ലണ്ടന്‍: യുകെയില്‍ ഇനി സിഗരറ്റുകള്‍ സാധാരണ മട്ടിലുള്ളതാവില്ലെന്ന് സൂചന. സിരഗറ്റുകളിലെ നിക്കോട്ടിന്‍ അളവ് കുറയ്ക്കുന്നതിലൂടെ പുകവലി നിയന്ത്രണം സാധ്യമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ രംഗത്തെത്തി. അമേരിക്കന്‍ സ്റ്റേറ്റുകളില്‍ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതിയുടെ ചുവടുപിടിച്ചാണ് ബ്രിട്ടനിലെ ആരോഗ്യ വിദഗ്ദ്ധര്‍ ഈ നിര്‍ദേശവുമായി രംഗത്തെത്തിയത്. പുകവലിജന്യ രോഗങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ വര്‍ഷമാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ഇത് വിജയകരമായാല്‍ യുകെയിലും നടപ്പാക്കാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധര്‍ അവകാശപ്പെടുന്നത്.

സിഗരറ്റുകളിലെ നിക്കോട്ടിന്‍ അംശം കുറയ്ക്കുന്നത് ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് സ്റ്റെര്‍ലിംഗ് യൂണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് പോളിസി പ്രൊഫസര്‍ ലിന്‍ഡ ബോള്‍ഡ് പറഞ്ഞു. പുകവലിയുടെ ആകര്‍ഷണീയത കുറയ്ക്കാനും അതിലൂടെ പുകവലിക്ക് അടിമയാകുകയെന്നത് ഇല്ലാതാക്കാനും സാധിക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. പുകവലി കുറയ്ക്കാനും പൂര്‍ണ്ണമായി ഉപേക്ഷിക്കാനും വരെ പരീക്ഷണ സാഹചര്യങ്ങളില്‍ ചിലര്‍ തയ്യാറായിട്ടുണ്ടെന്നും ലിന്‍ഡ പറഞ്ഞു. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.

നിക്കോട്ടിന്‍ അളവ് കുറഞ്ഞ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയാല്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ സിഗരറ്റുകള്‍ ഒഴുകാന്‍ തുടങ്ങും. ഇറക്കുമതി ചെയ്ത സിഗരറ്റുകളും വ്യാജ സിഗരറ്റുകളും മാര്‍ക്കറ്റില്‍ എത്തിത്തുടങ്ങുമെന്നും അവര്‍ പറയുന്നു. ലോകത്തെല്ലായിടത്തും സിഗരറ്റുകള്‍ ലഭ്യമാണെന്നതാണ് ഇതിന് കാരണം. അമേരിക്കയില്‍ സിഗരറ്റുകളിലെ നിക്കോട്ടിന്‍ അളവ് കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി എഫ്ഡിഎ സ്ഥിരീകരിച്ചു. പ്രതിവര്‍ഷം 4,80,000 പേര്‍ പുകവലിജന്യ രോഗങ്ങള്‍ മൂലം അമേരിക്കയില്‍ മരണമടയുന്നുണ്ടെന്നാണ് വിവരം.