തിരുവനന്തപുരം: ബിജെപി തിരുവനന്തപുരത്ത് നിര്‍മിക്കാനിരിക്കുന്ന പുതിയ ആസ്ഥാന മന്ദിരത്തില്‍ മുഖ്യമന്ത്രിക്കും ഓഫീസ്. സെസ്ഥാനത്ത് ബിജെപിക്ക് മുഖ്യമന്ത്രിയുണ്ടാകുമ്പോള്‍ ബിജെപി ഓഫീസില്‍ എത്തിയാല്‍ വിശ്രമത്തിനും ചര്‍ച്ചകള്‍ നടത്താനുമാണ് പ്രത്യേക മുറി തയ്യാറാക്കുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഒരാഴ്ച്ച മുമ്പ് തറക്കല്ലിട്ട കെട്ടിടത്തിന്റെ രൂപരേഖയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസുള്ളത്. തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനുള്ള മാരാര്‍ജി ഭവന്‍ പൊളിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം.

ഏഴുനിലകളായിരിക്കും കെട്ടിടത്തിന് ഉണ്ടാകുക. മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാനപ്രസിഡന്റിന്റെയും ഓഫീസ് ഒന്നാം നിലയിലായിരിക്കും. തറക്കല്ലിടുന്നത് പുതിയ സര്‍ക്കാരിന് കൂടി വേണ്ടിയുള്ള കെട്ടിടമാണെന്ന് ചടങ്ങില്‍ അമിത് ഷാ പറഞ്ഞു. മൂന്ന് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനെത്തിയപ്പോളാണ് അമിത് ഷാ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയത്. സംസ്ഥാനത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സധിക്കാത്തതില്‍ ബിജെപി നേതൃത്വത്തിന് ശക്തമായ താക്കീത് നല്‍കിയ ശേഷമാണ് അമിത് ഷാ മടങ്ങിയത്.

തന്റെ ജന്മദിനത്തിലായിരിക്കും ഇനി കേരളത്തില്‍ വരുന്നത്. അന്നെങ്കിലും തന്നെക്കൊണ്ട് ചീത്ത പറയിക്കരുതെന്നും മുതിര്‍ന്ന നേതാക്കളോട് അമിത് ഷാ പറഞ്ഞുവെന്നാണ് വിവരം. പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെയും ദേശീയാദ്ധ്യക്ഷന്‍ താക്കീത് ചെയ്തു. ഇനി ഒക്ടോബറില്‍ എത്തുന്ന അമിത് ഷാ പിന്നീട് മൂന്നു മാസത്തിലൊരിക്കല്‍ സന്ദര്‍ശനം നടത്തുമെന്നും അറിയിച്ചു.