കേരളത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിനല്ല, സംസ്ഥാനസർക്കാരിന്‍റെ കീഴിലുള്ള സിയാലിന് തന്നെ നൽകണമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി അധ്യക്ഷനായ നിതി ആയോഗ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഇതിന് ശേഷമായിരുന്നു കൂടിക്കാഴ്ച.

വിമാനത്താവള നടത്തിപ്പിൽ സിയാലിന്‍റെ കാര്യപ്രാപ്തി തെളിയിക്കപ്പെട്ടതാണെന്ന് പിണറായി മോദിയോട് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ പ്രശംസ വരെ സിയാലിന് കിട്ടിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിലൂടെ സിയാൽ അത് വീണ്ടും തെളിയിച്ചു. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ നടത്തിയുള്ള പരിചയം സർക്കാരിനുണ്ട്. അതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് സർക്കാരിനെ ഏൽപിക്കണമെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോടാവശ്യപ്പെട്ടത്.

കേരളത്തിന്‍റെ ആവശ്യം കൃത്യമായി കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്താനായി. പ്രധാനമന്ത്രി ആവശ്യങ്ങൾ കേട്ടു. നല്ല പ്രതീക്ഷയുണ്ട്. നല്ല തീരുമാനം ഉണ്ടായേക്കാം എന്നാണ് മനസ്സിലാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പല തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രം പരിഗണിക്കാതിരുന്ന എയിംസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എയിംസ് സ്ഥാപിക്കാവുന്ന നാല് സ്ഥലങ്ങൾ കണ്ടെത്തി ആദ്യം സംസ്ഥാനസർക്കാർ കേന്ദ്രത്തെ സമീപിച്ചു. അപ്പോൾ ഒരു സ്ഥലം കണ്ടെത്തി നൽകണമെന്ന് പറഞ്ഞു. അതനുസരിച്ചാണ് കോഴിക്കോട്ട് 200 ഏക്കർ ഭൂമി കണ്ടെത്തി നൽകിയത്. എന്നാൽ തുടർന്ന് വന്ന ബജറ്റുകളിലൊന്നും കേന്ദ്രം കേരളത്തെ പരിഗണിച്ചിട്ടില്ല. കേരളത്തിന്‍റെ ആരോഗ്യമേഖല കണക്കിലെടുത്താൽ എയിംസ് അത്യാവശ്യമാണെന്ന് വ്യക്തമാണ്. ഇക്കാര്യം ഉന്നയിച്ചപ്പോൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതോടൊപ്പം കേരള സർക്കാർ തുടങ്ങാനിരിക്കുന്ന ആയുർവേദ ഗവേഷണ കേന്ദ്രത്തിന് കേന്ദ്രത്തിന്‍റെ സാമ്പത്തിക സഹായവും കേന്ദ്രത്തോട് തേടിയിട്ടുണ്ട്. സ്ഥലം കണ്ടെത്തി, പ്രാരംഭപ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

സർക്കാർ രൂപീകരണത്തിന് ശേഷം ആദ്യം പ്രധാനമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹം ഗെയ്‍ൽ പൈപ്പ് ലൈനിനെക്കുറിച്ചാണ് ചോദിച്ചത്. ഗെയ്‍ൽ പൈപ്പ് ലൈൻ പൂർത്തിയായി എന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. പൈപ്പ് ലൈൻ അടുത്ത മാസം പൂർണമായും പ്രവർത്തനക്ഷമമാകുമെന്നും പ്രധാനമന്ത്രിയോട് പറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.