പാക്കിസ്ഥാന്‍ എന്ന രാജ്യവുമായുള്ള ബന്ധം ചൈനയെ സംബന്ധിച്ചും ഇപ്പോള്‍ വലിയ നഷ്ടക്കച്ചവടമാണ്. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നിലച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നത് പാക്ക് മാധ്യമങ്ങള്‍ തന്നെയാണ്.

ഇടനാഴിയുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ചൈന മരവിപ്പിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പദ്ധതിയുടെ ഭാഗമായ ഓരോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിലച്ചു കൊണ്ടിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം.

സാമ്പത്തിക ഇടനാഴിക്ക് വേണ്ടി 5000 കോടി ഡോളറിന്റെ പദ്ധതിയാണിവിടെ ചൈന വിഭാവനം ചെയ്തിരുന്നത്. തെക്കു-കിഴക്കന്‍ ഏഷ്യ, മധ്യേഷ്യ, ഗള്‍ഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവടങ്ങളിലേക്ക് ചൈനക്ക് നേരിട്ട് കവാടം ഒരുക്കുന്ന പദ്ധതിയാണിത്. ചൈനയുടെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗം കൂടിയാണിത്.

വ്യാപകമായ അഴിമതിയും കെടുകാര്യസ്ഥതയും സാമ്പത്തിക ഇടനാഴിയുടെ അടിത്തറയാണ് തോണ്ടിയിരിക്കുന്നത്. നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരിക്കെ തുടങ്ങിയ സാമ്പത്തിക ഇടനാഴിയുടെ നിര്‍മ്മാണത്തെ തുടക്കം മുതല്‍ തന്നെ ആശങ്കയോടെയാണ് ഇന്ത്യയും വീക്ഷിച്ചിരുന്നത്. ഈ പാത വഴി ചൈനക്ക് എളുപ്പത്തില്‍ സൈനിക വിന്യാസം നടത്താന്‍ കഴിയുമെന്നതായിരുന്നു ആശങ്കക്ക് അടിസ്ഥാനമായിരുന്നത്. പാക്ക് അധീന കശ്മീരിലൂടെയും ബലൂചിസ്ഥാനിലൂടെയും കടന്നു പോകുന്ന ഇടനാഴി എത്തി നില്‍ക്കുക ഗോദ്ദര്‍ തുറമുഖത്താണ്.

വ്യാപകമായ അഴിമതിയാണ് ചൈനീസ് സര്‍ക്കാറിനെ പദ്ധതിയില്‍ നിന്നും പിറകോട്ടടിപ്പിക്കുന്നതെന്നാണ് പാക്ക് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനു പുറമെ അന്താരാഷ്ട്ര നാണ്യനിധി, ലോക ബാങ്ക്, അമേരിക്ക എന്നിവരുടെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദങ്ങളും ഈ സാമ്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പാര്‍ട്ടുകള്‍.

എന്നാല്‍ സാമ്പത്തിക ഇടനാഴിയില്‍ ചൈനയെ പ്രധാനമായും ആശങ്കപ്പെടുത്തുന്നത് ഇന്ത്യയുടെ നിലപാട് തന്നെയാണെന്നാണ് നയതന്ത്ര വിദഗ്ദര്‍ വ്യക്തമാക്കുന്നത്. പാക്ക് പ്രകോപനം അതിരുവിട്ടാല്‍ ഇന്ത്യ, പാക്ക് അധീനകശ്മീര്‍ പിടിച്ചെടുക്കുമെന്ന് തന്നെയാണ് ചൈനയിപ്പോള്‍ കരുതുന്നത്. ഇത് സാമ്പത്തിക ഇടനാഴിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഘടകമാണ്. ബാലക്കോട്ട് മോഡലില്‍ ഇന്ത്യ ഇനിയും ആക്രമണം നടത്തിയാല്‍ അത് സാമ്പത്തിക ഇടനാഴിക്കും ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാക്കുക.

പാക്ക് സര്‍ക്കാറിനും സൈന്യത്തിനുമെതിരെ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തുന്ന ബലൂചിസ്ഥാന്‍ പ്രക്ഷോഭകര്‍ക്ക് പിന്നിലും ഇന്ത്യയാണെന്നാണ് ചൈന കരുതുന്നത്. ഭൂരിപക്ഷം ബലൂചിസ്ഥാനികളും ഈ തുറമുഖ പദ്ധതിക്ക് എതിരാണ്. നിരവധി ആക്രമണങ്ങള്‍ ബലൂചിസ്ഥാന്‍ മേഖലയില്‍ ഇതിനകം തന്നെ അരങ്ങേറിയിട്ടുമുണ്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ കരങ്ങളാണ് ബലൂചിസ്ഥാനിലെ പ്രക്ഷോഭകര്‍ക്ക് പിന്നിലെന്നാണ് പാക്കിസ്ഥാനും ആരോപിക്കുന്നത്.

ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തുന്ന ഇടപെടലുകള്‍ക്കുള്ള ചുട്ട മറുപടിയാണ് ഈ പാക്ക് പ്രവിശ്യയില്‍ നിന്നും പാക്കിസ്ഥാന് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബലൂചിസ്ഥാനികളും സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് മുറവിളി കൂട്ടുന്നത്. ഇന്ത്യ-പാക്ക് യുദ്ധമുണ്ടായാല്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യം സാധ്യമാകുമെന്നാണ് ബലൂചിസ്ഥാനികള്‍ കരുതുന്നത്.

പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കുക, ബലൂചിസ്ഥാനെ പാക്കിസ്ഥാനില്‍ നിന്നും മോചിപ്പിക്കുക, എന്നീ അജണ്ടകള്‍ അവസരം കിട്ടിയാല്‍ ഇന്ത്യ നടപ്പാക്കുമെന്ന് തന്നെയാണ് യു.എന്നും കരുതുന്നത്. രണ്ട് രാജ്യങ്ങള്‍ക്കിടയിലും സംഘര്‍ഷം ലഘൂകരിക്കാന്‍ യു.എന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാക്കിസ്ഥാന്റെ നിലപാട് ഇപ്പോഴും പ്രകോപനപരം തന്നെയാണ്.

പ്രധാനമന്ത്രി മോദിക്ക് അമേരിക്കയിലേക്ക് പോകുന്നതിന് പാക്ക് വ്യോമ പാത തുറന്ന് കൊടുക്കാതിരുന്ന നടപടിയാണ് ഒടുവിലത്തെ പ്രകോപനം. ഇതേ രൂപത്തില്‍ പാക്കിസ്ഥാനെ പൂട്ടാന്‍ ഇന്ത്യയും ശ്രമിച്ചാല്‍ അത് ആ രാജ്യത്തിന്റെ നിലവിലെ അവസ്ഥ തന്നെ മോശമാക്കും. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം കുടുതല്‍ ശക്തമായ നടപടികള്‍ ഇന്ത്യയും ഇനി സ്വീകരിക്കുമെന്നാണ് സൂചന.

പാക്ക് അതിര്‍ത്തികളില്‍ നിലവില്‍ ശക്തമായ സൈനിക സന്നാഹമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെറിയ പ്രകോപനത്തിന് പോലും വലിയ തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം അവിടെ നല്‍കി കൊണ്ടിരിക്കുന്നത്.

അതേസമയം പ്രകോപനം വിളിച്ച് വരുത്തി ആക്രമിക്കുക എന്ന ശൈലിയിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്ന സംശയമാണ് ചൈനീസ് ഭരണ കൂടത്തിനുള്ളത്. ഇത്തരമൊരു നീക്കത്തിന് പിന്നില്‍ പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കുക എന്നതിനൊപ്പം, സാമ്പത്തിക ഇടനാഴി തകര്‍ക്കുക എന്നത് കൂടി ആയിരിക്കാമെന്നാണ് അവര്‍ കണക്ക് കൂട്ടുന്നത്.

ഇന്ത്യയുടെ തന്ത്രങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ വലിയ കെണിയിലേക്കാണ് പാക്കിസ്ഥാന്‍ എടുത്ത് ചാടുന്നതെന്ന നിഗമനത്തിലാണ് ചൈന. സാമ്പത്തിക ഇടനാഴിയുടെ കാര്യത്തില്‍ തല്‍ക്കാലം രണ്ടടി പിന്നോട്ട് വയ്ക്കാന്‍ ചൈനയെ നിര്‍ബന്ധിതമാക്കിയതിന് പിന്നില്‍ ഈ തിരിച്ചറിവും ഉണ്ട്. റഷ്യയുടെ സൗഹൃദം ഇന്ത്യക്ക് ഉള്ളടത്തോളം സൈനികമായ ഒരു സഹായം പാക്കിസ്ഥാന് നല്‍കാന്‍ ചൈനയെ സംബന്ധിച്ച് ഇനി വളരെ ബുദ്ധിമുട്ടാണ്.

ഹോങ്കോങ്ങിലടക്കം വലിയ പ്രതിസന്ധിയാണ് അമേരിക്ക ഇടപെട്ട് ചൈനക്ക് നിലവില്‍ ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. ഇറാന്‍, ഉത്തര കൊറിയ വിഷയങ്ങളിലും അമേരിക്കക്ക് എതിരായ നിലപാടിലാണ്‌ ചൈന. ഇക്കാര്യത്തില്‍ സമാനമായ നിലപാട് സ്വീകരിക്കുന്ന റഷ്യയാണ് ചൈനയെ സംബന്ധിച്ചിപ്പോള്‍ ഏക ആശ്വാസം.

അമേരിക്കയുമായി ശക്തമായ വ്യാപാര യുദ്ധം കൂടി ആരംഭിച്ച സ്ഥിതിക്ക് റഷ്യയെ പിണക്കാന്‍ ഒരു കാരണവശാലും ചൈന തയ്യാറുമല്ല.
ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്ന പിന്തുണ ചൈന നല്‍കാതിരുന്നതും അതുകൊണ്ട് തന്നെയാണ്.

പാക്കിസ്ഥാനെ സൈനികമായി സഹായിക്കുന്നതിലൂടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുമെന്ന ഭീതിയും ചൈനക്കുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനയിപ്പോള്‍ രണ്ടടി പിന്നോട്ട് വച്ചിരിക്കുന്നത്. സാമ്പത്തിക ഇടനാഴിയിലെ ചൈനയുടെ പുതിയ നിലപാടിന് പാക്ക് മാധ്യമങ്ങള്‍ പറയുന്ന കാരണമല്ല യഥാര്‍ത്ഥ കാരണമെന്ന് വ്യക്തമാക്കുന്നതാണിത്.

പാക്കിസ്ഥാനുമായുള്ള ബന്ധം തുടരുമെങ്കിലും അതിന് കര്‍ശനമായ ഒരു നിയന്ത്രണം അനിവാര്യമാണെന്ന നിലപാടില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പട്ടിണി രാജ്യമായി മാറി കൊണ്ടിരിക്കുന്ന പാക്കിസ്ഥാനെ സംബന്ധിച്ച് ചൈന പിറകോട്ടടിക്കുന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത കാര്യം തന്നെയാണ്.