മധ്യപ്രദേശിലെ നീമുച്ചിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ഫുർഖാൻ ഖുറേഷിയാണ് അമിതമായി മൊബൈൽ ഫോണിൽ പബ്ജി കളിച്ചതിനെത്തുടർന്ന് മരിച്ചത്. രാജസ്ഥാനിലെ നാസിറാബാദിലാണ് ഫുര്‍ഖാനും കുടുംബവും താമസിക്കുന്നത്. മധ്യപ്രദേശിലെ സ്വന്തം നാട്ടില്‍ വിവാഹത്തിനായി വന്നതായിരുന്നു കുടുംബം.

ഉച്ചഭക്ഷണത്തിന് ശേഷം പബ്ജിക്ക് അടിമയായ ഫുർഖാൻ ആരോടും സംസാരിക്കുക പോലും ചെയ്യാതെ കളി തുടരുകയായിരുന്നു. മരിക്കുന്നതിന് മുൻപ് ഫുർഖാൻ വെടിവെയ്ക്ക് വെടിവെയ്ക്ക് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. പെട്ടന്ന് ഇയർഫോൺ ഊരി ഫോൺ വലിച്ചെറിഞ്ഞശേഷം സഹകളിക്കാരനോട് ഞാൻ ഇനി നിന്റെ കൂടെ കളിക്കില്ല, നീയാണ് എന്നെ തോൽപ്പിച്ചതെന്ന് ആക്രോശിച്ചശേഷം കുഴഞ്ഞുവീഴുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം തടയാനായില്ല. തലേന്ന് രാത്രിയും ഫുർഖാൻ പബ്ജി കളിക്കുകയായിരുന്നു. നീന്തലിലും വോളിബോളിലും താരമായിരുന്ന ഫുര്‍ഖാന് ഹൃദ്രോഗമില്ലായിരുന്നു. കളിയുടെ ആവേശം കാരണം അഡ്രിനാലിൽ പഞ്ചസാരയുടെ അളവ് കൂടി കാർഡിയാക്ക് അറസ്റ്റിലേക്ക് നയിച്ചതാകാമെന്നാണ് ഡോക്ടറുടെ വിശദീകരണം.

പബ്ജി കളി ഫുർഖാന്റെ പഠനത്തെയും സ്പോർട്സിനെയും ബാധിക്കുന്നുവെന്ന് തോന്നിയ പിതാവ് ഫോൺ പിടിച്ചുവാങ്ങിയിരുന്നു. ഇത് തിരികെ ലഭിക്കാൻ മൂന്ന് ദിവസം ഫുർഖാൻ പട്ടിണി കിടന്നതായും വീട്ടുകാർ പറഞ്ഞു.