സ്വന്തം ലേഖകന്‍

ബെര്‍മിംഗ്ഹാം : കേരളത്തിലെ പാവപ്പെട്ട കിഡ്നി രോഗികള്‍ക്ക് ആശ്വാസമേകാന്‍ യുകെ മലയാളികള്‍ കൈകോര്‍ക്കുന്നു. അവയവ ദാന സന്ദേശം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കികൊണ്ട് അനേകരെ തന്റെ മാതൃകയിലേക്ക് കൊണ്ട് വരികയും, ഒട്ടനവധി ജീവനുകള്‍ക്ക് പുതുജീവന്‍ നല്‍കുകയും ചെയ്ത ഫാ. ഡേവിസ് ചിറമേല്‍ അച്ചനോടൊപ്പമാണ് യുകെ മലയാളികള്‍ കാരുണ്യത്തിന്റെ കരങ്ങള്‍ കോര്‍ത്ത് പിടിക്കുന്നത്. ജൂണ്‍ മാസം ഇരുപത്തിയഞ്ചാം തീയതി യുകെയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ബെര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മൂണിറ്റിയുടെ ( ബി സി എം സി ) ആതിഥേയത്വത്തില്‍ ആണ് കേരളത്തിലെ അനേകം കിഡ്നി രോഗികള്‍ക്ക് ആശ്വാസം പകരാന്‍ കഴിയുന്ന വലിയ ഉദ്യമത്തിന് വേണ്ടി ചാരിറ്റി കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. അനേകം വ്യക്തികള്‍ക്ക് കിഡ്നി മാറ്റിവയ്ക്കുന്നതിന് സഹായിക്കുക, കിഡ്നി രോഗികള്‍ക്ക് സൌജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കുക എന്നിവയാണ് ഈ ചാരിറ്റിയിലൂടെ ലഭിക്കുന്ന സംഭാവനയിലൂടെ ഈ കൂട്ടായ്മ നടപ്പാക്കുന്നത്.

സര്‍ട്ടന്‍ കോള്‍ഡ്‌ ഫീല്‍ഡ് അസ്സോസ്സിയേഷന്‍, കേരള കലാവേദി നോര്‍ത്ത് ഫീല്‍ഡ്, കൊവന്റ്രി കേരള കമ്മ്യുണിറ്റി, മിഡ്‌ലാന്‍ഡ്‌ കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ വാള്‍സാള്‍, ബെര്‍മ്മിംഗ്ഹാം ഹിന്ദു സമാജം എന്നീ അസ്സോസ്സിയേഷനുകള്‍ ചേര്‍ന്നാണ് ബെര്‍മിംഗ്ഹാമില്‍ ഇങ്ങനെ ഒരു കാരുണ്യ കൂട്ടായ്മക്ക് തുടക്കം കുറിക്കുന്നത്. യുകെയില്‍ ആദ്യമായാണ് തൊട്ട് അടുത്തുള്ള അനേകം അസ്സോസ്സിയേഷനുകള്‍ സംയുക്തമായി ഇങ്ങനെ ഒരു കാരുണ്യ പ്രവര്‍ത്തിക്ക് വേണ്ടി ഒന്നിക്കുന്നത്. സഹജീവികളോടുള്ള തങ്ങളുടെ കരുതലിനോടൊപ്പം അയല്‍വക്കത്തുള്ള മലയാളി അസ്സോസ്സിയേഷനുകളിലെ വ്യക്തികളും, കുടുംബങ്ങളും തമ്മിലുള്ള ഒത്തൊരുമയുമാണ് ഈ കൂട്ടായ്മ നമ്മുക്ക് കാട്ടിതരുന്നത്.

