വൂള്‍വര്‍ഹാംപ്ടണില്‍ സ്ട്രീറ്റ് റേസ് നടത്തിയ കാര്‍ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിലിടിച്ച് രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. രണ്ടു വയസുകാരനായ പവന്‍വീര്‍ സിങ്, സഹോദരന്‍ 10 വയസുകാരനായ സഞ്ജയ് സിങ് എന്നിവരാണ് മരിച്ചത്. ഇരുവരും അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇവരുടെ അമ്മയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനധികൃത റേസുകള്‍ക്ക് കുപ്രസിദ്ധി നേടിയ ബര്‍മിംഗ്ഹാം ന്യൂ റോഡില്‍ ട്രാഫിക് സിഗ്നലിലായിരുന്നു സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറിലേക്ക് ഒരു ഓഡി എ3 കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഒരു ബെന്റ്‌ലി ജിറ്റിസി കാറുമായി മത്സരിച്ച് ഓടിക്കുകയായിരുന്നു അപകടമുണ്ടാക്കിയ കാര്‍. വ്യാഴാഴ്ച രാത്രി 9 മണിക്കായിരുന്നു സംഭവം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹോദരന്‍മാര്‍ക്ക് ഓടിയെത്തിയവര്‍ പ്രഥമശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ഓഡി കാറിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ബെന്റ്‌ലി ഡ്രൈവര്‍ കാറുമായി രക്ഷപ്പെട്ടെങ്കിലും പിന്നീട് അപകട സ്ഥലത്ത് വീണ്ടുമെത്തി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്ത കുറ്റത്തിനാണ് 31 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്.

രണ്ടു കാറുകള്‍ മത്സരിച്ച് ഓടിക്കുന്നത് കണ്ടെന്ന് തന്റെ മകന്‍ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് അപകടമുണ്ടായതെന്ന് സമീപത്ത് താമസിക്കുന്ന ഒരാള്‍ പറഞ്ഞു. അപകടത്തിന്റെ വലിയ ശബ്ദമാണ് താന്‍ കേട്ടതെന്നും പേരു വെളിപ്പെടുത്താത്ത ദൃക്‌സാക്ഷി പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നിരവധി അപകടങ്ങള്‍ ഈ ജംഗ്ഷനില്‍ നടന്നിട്ടുണ്ടെന്നാണ് ഒരു ലോക്കല്‍ കെയര്‍ വര്‍ക്കര്‍ പറഞ്ഞത്. പല വാഹനങ്ങളും റെഡ് ലൈറ്റ് ഭേദിച്ച് പോകുന്നതിനാലാണ് അപകടങ്ങളുണ്ടാകുന്നതെന്നും അവര്‍ വ്യക്തമാക്കി.