സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധ മൂലം അടച്ചിട്ടിരിക്കുന്ന സ്കൂളുകൾ ജൂൺ ആദ്യവാരം തന്നെ തുറക്കുവാൻ ഗവൺമെന്റ് തല തീരുമാനങ്ങൾ ഉണ്ടായിരിക്കുകയാണ്. എന്നാൽ ഈ തീരുമാനത്തെ ശക്തമായി എതിർത്ത്, കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളൂ എന്ന തീരുമാനവുമായി അധ്യാപക സംഘടനകൾ രംഗത്ത് വന്നിരിക്കുകയാണ്. വിദ്യാഭ്യാസ സെക്രട്ടറി ഗവിൻ വില്യംസണ് നൽകിയ കുറിപ്പിലാണ് അധ്യാപക സംഘടനകൾ തങ്ങളുടെ നയം വ്യക്തമാക്കിയത്.ജൂൺ ഒന്നിന് തങ്ങളുടെ സ്കൂളുകൾ തുറക്കുയില്ല എന്ന തീരുമാനവുമായി സ്കോട്ടിഷ്, വെൽഷ് ഗവൺമെന്റുകൾ രംഗത്ത് വന്നിരിക്കുകയാണ്.

സ്കൂളുകൾ തുറക്കുന്നതിൽ കുട്ടികളുടെ മാതാപിതാക്കൾക്കും ശക്തമായ എതിർപ്പുകൾ ആണ് ഉള്ളത്. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വാർത്താസമ്മേളനത്തിനു മുൻപായി, പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് നടത്തിയ വാർത്താസമ്മേളനത്തിൽ, ലോക്ക് ഡൗണിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയില്ല എന്ന അഭിപ്രായമാണ് പറഞ്ഞത്. എന്നാൽ പിക്നിക് ഉൾപ്പെടെ അനുവദിക്കാനുള്ള തീരുമാനങ്ങൾ ചിലപ്പോൾ എടുത്തേക്കാം എന്ന് സൂചനയുമുണ്ട്.

വെയിൽസിൽ ലോക്ക്ഡൗൺ മൂന്നാഴ്ചത്തേയ്ക്കു കൂടി നീട്ടിയിരിക്കുകയാണ്. എന്നാൽ ചില ഇളവുകൾ എല്ലാം തന്നെ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. ബ്രിട്ടനിൽ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെയും കൃത്യമായ തീരുമാനമായിട്ടില്ല. അധ്യാപക സംഘടനകളുടെയും, രക്ഷാകർത്താക്കളുടെയും അഭിപ്രായങ്ങൾ മാനിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്ന വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.