ഏഴു വയസിനിടെ മുപ്പതിനായിരത്തിലേറെ ചിത്രങ്ങൾ വരച്ച്, അകാലത്തിൽ പൊലിഞ്ഞുപോയ ക്ലിന്റിന്റെ, പിതാവ് തോമസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്ലിൻറ് വരച്ച ചിത്രങ്ങളുടെ സംരക്ഷണത്തിനായി ജീവിതം നീക്കിവച്ചാണ് ജോസഫ് വിടവാങ്ങുന്നത്.

കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി ക്ലിൻറിന്റെ ഓർമകൾക്കും ചിത്രങ്ങൾക്കും ഒപ്പമായിരുന്നു തോമസ് ജോസഫിന്റെയും ഭാര്യ അന്നമ്മയുടെയും ജീവിതം. ആ ഓർമകളിൽ അന്നമ്മയെ തനിച്ചാക്കി ജോസഫ് ക്ലിൻറിൻറെ അരികിലേക്ക് യാത്രയായി. ജോസഫും അന്നമ്മയും പറഞ്ഞു കൊടുത്ത കഥകളിൽ കേട്ട ലോകവും ജീവിതവുമാണ് ക്ലിൻറ് വർണങ്ങളിൽ വരച്ച് ചേർത്തത്. തന്റെ ഏഴാം വയസിൽ ക്ലിൻറ് ലോകത്തോട് യാത്ര പറഞ്ഞപ്പോൾ, ഈ ചിത്രങ്ങളായിരുന്നു പിന്നീട് ഇവരുടെ ജീവിതം.

ഹോളിവുഡ് താരം ക്ലിൻറ് ഈസ്റ്റുവുഡിനോടുള്ള ജോസഫിന്റെ ആരാധനയാണ് മകന് ക്ലിൻറ് എന്ന പേര് നൽകിയത്. ക്ലിൻറിനെ കുറിച്ച് അറിയാനിടയായ ക്ലിൻറ് ഈസ്റ്റ് വുഡ് ആദരസൂചകമായി ഒരു ചിത്രം ജോസഫിന് അയച്ചു നൽകിയിരുന്നു. ഒടുവിൽ തൻറെ മകന്റെ ജീവിതം സിനിമയാകുന്നത് കാണുവാനും ഈ പിതാവിനായി.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ഉദ്യോഗസ്ഥനായിരുന്നു ജോസഫ്. മഞ്ഞുമ്മലിലെ കുടുംബവീട്ടിൽ പൊതുദർശനത്തിന് ശേഷം ജോസഫിൻറെ മൃതദേഹം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിക്ക് കൈമാറും. കലൂർ ജഡ്ജസ് അവന്യൂവിലെ കൊച്ചു വീട്ടിൽ ക്ലിൻറിൻറെ ചിത്രങ്ങൾ കാണിച്ചു തരാൻ ജോസഫില്ല. ഇവിടെ ക്ലിൻറിൻറെ ചിത്രങ്ങൾക്കും ഓർമകൾക്കുമൊപ്പം ഇനി അന്നമ്മ തനിച്ചാണ്.