സ്വന്തം ലേഖകൻ

രാജ്യദ്രോഹം, വിഭജനം, അട്ടിമറി എന്നിവ തടയുന്ന ഹോങ്കോങ്ങിലെ പുതിയ സെക്യൂരിറ്റി ലോയുമായി ചൈന. ഹോങ്കോങ്ങിനുള്ളിലും, രാജ്യാന്തരമായും കനത്ത പ്രതിഷേധം നേരിടുന്ന കാടൻ നിയമമാണിത്. വെള്ളിയാഴ്ച, വൈകി നടക്കുന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസിലാണ് ഇക്കാര്യം ചർച്ച ചെയ്യുക. ദേശീയ സുരക്ഷയെ മുൻനിർത്തിയുള്ള നീക്കമാണിതെന്ന് ചൈനീസ് മാധ്യമങ്ങൾ പറയുമ്പോൾ, എതിർകക്ഷികൾ പറയുന്നത് ഈ നിയമം ഹോങ്കോങ്ങിന്റെ അന്ത്യമാണ് എന്നാണ്. ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം എടുത്തുകളയുന്ന കരിനിയമത്തിനെതിരെ മില്യൺ കണക്കിന് പ്രക്ഷോഭകർ സ്ഥിരമായി രംഗത്തിറങ്ങിയിരുന്നു. ബെയ്ജിങ് ഗവൺമെന്റ് ഹോങ്കോങ്ങിലെ ഇലക്ട് ചെയ്യപ്പെട്ട ഭരണാധികാരികളെ മറികടന്ന് ദ്വീപിൽ മാറ്റങ്ങൾ കൊണ്ടുവരിക തന്നെ ചെയ്യും. ഹോങ്കോങ്ങിന്റെ അവസാന ബ്രിട്ടീഷ് ഗവർണർ ആയ ക്രിസ് പാറ്റൺ പറയുന്നത്, ഈ നിയമം സ്വയം ഭരണാവകാശത്തിന് നേരെയുള്ള കടന്നു കയറ്റമാണ് എന്നാണ്. ഈ നിർദ്ദേശവുമായി ചൈന മുന്നോട്ട് പോവുകയാണെങ്കിൽ, അമേരിക്ക ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

നിയമത്തെക്കുറിച്ചുള്ള അറിയിപ്പിനെ തുടർന്ന് ഹോങ്കോങ് ഡോളർ ഇടിഞ്ഞു. നിയമ വ്യവസ്ഥയിലും അത് നടപ്പിലാക്കുന്നതിലും ഹോങ്കോങ്ങിനു നിശ്ചിത അധികാരം നൽകുന്ന നിയമത്തെ പണ്ടുമുതൽ മെയിൻ ലാൻഡ് ചൈന എതിർത്തു വരുന്നുണ്ട്. ഹോങ്കോങ്ങിലെ മിനി കോൺസ്റ്റിറ്റ്യൂഷൻ, അഥവാ ബേസിക് ലോ, മെയിൻ ലാൻഡിനില്ലാത്ത കുറെയേറെ സ്വാതന്ത്ര്യം നൽകുന്നു എന്നതിനാലാണിത്. രാജ്യദ്രോഹ നിയമം എന്ന പേരിൽ 2003ൽ ചൈന ഇത് നടപ്പിൽ വരുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ അഞ്ച് ലക്ഷത്തോളം പേർ തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ തീരുമാനങ്ങൾ പിൻവലിക്കുകയായിരുന്നു. ഹോങ്കോങ് കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ‘ഒരു രാജ്യം രണ്ടു സിസ്റ്റം’ പോളിസി അവസാനിപ്പിക്കാൻ മാത്രമാണ് ചൈന ശ്രമിക്കുന്നതെന്ന് എൻ പി സി വക്താവ് പറഞ്ഞു. “ദേശീയ സുരക്ഷയാണ് ജനങ്ങൾക്ക് ആവശ്യം, ഹോങ്കോങ്ങിനു മാത്രമായി പ്രത്യേക പരിഗണന നൽകാൻ ആവില്ല, ജനങ്ങൾ സഹകരിച്ചേ മതിയാവൂ” അദ്ദേഹം കൂട്ടിച്ചേർത്തു. ഹോങ്കോങ് സെപ്റ്റംബറിൽ സ്വന്തം ഇലക്ഷനുകൾ നടത്താനിരിക്കെയാണ് ഈ തിരിച്ചടി. നിയമം നിലവിൽ വന്നാൽ ഹോങ്കോങ്ങിനു സ്വന്തമായി നിയമനിർമ്മാണം അസാധ്യമാകും. വെള്ളിയാഴ്ചയോടെ മാത്രമേ നിയമത്തിന്റെ മുഴുവൻ വശങ്ങളും ചർച്ചയ്ക്ക് ശേഷം ജനങ്ങളിലേക്ക് എത്തുകയുള്ളൂ.

എന്നാൽ ഇപ്പോൾ തന്നെ, പ്രതിഷേധത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. മില്യൺ കണക്കിന് ആളുകളാണ് കഴിഞ്ഞവർഷം തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഡെമോക്രാറ്റിക് ലോ മേക്കർ ആയ ഡെന്നിസ് കോക്ക് പറയുന്നത്, നിയമം വരികയാണെങ്കിൽ ഒരു രാജ്യം രണ്ടു നിയമം എന്നത് ഔദ്യോഗികമായി മായ്ക്കപ്പെടും എന്നാൽ അത് ഹോങ്കോങ്ങിന്റെ അന്ത്യം ആയിരിക്കും. സിവിക് പാർട്ടി ലെജിസ്ലേറ്റർ ആയ ടാനിയ ചാൻ പറയുന്നത് അത് ഹോങ്കോങ്ങിലെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുഃഖം ഉള്ള ദിവസം ആയിരിക്കും എന്നാണ്. വിദ്യാർത്ഥികളും ആക്ടിവിസ്റ്റുകളും ഇപ്പോൾതന്നെ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. കഴിഞ്ഞവർഷം ഈ നിയമത്തിനെതിരെ പ്രതിഷേധിച്ച പതിനഞ്ചോളം പ്രധാനപ്പെട്ട പ്രൊ ഡെമോക്രസി ആക്ടിവിസ്റ്റുകളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുകയും ഗൂഢാലോചന, അന്യായമായ കൂട്ടം ചേരൽ എന്നീ കുറ്റങ്ങൾക്ക് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

1997 വരെ 150 കൊല്ലം ബ്രിട്ടന്റെ കോളനിയായിരുന്നു ഹോങ്കോങ്. 2047 വരെനിലനിൽക്കുന്ന, പ്രതിരോധം, വൈദേശികം എന്നീ മേഖലകളിൽ ഒഴിച്ച് സ്വയംഭരണാധികാരം നൽകുന്ന ബേസിക് ലോ നിലവിലുണ്ടായിരുന്നു. അതാണ് ഇപ്പോൾ എടുത്തു മാറ്റപ്പെടുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം അലയടിക്കുന്നുണ്ട്.