ബെയ്ജിങ് ∙  കൊറോണ വൈറസ് ചൈനീസ് സമ്പദ്‍വ്യവസ്ഥയെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഓഹരി വിപണി കൂപ്പുകുത്തി. സമ്പദ്‍വ്യവസ്ഥയെ രക്ഷിക്കാൻ 12.38 ലക്ഷം കോടി രൂപ കഴിഞ്ഞ മാസം ബാങ്കുകൾക്കു നൽകിയിരുന്നു.

കോവിഡ് ബാധ സംബന്ധിച്ച വിവരങ്ങൾ ചൈന മറച്ചു വയ്ക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെ മരണ സംഖ്യയെക്കുറിച്ചും അവ്യക്തത. മരണ സംഖ്യ 1488 ആയെന്നുള്ള വാർത്തകൾ പുറത്തു വരുമ്പോഴും 1383 പേരാണു മരിച്ചതെന്നാണ് ചൈന പുറത്തുവിടുന്ന വിവരം.

ഇവരിൽ 6 പേർ ആരോഗ്യപ്രവർത്തകരാണ്. വൈറസ് സ്ഥിരീകരിച്ച കേസുകൾ കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തിയെന്ന് ചൈനീസ് അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൈനയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 63,851 ആണെന്നാണു ഔദ്യോഗിക വിവരം.

വൈറസ് ബാധ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥർക്കെതിരെ ചൈന കഴിഞ്ഞ ദിവസങ്ങളിൽ നടപടി സ്വീകരിച്ചിരുന്നു. പ്രഭവ കേന്ദ്രമായ ഹ്യുബെ പ്രവിശ്യയിലെ ആരോഗ്യ കമ്മിഷന്റെ ചുമതലയുള്ള പാർട്ടി സെക്രട്ടറി, പ്രാദേശിക റെഡ് ക്രോസ് ഉപമേധാവി എന്നിവരുൾപ്പെടെ ഒട്ടേറെ ഉദ്യോഗസ്ഥരെ നീക്കം ചെയ്തു.

നാളെ മുതൽ 29 വരെ ഡൽഹി – ഹോങ്കോങ് സ്പൈസ് ജെറ്റ് വിമാന സർവീസ് റദ്ദാക്കി. ദിവസേനയുള്ള സർവീസാണിത്. ഹോങ്കോങ്a, ചൈന എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ, ഇൻഡിഗോ സർവീസുകൾ നേരത്തേ നിർത്തിവച്ചിരുന്നു. ഇരു സ്ഥലങ്ങളിലേക്കും പോകുന്നവരെ മടങ്ങിവരുമ്പോൾ വിശദ പരിശോധനയ്ക്കു വിധേയരാക്കുമെന്നു കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) വ്യക്തമാക്കിയിട്ടുണ്ട്.

ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെക്കൂടി പ്രത്യേക പരിശോധനയ്ക്കു വിധേയരാക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശിച്ചു. ചൈന, ഹോങ്കോങ്, തായ്‍ലൻഡ്, സിംഗപ്പുർ എന്നീ രാജ്യങ്ങളായിരുന്നു നേരത്തെ പട്ടികയിലുണ്ടായിരുന്നത്.