ജന്മം കൊണ്ട് മാത്രമല്ല ഒരാൾ സഹോദരനാകുന്നത്; ബാലചന്ദ്രനെ നക്സലെന്നു മുദ്രകുത്തി നാടുകടത്തിയത് ഈ സഹോദരൻ, സലിംകുമാർ പറയുന്നു

ജന്മം കൊണ്ട് മാത്രമല്ല ഒരാൾ സഹോദരനാകുന്നത്; ബാലചന്ദ്രനെ നക്സലെന്നു മുദ്രകുത്തി നാടുകടത്തിയത് ഈ സഹോദരൻ, സലിംകുമാർ പറയുന്നു
June 04 03:53 2019 Print This Article

ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ സഹോദരൻ പറവൂര്‍ നന്ത്യാട്ട്കുന്ന് ചുള്ളിക്കാട്ട് ജയചന്ദ്രന്‍ എന്ന ചന്ദ്രന്‍കുട്ടിയുടെ ദുരിതം നിറഞ്ഞ വാർദ്ധക്യാവസ്ഥ അദ്ദേഹം തന്നെ വരുത്തിവച്ചതാണെന്ന് നടൻ സലിം കുമാർ. ഈ വിഷയത്തിൽ താൻ, ബാലചന്ദ്രൻ ചുള്ളിക്കാടുമായി സംസാരിച്ചിരുന്നുവെന്ന് പറഞ്ഞ സലിം കുമാർ, അദ്ദേഹം സഹോദരനെ ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും പറഞ്ഞു.

തോന്ന്യകാവ് ക്ഷേത്രത്തിന് സമീപത്തെ ഒരു കടത്തിണ്ണയിൽ അബോധാവസ്ഥയില്‍ കണ്ട ചന്ദ്രൻകുട്ടിയെ പൊലീസും ജീവകാരുണ്യ പ്രവർത്തകരും ചേർന്നാണ് പറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പിന്നീട് സന്തോഷ് പോത്താനിയെന്ന വ്യക്തി ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് വിവാദത്തിന് തുടക്കമിട്ടത്. ചന്ദ്രൻകുട്ടിയുടെ കാര്യം പറയാൻ ബാലചന്ദ്രൻ ചുള്ളിക്കാടിനെ നടൻ സലിംകുമാറിനെ കൊണ്ട് വിളിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ ഈ വാദം സലിം കുമാർ അംഗീകരിച്ചില്ല.

” ആരും ആവശ്യപ്പെട്ടിട്ടല്ല ഞാൻ ബാലചന്ദ്രൻ ചുള്ളിക്കാടിനെ വിളിച്ചത്. ” എന്ന് പറഞ്ഞ സലിം കുമാർ, സമൂഹമാധ്യമങ്ങളിൽ ഇയാളെ പറ്റിയുള്ള വിവരം ഷെയർ ചെയ്ത് കണ്ടാണ് ബാലചന്ദ്രൻ ചുള്ളിക്കാടിനെ വിളിച്ചതെന്നും പറഞ്ഞു. “ജന്മം കൊണ്ട് മാത്രമല്ല ഒരാൾ സഹോദരനാകുന്നത്. കർമ്മം കൊണ്ട് കൂടിയാണ്. പണ്ട് ബാലചന്ദ്രൻ ചുള്ളിക്കാടിനെ നക്സലാണെന്ന് പറഞ്ഞ് നാട്ടിൽ നിന്ന് ഓടിച്ചുവിട്ടതിൽ ഈ ചന്ദ്രൻകുട്ടിക്ക് പങ്കുണ്ട്. പിന്നീട് വളരെ കാലങ്ങൾക്ക് ശേഷം അമ്മ മരിച്ചപ്പോഴാണ് ബാലചന്ദ്രൻ നാട്ടിൽ വന്നത്. അന്ന് അദ്ദേഹം ബുദ്ധമതത്തിൽ ചേർന്നെന്ന് പറഞ്ഞ് അമ്മയ്ക്ക് ബലിയിടാൻ പോലും സമ്മതിക്കാതെ മടക്കി അയച്ചതിന് പിന്നിലും ഇയാളാണ്. അന്യമതസ്ഥൻ അമ്മയുടെ ശരീരത്തിൽ തൊട്ടാൽ പ്രശ്നമുണ്ടാക്കണമെന്ന് പറഞ്ഞ് ഒരു സംഘത്തെ അയാൾ ചട്ടംകെട്ടി നിർത്തിയിരുന്നു. ഇക്കാര്യം ബാലചന്ദ്രനോട് പറഞ്ഞ് അദ്ദേഹത്തെ മടക്കി അയച്ചത് അദ്ദേഹത്തിന്‍റെ സഹോദരിയാണ്” സലിം കുമാർ പറഞ്ഞു.

” വീട് ഭാഗം വെച്ചവകയിൽ ചന്ദ്രൻ കുട്ടിക്കും കിട്ടിയിരുന്നു 35 സെന്‍റ് സ്ഥലം. അതെന്ത് ചെയ്തു ? കള്ളുകുടിച്ച് നശിപ്പിച്ചു. ചന്ദ്രൻ കുട്ടി അവിവാഹിതനാണ്. പറവൂരിൽ കോൺഗ്രസ് പ്രവർത്തകനായ രവീന്ദ്രനെ കൊന്ന കേസിലെ പ്രതിയാണ് ഇയാൾ. ഇവരുടെ കുടുംബം ധനിക കുടുംബമായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് മഹാരാജാസ് കോളേജിൽ പട്ടിണിയും ദാരിദ്ര്യവുമായി തന്‍റെ ജീവിതം തള്ളി നീക്കിയപ്പോൾ ചന്ദ്രൻകുട്ടിയൊക്കെ മൂന്ന് നേരം സുഭിക്ഷമായി ഭക്ഷണം കഴിച്ച് ജീവിച്ചിരുന്നവരാണ്. എല്ലാം നശിച്ച് പോയപ്പോൾ ഭ്രാന്തായി. അതാണ് സത്യം. അവസാനം എത്തിച്ചേരേണ്ട സ്ഥലത്തും നിലയിലും തന്നെയാണ് അയാൾ എത്തിച്ചേർന്നിരിക്കുന്നത്. ഒരു കാലത്ത് ഇയാളെ പറ്റിച്ച് ജീവിച്ചവരാണ് ഇന്ന് അയാൾക്ക് വേണ്ടി ബാലചന്ദ്രൻ ചുള്ളിക്കാടിനെ ക്രൂശിക്കുന്നത്. ” സലിം കുമാർ പറഞ്ഞു. ചന്ദ്രൻ കുട്ടിയെ ബാലചന്ദ്രൻ ചുള്ളിക്കാട് ഏറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles