മോദി ഭരണകൂടത്തെയും നയങ്ങളെയും കടുത്ത രീതിയില്‍ വിമര്‍ശിച്ച് ദ ഇക്കണോമിസ്റ്റ്. ‘ഇന്‍ടോളറന്റ് ഇന്ത്യ (അസഹിഷ്ണുത ഇന്ത്യ)’ എന്ന തലക്കെട്ടോടെ ഇറങ്ങിയ ഇപ്രാവശ്യത്തെ ദ ഇക്കണോമിസ്റ്റ് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സി.എ.എയെയും എന്‍.ആര്‍.സിയെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

ദ ഇക്കണോമിസ്റ്റിന്റെ സഹസ്ഥാപനമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റിന്റെ ജനാധിപത്യ സൂചികാ പട്ടികയില്‍ 10 സ്ഥാനം താഴ്ന്ന റാങ്ക് ലഭിച്ചതിനു പിന്നാലെയാണ് ദ ഇക്കണോമിസ്റ്റിന്റെ കവറായി രൂക്ഷവിമര്‍ശന ലേഖനം വന്നത്.

പൗരത്വ നിയമ ഭേദഗതിയും എന്‍.ആര്‍.സിയും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെന്ന ആശയത്തെ അപകടത്തിലാക്കുന്നതാണെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

ഇതിന്റെ കവര്‍ചിത്രം ട്വീറ്റ് ചെയ്തും വിമര്‍ശനക്കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എങ്ങനെയാണ് അപകടത്തിലാക്കുന്നത്’ എന്നാണ് ട്വീറ്റ്.

‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ നരേന്ദ്ര മോദി വിഭാഗീയത സൃഷ്ടിക്കുന്നു’ എന്ന തലക്കെട്ടിലാണ് ലേഖനം.

ദേശീയതയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിവുണ്ടാക്കി മോദിയുടെ ബി.ജെ.പിയും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നുവെന്ന് 80 കളിലെ രാമക്ഷേത്ര നിര്‍മാണ മൂവ്‌മെന്റുകള്‍ ചൂണ്ടിക്കാണിച്ച് ലേഖനത്തില്‍ പറയുന്നു. യഥാര്‍ഥ ഇന്ത്യക്കാരെ കണ്ടെത്താനെന്ന് പറഞ്ഞ് നടപ്പിലാക്കുന്ന എന്‍.ആര്‍.സി 130 കോടി ജനങ്ങളെയും ബാധിക്കും. വര്‍ഷങ്ങള്‍ ഇതിന്റെ പേരില്‍ വലിച്ചിഴക്കെപ്പെടും. പട്ടിക വീണ്ടും വെല്ലുവിളിക്കപ്പെടുകയും വീണ്ടും പുതുക്കുകയും പിന്നെയും മാറ്റുകയും ചെയ്യേണ്ടിവരുമെന്നും ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള മറ്റു കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വിഷയങ്ങള്‍ എടുത്തിടുന്നതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ലോക ജനാധിപത്യ രാജ്യങ്ങളിലെ പട്ടികയില്‍ ഇന്ത്യ താഴ്ന്നു പോയിരുന്നു. 10 സ്ഥാനങ്ങള്‍ താഴ്ന്ന് 165 രാജ്യങ്ങള്‍ക്കിടയില്‍ 51-ാം സ്ഥാനത്താണ് ഇന്ത്യ ഇടംപിടിച്ചത്. 10 ല്‍ 6.9 മാര്‍ക്ക് മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചതും.

സി.എ.എയെ കടുത്ത രീതിയില്‍ വിമര്‍ശിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ടും. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണയിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.