സിനിമാ പാരഡീസോ ക്ലബിന്റെ സിനിമാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഫഹദ് ഫാസില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയപ്പോള്‍ ടേക്ക് ഓഫീലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. തൊണ്ടിമുതലിന്റെ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടി. ശ്യാം പുഷ്‌കരനാണ് മികച്ച ഡയലോഗിനുള്ള പുരസ്‌ക്കാരം.

രക്ഷാധികാരി ബിജുവിലെ പ്രകടനത്തിന് കൃഷ്ണ പദ്മകുമാര്‍ മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം നേടിയപ്പോള്‍ അലന്‍സിയര്‍ ലേ മികച്ച സഹനടനുള്ള പുരസ്‌ക്കാരം നേടി. കിരണ്‍ ദാസാണ് മികച്ച എഡിറ്റര്‍ (തൊണ്ടിമുതല്‍), മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌ക്കാരം രണ്ടു പേര്‍ക്കാണ്. തൊണ്ടിമുതലിന് രാജീവ് രവിയും, അങ്കമാലി ഡയറീസിന് ഗിരീഷ് ഗംഗാധരനും. പറവ, മായാനദി എന്നി സിനിമകള്‍ക്ക് റെക്സ് വിജയന്‍ മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.

ഫഹദിന് പുരസ്‌ക്കാരം നല്‍കി കൊണ്ട് സിപിസി എഴുതിയ കുറിപ്പ്

ഏഴുവര്‍ഷം നീണ്ട വലിയ ഇടവേളയ്ക്കുശേഷം ചുരുങ്ങിയകാലംകൊണ്ട് മലയാളത്തിലെ എണ്ണംപറഞ്ഞ നായകനടന്‍മാരിലൊരാളായി, തന്റെ സ്വാഭാവികാഭിനയം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായ, കഴിഞ്ഞ വര്‍ഷം കള്ളന്‍ പ്രസാദായി സിനിമയിലുടനീളം നിറഞ്ഞാടിയ ഫഹദ് ഫാസിലാണ് ഈ വര്‍ഷത്തെ സിപിസി സിനി അവാര്‍ഡ്സ് ‘ബെസ്റ്റ് ആക്റ്റര്‍ ഇന്‍ ലീഡ് റോള്‍’ അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത്.

ഓഡിയന്‍സ് പോളിലും, ജൂറി മാര്‍ക്കിലും മറ്റ് മത്സരാര്‍ത്ഥികളേക്കാള്‍ ബഹുദൂരം മുന്നിലെത്തിയ ഫഹദിനോട് മത്സരിക്കാന്‍ ഈ വിഭാഗത്തില്‍, വര്‍ണ്ണ്യത്തിലാശങ്കയിലെയും, തൊണ്ടിമുതലിലെയും സുരാജിന്റേതടക്കമുള്ള മികച്ച പ്രകടനങ്ങളുണ്ടായിട്ടും, അതൊന്നും കള്ളന്‍ പ്രസാദിന് മുന്നില്‍ വെല്ലുവിളിയുയര്‍ത്താനായില്ല എന്നത് ആ കഥാപാത്രത്തിന്റെ ജനസമ്മതിയും മികവും വെളിവാക്കുന്നതാണ്.

ജൂറി നിരീക്ഷണങ്ങള്‍:

