സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസ് യുകെയിലേക്ക് പടരാനുള്ള സാധ്യത അധികമാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ലോകം മുഴുവനും ഏകദേശം 500 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊറോണ വൈറസ് മൂലം ഏകദേശം 18 പേരാണ് ചൈനയിൽ മരണപ്പെട്ടത്. യുകെയിൽ ഇതു വരെ രോഗം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, രോഗം പടരാനുള്ള സാധ്യത അധികമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് സ്കോട്ട്‌ലൻഡിലും, നോർത്തേൺ അയർലൻഡിലുമായി ആറു പേർ നിരീക്ഷണത്തിലാണ്.

ചൈനയിലെ വുഹാനിലാണ് കൊറോണാ വൈറസിന്റെ ഉത്ഭവസ്ഥാനം. സ്കോട്ട്‌ലൻഡിൽ അഞ്ച് പേർക്ക് രോഗം സംശയിക്കുന്നതായി സ്കോട്ട്‌ലൻഡ് ഗവൺമെന്റ് സ്ഥിരീകരിച്ചു.നോർത്തേൺ അയർലൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ആശുപത്രിയിൽ ഒരാൾ നിരീക്ഷണത്തിലാണ്. എന്നാൽ രോഗം ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്നും, ടെസ്റ്റുകൾ എല്ലാം തന്നെ മുൻകരുതലുകളായാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വുഹാനിലേക്കുള്ള ഫ്ലൈറ്റ് സർവീസുകളും, അതുപോലെ അവിടെനിന്നുള്ളവയും എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ബ്രിട്ടണിൽ നിരീക്ഷണവിധേയമാണ്.

യുകെയിൽ രോഗം നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഹെൽത്ത് സെക്രട്ടറി വ്യക്തമാക്കി. ഏതെങ്കിലും കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ, ചികിത്സ സഹായങ്ങൾക്കായി എൻഎച്ച്എസ് സജീവമാണെന്നും അദ്ദേഹം പറഞ്ഞു. സിംഗപ്പൂർ, സൗദിഅറേബ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലാണ് ചൈനയെ കൂടാതെ ഈ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തായ് ലൻഡിൽ നാലോളം കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്.