ലിയോസ് പോൾ

കഴിഞ്ഞ പത്തു വർഷക്കാലമായി UK മലയാളികളുടെ സാമൂഹ്യ ജീവിതത്തിനകത്ത് ജനാധിപത്യ ബോധത്തിൻ്റേയും പുരോഗമന ചിന്തയുടെയും പുത്തൻ ഉണർവ്വുകൾ സമ്മാനിച്ചുകൊണ്ട് സമാനതകളില്ലാത്ത സാംസ്‌കാരിക പ്രവർത്തനം നടത്തി വരുന്ന ചേതന UK യുടെ കേരളപ്പിറവി ആഘോഷം നവംബർ ഒമ്പതിന് ബോൺമൗത്തിൽ വച്ച് നടത്തപ്പെടുന്നു.2009ൽ രൂപം കൊണ്ട ചേതനയുടെ പത്താം വാർഷികത്തോടനുബന്ധിച്ചു ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികൾക്ക് കഴിഞ്ഞ സെപ്റ്റംബർ 21ന് ഓക്‌സ്‌ഫോഡിൽ വച്ച് പ്രമുഖ ചിന്തകനും,പ്രഭാഷകനും,എഴുത്തുകാരനുമായ Dr.സുനിൽ പി ഇളയിടത്തിൻ്റെ സാന്നിദ്ധ്യത്തിൽ വച്ച് ഇന്ത്യൻ വർക്കേഴ്സ് അസ്സോസിയേഷൻ്റെ ജോയിൻറ് സെക്രട്ടറി ശ്രീ ഹർസെവ്‌ ബൈൻസ് തുടക്കം കുറിച്ച പശ്ചാത്തലത്തിൽ, പൂർവ്വാധികം ഭംഗിയോട്‌ കൂടി ഈ വർഷത്തെ കേരളപ്പിറവി ആഘോഷം നടത്തണം എന്നാണ് ചേതനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്.

 

കലാ സാഹിത്യ രാഷ്ട്രീയ രംഗത്തെന്ന പോലെ തന്നെ ആതുരസേവന രംഗത്തും വ്യക്തമായ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള ചേതനയുടെ ഈ വർഷത്തെ കേരളപ്പിറവി ആഘോഷം ഉത്‌ഘാടനം ചെയ്യുന്നത് മുൻ ഇന്ത്യൻ രാജ്യസഭാംഗവും സാംസ്‌കാരിക വിഭാഗം പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന Dr.സീതാറാം യെച്ചൂരിയാണ്.നവംബർ ഒമ്പത്‌ ശനിയാഴ്ച ബോൺമൗത്തിലെ West Parley Memorial ഹാളിൽ ചേതന പ്രസിഡന്റ് സുജൂ ജോസഫിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ആന്ധ്രാ ഗവണ്മെന്റ് ടെക്നിക്കൽ എഡ്യൂക്കേഷൻ കമ്മീഷണർ ആയിരുന്ന മലയാളിയായ IAS ഓഫീസർ ശ്രീ ബാബു അഹമ്മദ് വിശിഷ്ട അതിഥിയായി പങ്കെടുക്കും.UK യിലാകമാനമുള്ള മലയാളികളുടെയാകെ ഐക്യപ്പെടലിന്റെയും ഒത്തുചേരലിന്റെയും പ്രതീകമായി മാറാൻ പോകുന്ന ഐക്യ കേരളത്തിന്റെ അറുപത്തിമൂന്നാമത് ജന്മദിനത്തോടനുബന്ധിച്ച സാംസ്‌കാരിക സമ്മേളനത്തിൽ UKയിലെയും പ്രത്യേകിച്ച് ബോൺമൗത് ഏരിയയിലെയും സാമൂഹ്യ സാംസ്‌കാരിക രംഗത്തു നിന്നുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന,പുരോഗമന പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന സാംസ്‌കാരിക സമ്മേളനത്തിന് ശേഷം, UK യുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും വരുന്ന പ്രതിഭാധനരായ അനേകം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന നൃത്തവും സംഗീതവും സമന്വയിക്കുന്ന കലാ പ്രകടനങ്ങൾ അരങ്ങേറും.ഏതാനും വർഷങ്ങളായി UK യിൽ ആതുരസേവന രംഗത്ത് വില മതിക്കാനാകാത്ത പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അമ്മ ചാരിറ്റി ഒരുക്കുന്ന ഭക്ഷണ കൗണ്ടർ ഹാളിനകത്തു മുഖ്യ ആകർഷണമാകും.

 

ഒരു കൂട്ടം സ്ത്രീകൾ,തങ്ങളുടെ ജോലിസമയം കഴിഞ്ഞുള്ള ഒഴിവു സമയത്തു നടത്തുന്ന അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ വഴി നിരവധിയായ സഹായങ്ങളാണ് അമ്മ ചാരിറ്റി, അശരരായ ആളുകൾക്ക് എത്തിച്ചു കൊടുത്തിട്ടുള്ളത്.ഫോക്കസ് ഫിനാൻസ് സൊല്യൂഷൻസിന്റെയും,Law & Lawyers സോളിസിറ്റർ സെർവീസസിന്റെയും,ഗ്രേസ് മെലഡീസിന്റെയും,അമ്മ ചാരിറ്റിയുടെയും സഹായത്തോട് കൂടി,വരുന്ന നവംബർ 9 ശനിയാഴ്ച വൈകിട്ട് നാല് മണി മുതൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിലേക്കും തുടർന്ന് നടക്കുന്ന കലാ വിരുന്നിലേക്കും എല്ലാ നല്ലവരായ നാട്ടുകാരെയും,സുഹൃത്തുക്കളേയും ചേതന UK ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
Hall Address:
West Parley Memorial Hall
275 Christ Church Road
BH22 8SL