ഫഹദിന്റെ പ്രസാദായുള്ള പെര്‍ഫോര്‍മന്‍സിന് മുന്നില്‍ മറ്റ് ഓപ്ഷനുകള്‍ അപ്രസക്തമാണെന്ന് തോന്നിയതായി നിരീക്ഷിച്ച ജൂറിയംഗങ്ങള്‍ക്ക്, ഫഹദ് ഇതുവരെ ചെയ്തതില്‍ ഏറ്റവും സങ്കീര്‍ണതയുള്ള കഥാപാത്രമായാണ് പ്രസാദിനെ അനുഭവപ്പെട്ടത്. പോലീസുകാരോ, കള്ളനല്ലാത്ത പ്രസാദോ എന്തെങ്കിലും ചോദിച്ചാല്‍മാത്രം വ്യാഖ്യാനം സാധ്യമാകുന്ന, പറയുന്ന ഉത്തരം കള്ളമാണോ സത്യമാണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ പിടികിട്ടുക എളുപ്പമല്ലാത്ത കഥാപാത്രമായ കള്ളന്‍ പ്രസാദിന്റെ സത്യസന്ധത ഫഹദ് അണ്ടര്‍ പ്ലേ സ്വഭാവത്തില്‍ അതിഗംഭീരമായി അനുഭവവേദ്യമാക്കിയതായി ജൂറി നിരീക്ഷിക്കുന്നു. സമ്മര്‍ദ്ദപ്പെരുക്കത്തിലേക്ക് ചുറ്റുമുള്ളവരെ എടുത്തെറിഞ്ഞ് കണ്ണുകളാല്‍ ചിരിക്കുന്ന രംഗം/ ശ്രീജയുടെ വൈകാരികപ്രതികരണത്തോടുള്ള റിയാക്ഷന്‍/ സ്റ്റേഷനില്‍ മൂന്നാം മുറയ്ക്ക് ശേഷമുള്ള പ്രതികരണം, ഇവയൊക്കെ ജൂറി എടുത്തുപറഞ്ഞ രംഗങ്ങളാണ്.

ബസ്സില്‍ നിന്നുള്ള ആദ്യരംഗത്തില്‍ കണ്ണുകളിലൂടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന, സംഭാഷണങ്ങളെക്കാള്‍ കഥാപാത്രത്തിന്റെ പെര്‍ഫോര്‍മന്‍സില്‍ നിന്ന് എസ്റ്റാബ്ലിഷ് ചെയ്ത കള്ളന്‍ പ്രസാദെന്ന കഥാപാത്രത്തെ ഫഹദ് ഗംഭീരമായി തന്നെ ഡെലിവര്‍ ചെയ്തതായി ജൂറി അഭിപ്രായപ്പെട്ടു. അതോടൊപ്പം ഇത്ര അണ്‍റിലയബിളായ കഥാപാത്രം ഓരോരുത്തരുടെ മുമ്പിലും, ഓരോ അവസ്ഥയിലും പ്രത്യേക ബോഡി ലാംഗ്വേജ് കാത്ത് സൂക്ഷിക്കുന്നതും, വളരെയേറെ സട്ടിലായി തന്റെ ഭൂതകാലത്തേക്കുള്ള ക്ലൂസ് തരുന്നതും, സിനിമയുടെ ജീവനായ കഥാപാത്രത്തിന്റെ മിസ്റ്ററി മനോഹരമായി കൈകാര്യം ചെയ്യുന്നതും, ജൂറിയംഗങ്ങള്‍ക്കിടയില്‍ പ്രശംസിക്കപ്പെട്ടു. ഫ്ലാഷ്ബാക്ക് സൂചനകള്‍, മര്‍ദ്ദിക്കപ്പെടുമ്പോഴുള്ള റിയാക്ഷന്‍സ്, ഇടയ്ക്ക് കയറിവരുന്ന കൂസലില്ലായ്മ, നിഷ്‌കളങ്കന്‍ എന്ന് തോന്നിപ്പിക്കാന്‍ ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍.. അങ്ങനെ സൂക്ഷ്മമായ ഭാവഭേദങ്ങള്‍ കൊണ്ട് ഫഹദ് ആ കഥാപാത്രത്തെ ആഴത്തില്‍ പതിപ്പിച്ചു വയ്ക്കുന്നുണ്ടെന്നതും ജൂറിയംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

മിസ്റ്റിക്ക് ഹ്യുമര്‍ ടച്ചുള്ള കള്ളന്‍, ഒരേ സമയം നിസ്സഹായനായി കാണപ്പെടുകയും, എന്നാല്‍ എന്തെങ്കിലും ഇപ്പോള്‍ ഒപ്പിക്കും എന്ന് തോന്നിപ്പിക്കുകയും ചെയ്തുകൊണ്ട് പ്രേക്ഷകരെ ട്രിക്ക് ചെയ്യുന്ന ഒരു മോള്‍ഡായി മാറുകയായിരുന്നു ഫഹദ് സ്‌ക്രീനില്‍. അതോടൊപ്പംതന്നെ മലയാളസിനിമാസ്വാദകരെ പൈഡ്പൈപ്പര്‍ കൂട്ടി കൊണ്ടുപോകുന്നപോലെ കള്ളന്‍ പ്രസാദിന്റെ കൂടെ ഇറങ്ങി പോവാന്‍ തോന്നുന്ന പ്രകടനമാണ് ഫഹദ് കാഴ്ച്ചവെച്ചതെന്നും ജൂറി അഭിപ്രായപ്പെട്ടു.

