കൊറോണ വൈറസ് പടരാതിരിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന. വുഹാന്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ 13 നഗരങ്ങള്‍ അടച്ചു. വൈറസ് ബാധിച്ച  41 പേരാണ് ഇതുവരെ മരിച്ചത്. ചികില്‍സയിലുള്ള 1300 പേരില്‍ 237 പേരുടെ നില ഗുരുതരമാണ്. ഇതോടെ പ്രതിരോധ നടപടികളും കടുപ്പിച്ചു. വൈറസിന്‍റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനടക്കം പതിമൂന്ന് നഗരങ്ങള്‍ സര്‍ക്കാര്‍ അടച്ചു. ഈ നഗരങ്ങളില്‍ നിന്നുള്ള ഗതാഗതം നിര്‍ത്തിവച്ചു. ആരാധനയങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടി.

കൊറോണ വൈറസ് ബാധിച്ച് മരണം  41 ആയതിനാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ചൈനയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് 13 നഗരങ്ങള്‍ ചൈന അടച്ചത്. മധ്യ ചൈനയിലെ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങളിലെ ഗതാഗതം തടഞ്ഞു.

29 പ്രവിശ്യകളിലാണ് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹോങ്കോങ്ങ്, മക്കാവൂ, തയ്‍വാന്‍, ജപ്പാന്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‍ലന്‍ഡ്, യു.എസ് എന്നിവിടങ്ങളിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലും സിംഗപ്പൂരിലും ദക്ഷിണ കൊറിയയിലും കൂടുതല്‍ ആളുകളില്‍ രോഗം സ്ഥിരീകരിച്ചു.