കേരളത്തില്‍ ഒരു സാഹചര്യത്തിലും അവശ്യസാധാനങ്ങള്‍ക്ക് ക്ഷാമ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളുടെ മതിയായ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അത് ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് തികയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ ടുഡെ ചാനലില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി സംസ്ഥാനം എടുത്ത മുന്‍ കരുതലുകള്‍ വിശദീകരിച്ചത്.

ഉപഭോഗ സംസ്ഥാനമായ കേരളം എങ്ങനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കുമെന്നായിരുന്നു രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യം. ഇക്കാര്യത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും എല്ലാ തരത്തിലുള്ള മുന്‍ കരുതലുകളുമെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്.

കേരളത്തില്‍ കൂടുതല്‍ പേര്‍ രോഗികളായി മാറിയാല്‍ അതിനെ എങ്ങനെ നേരിടുമെന്നായിരുന്നു അടുത്ത ചോദ്യം. അതിന് കൈകൊണ്ട നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനം കടുത്ത പ്രതിരോധ നടപടികള്‍ എടുത്ത സാഹചര്യത്തില്‍ വലിയ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇനി അത്തരമൊരു സാഹചര്യം വന്നാല്‍ രോഗികളെ പാര്‍പ്പിക്കാനും, ക്വാറന്റൈന്‍ ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു ലക്ഷത്തി അറുപതിനായിരത്തിലേറെ പേരെ കിടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം, രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന കാര്യം മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെടുത്തി.

കേരളം 22000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍, ആരോഗ്യ സുരക്ഷ പദ്ധതികള്‍, സൗജന്യം ഭക്ഷണം, വായ്പ സഹായ പദ്ധതികള്‍ തുടങ്ങിയ ഉള്‍പ്പെടെയാണിത്. 2000 കോടി രൂപ വായ്പ കുടുംബശ്രിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ വായ്പകളുടെ പലിശ സംസ്ഥാന സര്‍ക്കാറായിരിക്കും വഹിക്കുകയെന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തില്‍ രോഗ പരിശോധന നടത്തുന്നത് പോലെ മറ്റൊരു സംസ്ഥാനത്തും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പരിശോധന കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ പ്രതിസന്ധി കാലത്ത് എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിനായി കമ്മ്യൂണിറ്റി കിച്ചൺ ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഇന്നലെ ഒമ്പത് പേര്‍ക്കുകൂടിയാണ് കേരളത്തില്‍ രോഗം സ്ഥിരീരിച്ചത്. ചികില്‍സയില്‍ ഉണ്ടായിരുന്ന എട്ടുപേരുടെ പരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത ആകെ 76 542 പേരാണ് നിരീക്ഷണത്തിലുളളത്. സംസ്ഥാനത്ത് ആകെ 118 പേര്‍ക്ക് വൈറസ് ബാധ വന്നതില് 91 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന വന്നവരാണ്.

അതിനിടെ കേരളത്തില്‍ കൊറോണ ബാധ ഉണ്ടായതു മുതല്‍ സംസ്ഥാനത്തെ അവസ്ഥകള്‍ വിശദീകരിച്ചുകൊണ്ട് നടത്തുന്ന വാര്‍ത്ത സമ്മേളനം ഇന്നുമുതല്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്തി അറിയിച്ചു. മുന്‍കരുതുലിന്റെ ഭാഗമായാണ് നടപടി. ഇതിന് പകരമായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കൊറോണ ബാധയുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ എടുക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നതും മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനങ്ങളായിരുന്നു.