ഫഹദിനൊപ്പംതന്നെ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലൂടെ തന്നിലെ നടനെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ആസിഫ് അലിയെയും, മായാനദിയിലൂടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ടോവിനോ തോമസിനെയും, മിമിക്രിവേദികളുടെ ഹാങ്ങോവറില്ലാതെ ഗൗരവസ്വഭാവമുള്ള കഥാപാത്രങ്ങളെ സ്‌ക്രീനില്‍ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂടിനെയും ജൂറി പ്രശംസിച്ചു. കള്ളന്‍ പ്രസാദെന്ന നിഗൂഢത നിറഞ്ഞ, നോട്ടങ്ങള്‍കൊണ്ട് സംസാരിക്കുന്ന, കൗശലക്കാരനായ കഥാപാത്രത്തെ സ്‌ക്രീനില്‍ ഗംഭീരമായി അഭിനയിച്ച് ഫലിപ്പിച്ച ഫഹദ് ഫാസിലാണ് ഈ വര്‍ഷത്തെ മികച്ച നടനുള്ള സിപിസി പുരസ്‌കാരം നേടിയിരിക്കുന്നത്.

പാര്‍വതിയെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങള്‍

ബെസ്റ്റ് ആക്ട്രെസ്സ് ഇന്‍ എ ലീഡ് റോള്‍ : പാര്‍വതി

സിപിസി സിനി അവാര്‍ഡ് മൂന്നാം എഡിഷനില്‍ കഴിഞ്ഞ തവണത്തേതുപോലെത്തന്നെ ഗ്രൂപ്പില്‍ വാശിയേറിയ വാഗ്വാദങ്ങള്‍ക്കും, രസകരവും ഒപ്പം ഗൗരവപരവുമായ ചര്‍ച്ചകള്‍ക്കും വഴി തെളിയിച്ച വിഭാഗമായിരുന്നു മികച്ച നടിയുടെ കാറ്റഗറി. ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്‍വതിയും, മായാനദിയിലൂടെ ഐശ്വര്യലക്ഷ്മിയും, തൊണ്ടിമുതലിലൂടെ നിമിഷാ സജയനും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളോടെ നല്ല മത്സരത്തിന് വഴി തെളിച്ചു. പക്ഷേ, ഓഡിയന്‍സ് പോള്‍ അവസാനിക്കുമ്പോള്‍ വ്യക്തമായ ലീഡോടെ ആദ്യ സ്ഥാനത്തെത്തിയ പാര്‍വതിക്കൊപ്പം, അവസാനപട്ടികയില്‍ എത്തിയ എല്ലാവരുടെ പ്രകടനവും ജൂറി സൂക്ഷ്മമായി വിലയിരുത്തുകയുണ്ടായി. ജൂറി മാര്‍ക്കില്‍ ഐശ്വര്യലക്ഷ്മിയും പാര്‍വതിയും ഒപ്പത്തിനൊപ്പമെത്തിയെങ്കിലും ഓഡിയന്‍സ് പോളില്‍ നേടിയ ലീഡ് മികച്ച നടിക്കുള്ള സിപിസിയുടെ പുരസ്‌കാരം രണ്ടാം തവണയും പാര്‍വതിയിലെത്തിച്ചു.

