കാര്‍ പാര്‍ക്കിനടുത്ത് നിര്‍ത്തിയിട്ടിയിരുക്കുകയായിരുന്ന ഷട്ടില്‍ ബസിന് തീപിടിച്ചതിനെ തുടര്‍ന്ന് സ്റ്റാന്‍സ്റ്റെഡില്‍ നിന്ന് പുറപ്പെടാനിരുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കി. ലണ്ടന് സമീപത്ത വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താറുമാറായത് ഈസ്റ്റര്‍ അവധി ആഘോഷിക്കാന്‍ യാത്രക്കായെത്തിയവരെയാണ് ബാധിച്ചത്. യാത്ര മുടങ്ങിയതോടെ ഇവരുടെ വീക്കെന്‍ഡ് ആഘോഷങ്ങള്‍ മുടങ്ങും. എയര്‍പോര്‍ട്ടിലെ ഫോര്‍കോര്‍ട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന് തീപിടിച്ചത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തീ പിടിച്ച ബസിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തീപ്പിടിത്തത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ മുന്‍ഭാഗം പുകയില്‍ മൂടി. യാത്രക്കാരെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു.

അപകടം സംഭവിച്ചയുടന്‍ പരിഭ്രാന്തരായ യാത്രക്കാര്‍ ടെര്‍മിനലിന് അകത്തേക്ക് ഓടിക്കയറി. ടെര്‍മിനലിന്റെ അകത്ത് ആളുകളുടെ നീണ്ട ക്യൂ രൂപപ്പെട്ടതായി പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. അര്‍ദ്ധരാത്രി വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായും യാത്രക്കാര്‍ എത്രയും പെട്ടെന്ന് വിമാനത്താവളം വിട്ടു പോകണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് സ്റ്റാന്‍സ്‌റ്റെഡ് എയര്‍പോര്‍ട്ട് അധികൃതര്‍ ട്വീറ്റ് ചെയ്തു. യാത്രക്കായി എത്തിയ നിരവധി പേര്‍ ടെര്‍മിനലില്‍ പോലും പ്രവേശിക്കാന്‍ കഴിയാതെ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങി. തങ്ങള്‍ക്ക് കൃത്യസമയത്ത് ടെര്‍മിനലിന് അകത്തേക്ക് കയറാന്‍ സാധിക്കുന്നില്ലെന്ന് പരാതി പറഞ്ഞുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നത്. തങ്ങള്‍ എയര്‍പോര്‍ട്ടിന് പുറത്തും കാര്‍ പാര്‍ക്കിംഗ് ഏരിയകളിലും കുടുങ്ങിക്കിടക്കുകയാണെന്നും ടെര്‍മിനലില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയമായിട്ടുപോലും അകത്ത് കടക്കാന്‍ സാധിച്ചിട്ടില്ലെന്നും യാത്രക്കാരില്‍ പലരും ട്വീറ്റ് ചെയ്തു.

അവധിയാഘോഷങ്ങള്‍ക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന യാത്രക്കാര്‍ക്ക് വിമാനങ്ങള്‍ റദ്ദാക്കിയെന്ന അറിയിപ്പാണ് ലഭിച്ചത്. എയര്‍പോര്‍ട്ടിലെ അപകടത്തെ തുടര്‍ന്ന് അവിടെയ്ക്കുള്ള ട്രെയിന്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് നാഷണല്‍ റെയില്‍ അറിയിച്ചു. ഷട്ടില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ടെര്‍മിനല്‍ ഫോര്‍കോര്‍ട്ടില്‍ വെച്ച് ഷട്ടില്‍ ബസിന് തീപിടിച്ചതായും, സുരക്ഷാ സേനയ്ക്ക് തീ അണയ്ക്കാനും സാധിച്ചിട്ടുണ്ടെന്നും സ്റ്റാന്‍സ്റ്റെഡ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. തീപിടുത്തെ തുടര്‍ന്നുണ്ടായ പുക ടെര്‍മിനലിന്റെ അകത്തേക്ക് വ്യാപിച്ചിട്ടുണ്ട്. പുക പടര്‍ന്ന ഭാഗങ്ങള്‍ ഒഴിപ്പിച്ചതായും എയര്‍പോര്‍ട്ട് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.