ഓണ്‍ലൈന്‍ വിപണി ഇന്നത്തെ സമൂഹത്തില്‍ പ്രധാനപ്പെട്ട ഒരു ക്രയവിക്രിയ മാര്‍ഗമായി പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അതിനെ അമിതമായി ആശ്രയിക്കുന്നത് മണ്ടത്തരമാകും. അതിന് ഉത്തമ ഉദാഹരണമാണ് ചൈനയിലുണ്ടായ ഒരു സംഭവം. പാമ്പ് വൈന്‍ ഉണ്ടാക്കാനായി ഓണ്‍ലൈനില്‍ നിന്ന് ഓര്‍ഡര്‍ നല്‍കിയ പാമ്പിന്റെ കടിയേറ്റു ഇരുപത്തിയൊന്നുകാരി മരിച്ചു. കഴിഞ്ഞ ചൊവാഴ്ച വടക്കന്‍ ചൈനയിലെ ഷാന്‍ചിയിലാണ് സംഭവം.

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഷുവാന്‍ഷുവാനിലാണ് വിഷപാമ്പിനെ ഓര്‍ഡര്‍ ചെയ്തത്. ഇതേ പാമ്പിനെ ഉപയോഗിച്ച് പാരമ്പര്യ മരുന്നായ വൈന്‍ ഉണ്ടാക്കാനായിരുന്നു യുവതിയുടെ പദ്ധതി. ലോക്കല്‍ കൊറിയര്‍ കമ്പനിയാണ് പാമ്പിനെ യുവതിയുടെ വീട്ടിലെത്തിച്ചത്. സാധനം എത്തിച്ചയാള്‍ ബോക്‌സിനുള്ളില്‍ വിഷപ്പാമ്പ് ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. പാമ്പിനെ ഉപയോഗിച്ച് പാരമ്പര്യ മരുന്ന് ഉണ്ടാക്കാനായിരുന്നു യുവതിയുടെ പദ്ധതിയെന്ന് യുവതിയുടെ അമ്മ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. യുവതിയെ കടിച്ചശേഷം രക്ഷപ്പെട്ട പാമ്പിനെ വനംവകുപ്പ് അധികൃതര്‍ വീടിന് സമീപത്തുനിന്നും പിടികൂടി വനത്തിലേക്ക് വിട്ടു.

Image result for snake-purchase-proves-deadly

പാമ്പുകളെ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കുക എന്നത് ചൈനയിലെ പരമ്പരാഗത രീതിയാണ്. പാമ്പിനെ പൂര്‍ണമായി മദ്യത്തില്‍ മുക്കിവെച്ചാണ് വൈന്‍ നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ ഉണ്ടാക്കുന്ന വൈനിന് വീര്യം വളരെ കൂടുതലായിരിക്കും. ഓണ്‍ലൈന്‍ വഴി ഇത്തരത്തില്‍ വന്യജീവികളെ വില്‍ക്കുന്നത് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ചെറിയ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ഇപ്പോഴും ഇത്തരത്തില്‍ വില്‍പ്പന നടത്താറുണ്ട്.