ലണ്ടന്‍: പള്ളികളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകള്‍ ശുശ്രൂഷാ വേളകളില്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന് സഭാ കോടതി. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ കണ്‍സിസ്റ്ററി കോടതിയാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. ശുശ്രൂഷകള്‍ സ്വകാര്യമായിരിക്കണമെന്നാണ് സഭാ കോടതി വ്യക്തമാക്കിയത്. പള്ളിയില്‍ രണ്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ അനുവാദം ചോദിച്ച കാന്റര്‍ബറി വികാരിയുടെ അപേക്ഷയോടുള്ള പ്രതികരണമായാണ് കോടതി ഇക്കാര്യം പറഞ്ഞത്. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ ധാര്‍മികതയുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്തരത്തില്‍ ഒരു വിധി സഭ പുറപ്പെടുവിക്കുന്നത്.

ദിവസം മുഴുവന്‍ തുറന്നു കിടക്കുന്ന പള്ളിക്ക് സാമൂഹ്യവിരുദ്ധര്‍ നാശം വരുത്തുന്നത് കുറയ്ക്കാനും പള്ളിയില്‍ എത്തുന്നവര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നത് കണ്ടെത്താനുമാണ് സിസിടിവി സ്ഥാപിക്കണമെന്ന് വികാരി റവ. ഫിലിപ്പ് ബ്രൗണ്‍, ചര്‍ച്ച് വാര്‍ഡന്‍മാരായ റോബിന്‍ സ്ലോ, റോബര്‍ട്ട് അലന്‍ എന്നിവര്‍ ആവശ്യപ്പെട്ടത്. 1285നും 1305നുമിടയില്‍ നിര്‍മിക്കപ്പെട്ട സെന്റ് മേരീസ് ചാര്‍ത്താം പള്ളിയിലാണ് ഇത് സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. മധ്യകാലത്ത് നിര്‍മിക്കപ്പെട്ട പള്ളി ഗ്രേഡ് വണ്‍ പൈതൃക കെട്ടിടമായാണ് കണക്കാക്കുന്നത്.

എന്നാല്‍ ഞായറാഴ്ച കുര്‍ബാന, വിവാഹങ്ങള്‍ തുടങ്ങിയ പള്ളി ശുശ്രൂഷകള്‍ക്കിടയില്‍ ക്യാമറകള്‍ ഓഫ് ചെയ്യണമെന്ന് കാന്റര്‍ബറി രൂപതയുടെ കോമ്മിസാറി ജനറലായ മോറാഗ് എല്ലിസ് ക്യുസി പറഞ്ഞു. മൃതദേഹ സംസ്‌കാരങ്ങള്‍, മാമോദിസാ ചടങ്ങുകള്‍ തുടങ്ങി ജനങ്ങള്‍ ഏറ്റവും സ്വകാര്യമായി കരുതുന്ന ചടങ്ങുകളുടെ മാന്യതയെ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാര്‍ത്ഥനകള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന പ്രദേശങ്ങളില്‍ ക്യാമറകള്‍ ഒരു കാരണവശാലും സ്ഥാപിക്കാന്‍ പാടില്ല. കുമ്പസാരക്കൂടിന് സമീപവും രോഗശാന്തി ശുശ്രൂഷകള്‍ നടക്കുന്നിടത്തും ക്യാമറകള്‍ സ്ഥാപിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.