യുകെയിലെ ആശുപത്രികളില്‍ നിന്നും അപ്ഗ്രേഡിംഗിന്റെ ഭാഗമായി ലഭിക്കുന്ന ഡയാലിസിസ് മെഷീനുകള്‍ കേരളത്തിലെ വിവിധ ആശുപത്രികളിലേക്ക് എത്തിച്ച് അത് വഴി അനേകം കിഡ്നി രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ലഭ്യമാക്കുക എന്ന മഹനീയമായ കര്‍മ്മത്തിന് വേണ്ടിയാണ് ബെര്‍മിംഗ്ഹാമില്‍ ചാരിറ്റി കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. ബെര്‍മിംഗ്ഹാം എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ഡയാലിസിസ് വിഭാഗം മാനേജരായ പ്രിന്‍സ് ജോര്‍ജ്ജിന്റെ ശ്രമഫലമായി ഇരുപത്തിയഞ്ചോളം ഡയാലിസിസ് മെഷീനുകള്‍ ഇന്ത്യയിലേക്ക് അയക്കാന്‍ തയ്യാറായി കഴിഞ്ഞു. ഈ മാസം പതിനഞ്ചിന് ആണ് ആദ്യ മെഷീനുകള്‍ കേരളത്തിലേയ്ക്ക് കയറ്റി അയയ്ക്കുന്നത്. ഈ മെഷീനുകള്‍ കേരളത്തില്‍ ചിറമേലച്ചന്‍ നടത്തുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന ചാരിറ്റി സംഘടനയ്ക്ക് കാര്‍ഗോ വഴി എത്തിച്ചു കൊടുക്കാന്‍ ചിലവാകുന്ന മുഴുവന്‍ തുകയും സമാഹരിച്ച് നല്‍കുന്നത് മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് പേപ്പര്‍ ആണ്. യുകെയുടെ മണ്ണിലെ ഏറ്റവും അര്‍ത്ഥവത്തായ കാരുണ്യപ്രവൃത്തിയില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ ഈ ചാരിറ്റി കൂട്ടായ്മയോടൊപ്പം ഞങ്ങളും അഭിമാനിക്കുന്നു.

കഴിഞ്ഞ മാസം ലെസ്റ്ററില്‍ വെച്ച് നടന്ന മലയാളം യുകെ എക്സല്‍ അവാര്‍ഡ്‌ നൈറ്റിന്റെ വേദിയില്‍ ഈ ചാരിറ്റിയുടെ ഉദ്ഘാടനം അഭിവന്ദ്യ മാര്‍ ജോസഫ്‌ സ്രാമ്പിക്കല്‍ പിതാവ് നിര്‍വ്വഹിച്ചിരുന്നു. അതോടൊപ്പം കേരളത്തില്‍ നിന്നും ബഹുമാനപ്പെട്ട ചിറമേലച്ചന്‍ വീഡിയോയിലൂടെ സന്ദേശം നല്‍കുകയും ചെയ്തിരുന്നു. ഈ ചാരിറ്റിയെപ്പറ്റിയുള്ള ബഹുമാനപ്പെട്ട ചിറമേലച്ചന്റെ സന്ദേശം കാണുവാന്‍ താഴെ കാണുന്ന വീഡിയോ സന്ദര്‍ശിക്കുക

ജൂണ്‍ മാസം ഇരുപത്തിയഞ്ചാം തീയതി ബെര്‍മിംഗ്ഹാമിലെ  സെന്റ് ഗില്‍സ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്ന ഈ ചാരിറ്റി വിജയപ്പിക്കുവാന്‍ വേണ്ടി വലിയ ക്രമീകരണങ്ങള്‍ ആണ് ഈ അസ്സോസ്സിയേഷനുകള്‍ നടത്തുന്നത്. അതിന്റെ ഭാഗമായി ഫാ : ബിജു ചിറ്റുപറമ്പിലിന്റെ നേതൃതത്തില്‍ ആദ്യ മീറ്റിംഗ് ബെര്‍മിംഗ്ഹാമില്‍ വച്ച് കൂടിയിരുന്നു. യുകെയിലുള്ള  അനേകം വ്യക്തികളും, കൂട്ടായ്മകളുമാണ് ഓരോ ഇന്ത്യക്കാരന്റെയും ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഈ മഹത്തായ കാരുണ്യപ്രവര്‍ത്തിയില്‍ പങ്ക് ചേരാന്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. മഹാമനസ്ക്കരായ ഓരോ യുകെ മലയാളികളിയുടെയും സാന്നിധ്യവും സഹകരണവുംകൊണ്ട് ഈ ജീവകാരുണ്യ കൂട്ടായ്മ വളര്‍ന്ന് പന്തലിക്കട്ടെ എന്ന് ആശംസിക്കുന്നു.

 

 

  

ഈ ചാരിറ്റി നടക്കുന്ന ഹാളിന്റെ അഡ്രെസ്സ്

St Giles’ Church hall

149 Church Rd, Birmingham B26 3TT

25th JUNE 2017

AT 5 PM