ജൂറിയുടെ നിരീക്ഷണങ്ങള്‍:

കൈവിട്ടുപോകാമായിരുന്ന രണ്ടു കഥാപാത്രങ്ങള്‍ – പാര്‍വതി ടേക്ക് ഓഫില്‍ ആവശ്യമായ തീവ്രതയോടെ അഭിനയിച്ചപ്പോള്‍, ഐശ്വര്യലക്ഷ്മി ഒരു മികച്ച കഥാപാത്രത്തെ അതാവശ്യപ്പെടുന്ന സട്ടിലിറ്റിയോടെ അവതരിപ്പിച്ചതായും നിരീക്ഷിച്ച ജൂറി, അപ്പുവെന്ന മായാനദിയുടെ ഹാര്‍ട്ട് അന്‍ഡ് സോള്‍ മാത്രമല്ലാത്ത, അവരുടെ പൊളിറ്റിക്സ് കൂടിയായിരുന്ന കഥാപാത്രത്തെ മികച്ചരീതിയില്‍ അവതരിപിച്ചതായി അഭിപ്രായപ്പെട്ടു.

ഇവരൊടൊപ്പംതന്നെ, ഒരേ പേരുള്ള രണ്ടു കഥാപാത്രങ്ങള്‍ക്കിടയില്‍ സിനിമയുടെ നരേറ്റീവ് ഒരു കള്ളന്‍ വലിച്ചുകൊണ്ടുപോകുമ്പോള്‍ക്കൂടി, സിനിമയിലുടനീളം ഡോമിനന്‍സ് ശക്തമായിത്തന്നെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ശ്രീജ നില്‍ക്കുന്നത് നിമിഷ ഗംഭീരമായിത്തന്നെ അഭിനയിച്ച് ഫലിപ്പിച്ചു എന്ന് ജൂറി അഭിപ്രായപ്പെട്ടു. സുരാജിന്റെ പ്രസാദ് നേരിടുന്ന ചാഞ്ചാട്ടങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി തന്റേതായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കഥാപാത്രത്തെ, ഒരു പുതുമുഖത്തിന്റെ ന്യൂനതകളൊന്നുമില്ലാതെ തിരശ്ശീലയില്‍ അവതരിപ്പിച്ചത് എടുത്തുപറയുകയുണ്ടായി. ശൃന്ദയുടെ ഡബ്ബിങ്ങും നിമിഷയെ വലിയ അളവില്‍ സഹായിച്ചു എന്ന ഘടകവും ജൂറി തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായി.

സമീറയെന്ന കാരക്ടറിനെ അടിമുടി ഉള്‍ക്കൊണ്ടുള്ള പ്രകടനമായിരുന്നു പാര്‍വ്വതിയുടേത്. അവരുടെ ധര്‍മ്മസങ്കടം, നിലനില്‍പ്പിനായുള്ള നെട്ടോട്ടം, അതിജീവനശ്രമം, ഗര്‍ഭാവസ്ഥയിലെ ശാരീരികപ്രശ്‌നങ്ങള്‍, അമ്മ/ഭാര്യ/കാമുകി/ നഴ്‌സ്/ ടീം ഹെഡ് ഇങ്ങനെ വിവിധ ജീവിതാവസ്ഥകളെ ശരീരഭാഷയിലും ചലനങ്ങളിലും ഭാവങ്ങളിലുമെല്ലാമായി അതിഗംഭീരമാക്കിയിട്ടുണ്ടായിരുന്നു പാര്‍വതി. ഇത്തരത്തില്‍ സമീറ എന്ന കഥാപാത്രത്തിന്റെ ആന്തരികസംഘര്‍ഷങ്ങള്‍ പ്രേക്ഷകനിലേക്ക് പകര്‍ത്തുന്നതില്‍ പാര്‍വ്വതി പൂര്‍ണ്ണമായും വിജയിച്ചു. ആദ്യപകുതിയൊക്കെ പൂര്‍ണമായും സമീറയെന്ന കഥാപാത്രത്തെ ആശ്രയിച്ചു നീങ്ങുന്ന ടേക്ക് ഓഫ് എന്ന ചിത്രത്തെ, ആ ഭാഗത്ത് സ്വന്തം തോളില്‍ ഫലപ്രദമായി പാര്‍വതി വഹിച്ചു എന്നുതന്നെ പറയാം. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വച്ച് ഫഹദിന്റെ കഥാപാത്രത്തെ ആദ്യം കാണുന്ന രംഗമടക്കം പാര്‍വതിയുടെ ശബ്ദത്തിനുമേലുള്ള അസൂയാവഹമായ നിയന്ത്രണവും, ബോഡി ലാംഗ്വേജും ജൂറി എടുത്തുപറഞ്ഞു.