ചൈനയിലെ കാട്ടുമൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്ന (വെറ്റ് മാര്‍ക്കറ്റ്) മാര്‍ക്കറ്റുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന നടപടിയെടുക്കണമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ആവശ്യപ്പെട്ടു. ലോകത്തിന്റെ മൊത്തം ആരോഗ്യത്തെ ബാധിക്കുന്നവയായി ഈ മാര്‍ക്കറ്റുകള്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു.

വുഹാാനിലെ ഹുനാന്‍ സീഫുഡ് ഹോള്‍സേല്‍ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണവൈറസിന്റെ ഉല്‍ഭവമെന്നാണ് അനുമാനിക്കപ്പെടുന്നത്. ജനുവരി 1 മുതല്‍ ഈ മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. ഇവിടുത്തെ വനവിഭവ വില്‍പന പൂര്‍ണമായും അവസാനിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതെസമയം, ചൈനയിലെ മറ്റിടങ്ങളിലെല്ലാം ഇത്തരം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

175ലധികം രാജ്യങ്ങളില്‍ ഈ രോഗം പടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. 51000ത്തിലധികമാളുകള്‍ മരണപ്പെട്ടു. പത്ത് ലക്ഷത്തിലധികമാളുകള്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞു.

എവിടെയൊക്കെ വെറ്റ് മാര്‍‌ക്കറ്റുകളുണ്ടോ അവിടെയെല്ലാം കുഴപ്പങ്ങളുണ്ടെന്ന് ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്കോട്ട് മോറിശണ്‍ പറഞ്ഞു. “ലോകത്തിന്റെ മൊത്തം ആരോഗ്യത്തെ മുന്‍നിര്‍ത്തി ലോകാരോഗ്യ സംഘടന എന്തെങ്കിലും ചെയ്യേണ്ട വിഷയമാണിതെന്നാണ് ഞാന്‍ കരുതുന്നത്,” അദ്ദേഹം വിശദീകരിച്ചു.

യുഎസ്സില്‍ 245,500 പേരെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 6,000 മരണങ്ങള്‍ ഇതിനകം സംഭവിച്ചു കഴിഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വലിയ നഷ്ടങ്ങളാണ് ഈ രോഗബാധ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്.