സര്‍ക്കാര്‍ മദ്യനയത്തിനെതിരെ സമരാഹ്വാനവുമായി ഇടയലേഖനം

സര്‍ക്കാര്‍ മദ്യനയത്തിനെതിരെ സമരാഹ്വാനവുമായി ഇടയലേഖനം
June 19 04:57 2017 Print This Article

കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ സമരാഹ്വാനവുമായി ഇടയലേഖനം. തലശ്ശേരി അതിരൂപതയിലെ പള്ളികളിലാണ് ഇന്നലെ ഇടയലേഖനം വായിച്ചത്. തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ഞരളക്കാട്ട് പുറപ്പെടുവിച്ച ഇടയലേഖനം ഇന്നലെ കുര്‍ബാന മധ്യേ വായിക്കുകയായിരുന്നു. പടിപടിയായി മദ്യം നിരോധിക്കുമെന്ന പ്രഖ്യാപിതനയത്തില്‍ നിന്നുള്ള തിരിച്ചുപോക്കും സമൂഹത്തോടുള്ള വെല്ലുവിളിയുമാണ് സര്‍ക്കാരിന്റെ മദ്യനയമെന്നാണ് ഇടയലേഖനം പറയുന്നത്.

വഴിനീളെ മദ്യഷാപ്പുകള്‍ തുറന്നുവെച്ചിട്ട് മദ്യം വര്‍ജിക്കണമെന്ന് പറയുന്നതില്‍ ആത്മാര്‍ഥതയില്ല. തിരഞ്ഞെടുപ്പ് കാലത്ത് മദ്യമുതലാളിമാരും ഇടതുമുന്നണിയും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ ബാക്കിപത്രമാണ് ഇത്. ഇക്കാര്യത്തില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചാല്‍ തെറ്റ് പറയാനാകില്ല. ഏതാനും ബാറുടമകളുടെ നന്മയ്ക്കു വേണ്ടിയാണ് പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള തീരുമാനം. തീരുമാനത്തിനെതിരെ ധാര്‍മികബോധമുള്ള, ജനനന്മ കാംക്ഷിക്കുന്ന എല്ലാവരും പ്രതിഷേധിക്കുകയും ജനദ്രോഹപരമായ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യണം.

മദ്യപാനമെന്ന സാമൂഹിക വിപത്തിനെ എതിര്‍ക്കുന്നത് സഭയ്ക്ക് സമൂഹത്തോട് ധാര്‍മിക ഉത്തരവാദിത്വമുള്ളതുകൊണ്ടാണ്. ജനനന്മയ്ക്കുവേണ്ടിയുള്ള ധാര്‍മികശബ്ദത്തെ അപമാനിച്ചും പുച്ഛിച്ചും അടിച്ചമര്‍ത്താമെന്ന ധാരണ ഭരണാധികാരികള്‍ക്ക് വേണ്ട. മദ്യ പിശാചിനെതിരെ സമരം തുടരുമെന്നും ഇടയലേഖനം പറയുന്നു.

  Categories:

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles