കവന്റി കേരളാ കമ്മ്യൂണിറ്റിയിലെ മലയാളികളെ സംബദ്ധിച്ചിടത്തോളം കഴിഞ്ഞ ശനിയാഴ്ച ഒരു പുതിയ മാറ്റത്തിന് സാക്ഷ്യം വഹിക്കാൻ അനേകർക്ക് സാധിച്ചു. ഫാസ്റ്റ് ഫുഡും കോളയും അടുത്ത തലമുറയെ നശിപ്പിക്കുന്നത് എങ്ങനെ എന്നും അതുപോലെ തന്നെ ആരോഗ്യപരമായി ജീവിക്കാനുള്ള മന്ത്രങ്ങൾ കവന്റി മലയാളികളെ ഓർമ്മപെടുത്തികൊണ്ട് കവന്റി കേരളാ കമ്മ്യൂണിറ്റിയുടെ ആരോഗ്യ ബോധവത്കരണ സെമിനാർ സമാപിച്ചു. പതിനാല് സീനിയർ മലയാളി ഡോക്ടർമാർ ആരോഗ്യ ബോധവത്കരണ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു. മലയാളികളുടെ ചോദ്യങ്ങൾക്ക് ആവേശത്തോടെയാണ് ഡോക്ടർമാർ മറുപടി പറഞ്ഞത്.

യുകെയിലെ തന്നെ ആദ്യത്തെ ഈ ഒരു സംരംഭം എല്ലാ അസോസിയേഷനും മാതൃകാപരമായ ഒരു പുത്തൻ തുടക്കം കുറിക്കാൻ പ്രചോദനമേകിയതിനൊപ്പം കവന്റി കേരളാ കമ്മ്യൂണിറ്റിക്ക് പുതിയ ഒരും മുഖം നൽകാൻ പ്രസിഡന്റായ ജോർജ്കൂട്ടി വടക്കേക്കുറ്റിനും ടീമംഗങ്ങൾക്കും സാധിച്ചു. നാട്ടിലെ ജീവിത രീതിയിൽ നിന്നും യുകെയിലെ ജീവിത സാഹചര്യങ്ങളിലേക്ക് മാറിയപ്പോൾ എത്ര സമ്പത്ത് ഉണ്ടായാലും നല്ല ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അവ അനുഭവിക്കാൻ സാധിക്കൂ എന്ന് ഉദാഹരണ സഹിതം പഠിപ്പിച്ചു.

പണ്ട് അറുപതിനും എഴുപതിനും ശേഷം വന്നിരുന്ന സ്റ്റോക്കും, ഹാർട്ട് അറ്റാക്കും, ഡയബറ്റിക്സും ഒക്കെ ഇപ്പോൾ മുപ്പത്തഞ്ചിലും നാല്‍പതിലും എത്തി നിൽക്കുന്നതിന്റെ കാരണങ്ങൾ ഡോക്ടർമാർ ചൂണ്ടികാട്ടി. യുക്കെ മലയാളികൾ തങ്ങളുടെ ആരോഗ്യ ശീലങ്ങളില്‍ അധിക ശ്രദ്ധ നല്‍കണമെന്ന സന്ദേശവും ഉയര്‍ത്തിയാണ് കവന്‍ട്രി കേരള കമ്മ്യൂണിറ്റി സംഘടിപ്പിച്ച സെമിനാര്‍ സമാപിച്ചത്.

ഹൃദ്രോഗ സാധ്യതകളെ കുറിച്ച് ഡോ. ജെഫ്‌റിന്‍ ആന്റണി, വ്യായാമ പൂര്‍ണ ജീവിതത്തെ കുറിച്ച് ഡോ നൗഷാദ് കുളമ്പില്‍ പടിഞ്ഞാക്കര, സ്‌ട്രോക് ഉണ്ടാകാന്‍ ഉള്ള സാദ്ധ്യതകള്‍ വിശദമാക്കി ഡോ. ആന്റണി തോമസ്, പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടി ഡോ. ശൈലേഷ് ശങ്കര്‍ എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്. ആരോഗ്യപരമായ ഒരു നല്ല ജീവിതം നയിക്കാനുള്ള എല്ലാ നുറുങ്ങുകളും ക്ളാസ്സെടുത്ത ഡോക്ടർമാർ കവന്റി മലയാളികൾക്ക് പകർന്ന് കൊടുത്തു.

ഇത്രയും നല്ല ഒരു ക്ലാസ് യുകെയിൽ ആദ്യമായാണ് കുടുന്നതെന്നും, ഇങ്ങനെ എല്ലാവർക്കും ഉപകാരപ്രദമായ ഈ ഒരു സംവാദത്തിൽ പങ്കെടുക്കാൻ പറ്റിയതിൽ സന്തോഷിക്കുന്നെന്നും, അതുപോലെ മുന്നോട്ട് ഉള്ള യാത്രയിൽ മലയാളികളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധിക്കുന്ന എല്ലാ രീതിയിലും സഹായം നൽകാമെന്ന് ഡോക്ടർ ആന്റണി തോമസ് പറഞ്ഞത് നിറഞ്ഞ കയ്യടിയോടെ ആണ് കവന്റി മലയാളികൾ സ്വാഗതം ചെയ്തത്.

ക്ളാസ്സുകൾ എടുത്ത ഡോക്ടർമാരെ സി കെ സി പ്രസിഡന്റ് ജോർജ്കുട്ടി, ടഷറർ തോമസ്കൂട്ടി, വൈസ് പ്രസിഡന്റ് ജോമോൻ, ഏരിയാ കോഓർഡിനേറ്റർ ജോബീ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസ്തുത ചടങ്ങില്‍ ആരോഗ്യ മേഖലയില്‍ മികവ് കാട്ടിയവരായ റീജാ ബോബിയേയും, ജോസഫ് ലൂക്കായേയും , ലിസ്സി ജോസ്സിനെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. യുകെയിൽ തന്നെ ആദ്യമായി ഇത്തരത്തില്‍ ഒരു മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിച്ച സികെസി യെ ഡോക്ടർ മാരും പങ്കെടുത്തവരും വളരെ അധികം അഭിനന്തിച്ചു. കവന്റിയിൽ നിന്നും, കവന്റിയുടെ സമീപ പ്രദേശത്തുനിന്നും സെമിനാറിൽ പങ്കെടുത്ത എല്ലാവർക്കും സി കെ സി യുടെ നന്ദി അറിയിച്ചു.

ക്യാൻസറിനെക്കുറിച്ചും അതുപോലെ വളർന്ന് വരുന്ന കുട്ടികൾ നേരിടുന്ന മാനസിക വെല്ലുവിളികളെ എങ്ങനെ അധിജീവിക്കാം എന്നും ഉള്ള ഒരു ബോധവൽക്കരണ സെമിനാർ ഉടനെ നടത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി എന്ന് പ്രസിഡന്റ് ജോർജുകൂട്ടി വടക്കേകുറ്റ് അറിയിച്ചു. സി കെ സി പ്രസിഡന്റ് ജോര്‍ജ്കുട്ടി വടക്കേക്കുറ്റ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഷിന്‍സൺ മാത്യു സ്വാഗതവും വൈസ് പ്രസിഡന്റ് ജോമോൻ വല്ലൂർ നന്ദിയും അറിയിച്ചു.