തൃശ്ശൂര്‍: കട്ടിലപ്പൂവം യാക്കോബായ സുറിയാനി പള്ളി വികാരി സഹവികാരിയെ ആക്രമിച്ചു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. വികാരിയുടെ ആക്രമണത്തില്‍ വയറിന് ഗുരുതരമായി പരിക്കേറ്റ സഹവികാരി ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം സംഭവത്തില്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സഭ ഇടപെട്ട് അടിപിടി ഒതുക്കി തീര്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വെള്ളിയാഴ്ച്ച രാത്രി ബന്ധുവുമായി ഫോണില്‍ സംസാരിക്കുന്നതിനിടയിലാണ് സഹവികാരിക്ക് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായിരിക്കുന്നത്. ഇരുമ്പ് പൈപ്പുമായി എത്തിയ വികാരി ഇയാളെ ആക്രമിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ ഫോണില്‍ ബഹളം കേട്ട ബന്ധു നാട്ടിലേക്ക് ഫോണ്‍ വിളിച്ചറിയിച്ചാണ് പരിക്കേറ്റ സഹവികാരിയെ ആശുപത്രിയിലെത്തിച്ചത്.

വികാരിമാരുടെ പ്രവൃത്തി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇരുവര്‍ക്കുമെതിരെ നടപടി വേണമെന്നും ഇടവകയിലെ ആളുകള്‍ ആവശ്യപ്പെട്ടു. അടിയന്തര യോഗത്തിന് ശേഷം ഇക്കാര്യം സഭയിലെ മേലധികാരികളെ അറിയിക്കാനുള്ള ശ്രമത്തിലാണ് വിശ്വാസികള്‍. വികാരിയും സഹവികാരയും തമ്മില്‍ കുറേക്കാലങ്ങളായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി സമീപവാസികള്‍ പറയുന്നു. പല സമയങ്ങളിലും പൊതുസ്ഥലങ്ങളില്‍ വെച്ച് ഇവര്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.