ലണ്ടന്‍: കുട്ടികള്‍ക്കെതിരായി നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളില്‍ സാരമായ വര്‍ദ്ധനയെന്ന് വെളിപ്പെടുത്തല്‍. രാജ്യത്തെ പോലീസ് സേനകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണെന്ന് കണക്കുകള്‍ പറയുന്നു. കുട്ടികളെ ഓണ്‍ലൈനിലൂടെ വീഴ്ത്തുന്നതാണ് പുതിയ രീതി. ഇതിനെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ക്യാംപെയിന്‍ ഗ്രൂപ്പുകള്‍ക്കും നിര്‍ദേശങ്ങള്‍ ലഭിച്ചുകഴിഞ്ഞു.
കുട്ടികള്‍ക്ക് നേരെ നടന്ന ലൈംഗിക കുറ്റങ്ങളില്‍ 2015നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അഞ്ചിരട്ടി വര്‍ദ്ധനയാണ് ഉണ്ടായത്. പത്ത് മിനിറ്റില്‍ ഒരു കുട്ടി വീതം പീഡനത്തിന് ഇരയായെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. നാഷണല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ചില്‍ഡ്രന്‍ തയ്യാറാക്കിയ കണക്കനുസരിച്ച് 55,507 കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നേരെ 13,565 ബലാല്‍സംഗം, ലൈംഗികാതിക്രമം, ലൈംഗിക ചൂഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടന്നുവെന്ന് കണക്കുകള്‍ പറയുന്നു. നാല് വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നേരെ 2799 അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് 1800 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഈ കണക്കുകള്‍ പറയുന്നു.