്യഭാഗത്തേക്ക് നീന്തിയ കുട്ടികൾ മുങ്ങിപ്പോകുകയായിരുന്നു. 3 പേരും മുങ്ങുന്നതു കണ്ടു മഞ്ജു വെള്ളത്തിലേക്ക് ചാടി. എന്നാൽ നീന്തലറിയില്ലായിരുന്ന മഞ്ജുവും താഴ്ന്നുപോയി. നീന്തലറിയില്ലാതിരുന്നിട്ടും ശ്രീക്കുട്ടൻ വെള്ളത്തിൽ ചാടി മഞ്ജുവിനെയും നവനീതിനെയും കരയിലേക്ക് വലിച്ചു കയറ്റിയെങ്കിലും മറ്റു 2 പേരും ചെളിയിൽ താഴ്ന്നു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടികളെ മുങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല. വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ് വിവേക്. കരിമ്പൻ സെന്റ് തോമസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ദ്രോണ. മായയാണ് വിവേകിന്റെ അമ്മ. സഹോദരൻ: വിശാൽ. ദ്രോണയുടെ സഹോദരൻ: ദക്ഷിൻ. മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിൽ

പതിവായി കുളിക്കാനിറങ്ങുന്ന കടവായിരുന്നെങ്കിലും കുട്ടികളെ മരണം തട്ടിയെടുത്തത് കടവിനു സമീപത്തെ ചെളിക്കയം. പ്രളയത്തിനു ശേഷം രൂപം മാറിയ പെരിയാറ്റിലെ കയങ്ങളുടെ മുകളിലെ മണൽപ്പരപ്പിനു താഴെ ചെളിയും കല്ലും കൂടിക്കുഴഞ്ഞാണ് കിടക്കുന്നത്. ഇന്നലെ അശോക കവല ഭാഗത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ പെട്ട കുട്ടികൾ ചെളിയിൽ പുതഞ്ഞു കിടന്നിരുന്ന കല്ലിൻ കൂട്ടത്തിൽ പെടുകയായിരുന്നുവെന്നു രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയ സമീപത്തെ ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു.

കൺമുന്നിൽ കളിക്കൂട്ടുകാർ നിലയില്ലാക്കയത്തിലേക്കു മുങ്ങിത്താണതിന്റെ അമ്പരപ്പ് ശ്രീക്കുട്ടന്റെ മുഖത്തുനിന്നു മാഞ്ഞിട്ടില്ല. അപകടത്തെക്കുറിച്ചു ചോദിക്കുമ്പോൾ വാക്കുകൾ മുഴുമിപ്പിക്കാതെ വിതുമ്പുകയാണ് ഈ പത്താംക്ലാസുകാരൻ. അപകടത്തിൽപ്പെട്ട കുട്ടികൾ നിർബന്ധിച്ചതിനാലാണ് ഇവർ താമസിച്ചിരുന്ന വാടക വീടിന്റെ ഉടമ അശോക കവല കുറവമ്പറമ്പിൽ ശ്രീകുമാറിന്റെ മകൻ ശ്രീക്കുട്ടൻ പെരിയാറിൽ കുളിക്കാൻ പോകുന്നത്. അപകടം കണ്ട് മണൽതിട്ടയിൽ കാലുറപ്പിച്ച് നവനീതിനെ ഒരുതരത്തിൽ കരയിലേക്കു തള്ളിക്കയറ്റി. ഈ സമയം മഞ്ജുവിന്റെ തലമുടിയിൽ പിടിത്തം കിട്ടി . മഞ്ജുവിനെയും കരയിലേക്കു തള്ളിക്കയറ്റിയപ്പോൾ നാട്ടുകാർ ബഹളം കേട്ട് എത്തിയിരുന്നു.