തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷന്‍ കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്നും മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുതെന്നും പിണറായി പറഞ്ഞു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തൃപ്തനല്ലെന്നും അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നും മോഹന്‍ദാസ് പറഞ്ഞിരുന്നു. റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. കസ്റ്റഡി മരണത്തില്‍ ഇത്ര വേഗത്തില്‍ നടപടി സ്വീകരിച്ചത് ആദ്യമാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ മറ്റു കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാലത്ത് പുതിയ രീതിയിലുള്ള മാധ്യമ സംസ്‌കാരം രൂപപ്പെട്ടു വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ തോന്നിയത് വിളിച്ചു പറയുന്ന ഈ സംസ്‌കാരം ശരിയായ നിലപാടായി കാണാന്‍ കഴിയില്ലെന്ന് പിണറായി പറഞ്ഞു. അതേസമയം വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. കേസില്‍ അറസ്റ്റിലായ മൂന്ന് പോലീസുകാരെയും മരിച്ച ശ്രീജിത്തിന്റെ ഭാര്യ തിരിച്ചറിഞ്ഞിട്ടുണ്ട്.