ചണ്ഡീഗഡ്: 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമ ഭേദഗതി കൊണ്ടുവരാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. ഹരിയാനയില്‍ പെണ്‍കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമ ഭേദഗതിയെക്കുറിച്ച് ആലോചിക്കുന്നത്.

നേരത്തെ പെണ്‍കുട്ടികള്‍ക്കെതിരായ അക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസിന്റെ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ തുടരുന്ന പ്രതിഷേധത്തിനിടെ വീണ്ടും കൂട്ട ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്തത് ഖട്ടര്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വര്‍ദ്ധിച്ചു വരുന്ന പീഡന സംഭവങ്ങള്‍ ഇല്ലാതാക്കുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പരാജയപ്പെടുന്നതായി പ്രതിപക്ഷം ആരോപിച്ചു.

ഒരാഴ്ചയ്ക്കിടെ ഒന്‍പത് പേരാണ് ഹരിയാനയില്‍ മാത്രം കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. കഴിഞ്ഞ ദിവസം ഏഴുവയസ്സുകാരി കൂട്ട ബലാല്‍സംഗത്തിന് ഇരയായിരുന്നു. ഫരീദാബാദില്‍ യുവതിക്കൊപ്പം കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്.