ലണ്ടന്‍: സംഭാവനകള്‍ സ്വീകരിക്കുന്നതിനായി പോര്‍ട്ടബിള്‍ കാര്‍ഡ് റീഡറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. സഭയ്ക്ക് കീഴിലുള്ള 16,000ത്തോളം വരുന്ന പള്ളികളിലും കത്തീഡ്രലുകളിലും ഇവ എത്തിക്കും. ഇവയിലൂടെ കോണ്ടാക്ട്‌ലെസ്, ആപ്പിള്‍ പേ, ഗൂഗിള്‍ പേ, ചിപ്പ് ആന്‍ഡ് പിന്‍ ട്രാന്‍സാക്ഷനുകള്‍ എന്നിവ സാധ്യമാണ്. കോണ്‍ഗ്രിഗേഷനുകള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇതെന്ന് സഭാവൃത്തങ്ങള്‍ പറയുന്നു.

പള്ളികളില്‍ എത്തുന്നവരുടെ കൈവശം ചിലപ്പോള്‍ സംഭാവനകള്‍ നല്‍കാന്‍ ആവശ്യമായ പണം ഉണ്ടാകണമെന്നില്ല. അപ്പോള്‍ ഈ റീഡറുകള്‍ ഉപകകരിക്കുമെന്ന് സ്റ്റാംഫോര്‍ഡിലെ സെന്റ് ജോര്‍ജ് ചര്‍ച്ച് സെക്രട്ടറി ആലിസണ്‍ ഡേവി പറഞ്ഞു. സംഅപ് എന്ന ഫിനാന്‍ഷ്യല്‍ കമ്പനിയാണ് കാര്‍ഡ് റീഡറുകളുടെ സാങ്കേതികതയ്ക്ക് പിന്നില്‍. പള്ളികളില്‍ നിന്നുള്ള സംഭാവനകള്‍ പ്രതിവര്‍ഷം 580 മില്യന്‍ പൗണ്ടായി ഉയര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ഒരു ക്യാഷ്‌ലെസ് സമൂഹത്തില്‍ ഇത്തരം രീതികള്‍ അനിവാര്യമാണെന്നും വിലയിരുത്തപ്പെടുന്നു. വിവാഹങ്ങള്‍ പോലെയുള്ള അവസരങ്ങളില്‍ സംഭാവനകള്‍ നല്‍കാന്‍ പലര്‍ക്കും കഴിയാറില്ല. കോണ്ടാക്ട്‌ലെസ് കാര്‍ഡുകള്‍ ഈ പ്രശ്‌നത്തിനും പരിഹാരമാകും. പണം നല്‍കുന്ന രീതികള്‍ മാറിയിരിക്കുന്നു. പുതിയ തലമുറയ്ക്കും ആരാധനാസ്ഥലങ്ങളില്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വിധത്തിലുള്ള മാറ്റമാണ് ആവശ്യമെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് നാഷണല്‍ സ്റ്റുവാര്‍ഡ്ഷിപ്പ് ഓഫീസര്‍ ജോണ്‍ പ്രെസ്റ്റണ്‍ പറഞ്ഞു.