ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും കുട്ടികളെ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ നിന്ന് മാറ്റണമെന്ന് നിര്‍ദേശം. രക്ഷിതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളിലാണ് ഈ പരാമര്‍ശമുള്ളത്. ഡെയിലി സ്‌ക്രീന്‍ ടൈമില്‍ സുരക്ഷിതമായ പരിധി എന്നൊന്ന് ഇല്ലെന്ന് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പറയുന്നു. പ്രായത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് നിയന്ത്രണങ്ങള്‍ സ്‌നേഹപൂര്‍വം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യാന്‍ കഴിയുന്നത്. ഉറക്കം, വ്യായാമം, പരസ്പരമുള്ള ഇടപഴകല്‍ തുടങ്ങിയവ ഇല്ലാതാക്കുന്ന വിധത്തില്‍ സ്മാര്‍ട്ട്‌ഫോണുകളും വീഡിയോ ഗെയിമുകളും ഇടപെടാന്‍ തുടങ്ങിയാല്‍ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്നും നിര്‍ദേശം പറയുന്നു.

ടാബ്ലെറ്റുകളിലും ഫോണുകളിലും കുട്ടികള്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു. സ്‌ക്രീന്‍ ടൈം ആരോഗ്യത്തെ ബാധിക്കുന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്ന പഠനം ബിഎംജെ ഓപ്പണില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനൊപ്പമാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറത്തു വന്നിരിക്കുന്നത്. വിഷാദരോഗ ലക്ഷണങ്ങളും കൂടിയ സ്‌ക്രീന്‍ ടൈമും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഫോണില്‍ സമയം ചെലവഴിക്കുന്നതിലൂടെ ഉറക്കം നഷ്ടമാകുന്നതു തന്നെയാണ് സ്‌ക്രീന്‍ ടൈമം ആരോഗ്യത്തെ ബാധിക്കുന്നു എന്ന വാദത്തില്‍ ആദ്യ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.

സ്‌ക്രീനുകളിലെ നീല പ്രകാശം ഉറക്കം ഇല്ലാതാക്കുന്നുവെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മെലാറ്റോനിന്‍ എന്ന ഹോര്‍മോണ്‍ ഉറക്കവുമായി അടുത്ത ബന്ധമുള്ളതാണ്. സ്‌ക്രീനുകള്‍ ഈ ഹോര്‍മോണ്‍ പുറത്തുവരുന്നതിനെ തടയുന്നു. അമിത ശരീരഭാരവും സ്‌ക്രീന്‍ ടൈമും തമ്മില്‍ ബന്ധമുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. സ്‌ക്രീനുകളില്‍ ചെലവഴിക്കുന്ന സമയം കുട്ടികള്‍ സ്‌നാക്‌സ് കൂടുതല്‍ കഴിക്കുന്നുണ്ടെന്നും വിലയിരുത്തലുണ്ട്.