അറിയാതെ ചെയ്ത തെറ്റിന് വധശിക്ഷ കാത്ത് കഴിയുന്ന മലയാളികൾ; മലേഷ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു മലയാളി യുവാക്കളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായം തേടി ബന്ധുക്കൾ

അറിയാതെ ചെയ്ത തെറ്റിന് വധശിക്ഷ കാത്ത് കഴിയുന്ന മലയാളികൾ; മലേഷ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു മലയാളി യുവാക്കളുടെ ജീവന്‍ രക്ഷിക്കാന്‍  സഹായം തേടി ബന്ധുക്കൾ
April 23 13:54 2018 Print This Article

മലേഷ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു മലയാളി യുവാക്കളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രാര്‍ഥനയുമായി ബന്ധുക്കള്‍. ലഹരി മരുന്നു മാഫിയയുടെ കെണിയില്‍പ്പെട്ട് ചിറ്റാര്‍ സ്വദേശി സജിത്ത് സദാനന്ദനെ (29) മോചിപ്പിക്കാന്‍ ഭാര്യ അഖില അഞ്ചുവയസുകാരന്‍ മകന്‍ അഭിജിത്തുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയതോടെയാണു സംഭവം പുറംലോകം അറിയുന്നത്.

സജിത്തിനുപുറമേ പത്തനാപുരം സ്വദേശി രഞ്ജിത്ത് രവീന്ദ്രന്‍ (28), കോട്ടയം എരുമേലി സ്വദേശി എബി അലക്‌സ് (37), കൊല്ലം വര്‍ക്കല സ്വദേശി സുമേഷ് സുധാകരന്‍ (30) എന്നിവരാണ് ക്വലാലംപൂരിലെ ജയിലഴിക്കുള്ളില്‍ കഴിയുന്നത്. മലേഷ്യയില്‍ ജോലി ചെയ്തിരുന്ന എബി അലക്‌സിന്റെ പ്രേരണയിലാണ് വെല്‍ഡിങ് പഠിച്ച സജിത്ത് സദാനന്ദന്‍ മലേഷ്യയിലേക്ക് ജോലിതേടി പോയതെന്ന് അഖില പറയുന്നു. ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നും വിസയ്ക്കായി ഒരു ലക്ഷം മുന്‍കൂര്‍ നല്‍കണമെന്നുമാണ് എബി അറിയിച്ചിരുന്നത്. ആദ്യ ഗഡുവായി അമ്പതിനായിരം രൂപ ചെെന്നെയില്‍ താമസിക്കുന്ന ഏജന്റ് വര്‍ക്കല സ്വദേശി ഇക്ക എന്നുവിളിക്കുന്ന അനൂബിനും സഹോദരന്‍ മാമ എന്നു വിളിക്കുന്ന ഷാജഹാനും കൈമാറി. ബാക്കി തുക ശമ്പളത്തില്‍നിന്നു പിടിക്കുമെന്നാണ് ഇവര്‍ അറിയിച്ചത്.

തുടര്‍ന്ന് 2013 ജൂലൈ ഒമ്പതിന് മലേഷ്യയിലെത്തി മെര്‍ക്കുറി എന്ന കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയായിരുന്നു ഇത്. ക്ലീനിങ് ജോലിയാണു തനിക്കെന്ന് അഖിലയെ സജിത്ത് അറിയിച്ചിരുന്നു. സ്ഥിരംവിസ എന്ന പേരില്‍ ഏജന്റ് നല്‍കിയത് വിസിറ്റിങ് വിസ ആയിരുന്നെന്നു പിന്നീട് മനസിലായി. പാസ്‌പോര്‍ട്ട് അടക്കമുള്ള എല്ലാ രേഖകളും കമ്പനി അധികൃതരുടെ പക്കലായിരുന്നു.

2013 ജൂലൈ 26ന് പുലര്‍ച്ചെ സജിത്തിന്റെ താമസസ്ഥലത്ത് പോലീസ് റെയ്ഡ് നടന്നു. മലേഷ്യന്‍ സ്വദേശിയുടെ ബാഗില്‍നിന്നു മയക്കുമരുന്ന് കണ്ടെത്തിയതോടെ മുറിയിലുണ്ടായിരുന്ന ചിറ്റാര്‍ സ്വദേശി സിജോ തോമസ്, മാവേലിക്കര സ്വദേശി രതീഷ് രാജന്‍, വര്‍ക്കല സ്വദേശി മുഹമ്മദ് ഷബീര്‍ ഷാഫി തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ കമ്പനിയിലും റെയ്ഡ് നടന്നു. അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സജിത്ത് സദാനന്ദന്‍, എബി അലക്‌സ്, രഞ്ജിത്ത് രവീന്ദ്രന്‍, സുമേഷ് സുധാകരന്‍, മലേഷ്യക്കാരന്‍ സര്‍ഗുണന്‍ എന്നിവര്‍ പിടിയിലായി.

കമ്പനി അധികൃതര്‍ വക്കീലിനെ നിയമിച്ചിട്ടുണ്ടെന്നും വൈകാതെ ജയില്‍മോചിതനാകുമെന്നും വിവരം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചാല്‍ ജീവന്‍ അപകടത്തിലാകുമെന്നും ഇടയ്ക്കു സജിത്ത് ഫോണില്‍ അഖിലയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സിജോ തോമസ്, രതീഷ് രാജന്‍, മുഹമ്മദ് കബീര്‍ ഷാഫി എന്നിവര്‍ ജയില്‍ മോചിതരായി. ഒടുവില്‍ മലേഷ്യയില്‍നിന്ന് ഇറങ്ങുന്ന ഓണ്‍െലെന്‍ മാധ്യമങ്ങള്‍ വഴിയാണ് കഴിഞ്ഞ ജനുവരിയില്‍ സജിത്ത് സദാനന്ദന്‍ അടക്കം നാലുപേരെ മയക്കുമരുന്നു കേസില്‍ വധശിക്ഷയ്ക്കു വിധിച്ച വിവരം അഖില അറിയുന്നത്.

പ്ലാസ്റ്റിക് നിര്‍മാണത്തിന്റെ മറവില്‍ കമ്പനിയില്‍ നടന്നിരുന്നത് കൊക്കെയ്ന്‍ ഉല്‍പാദനമായിരുന്നെന്നാണു സംശയിക്കുന്നത്. എന്നാലിപ്പോൾ ഇവരുടെ കുടുംബങ്ങൾ അവരുടെ മോചനം കാത്ത് കണ്ണീരും പ്രാർത്ഥനയും കഴിയുകയാണ്. നിരപരാധികളായ യുവാക്കൾ കമ്പനിയൊരുക്കിയ ചതിക്കുഴിയിൽ അകപ്പെടുകയായിരുന്നു ബന്ധുക്കൾ ആരോപിക്കുന്നത്. ഇവരുടെ മോചനത്തിനായി എല്ലാ വാതിലുകളും മുട്ടുകയാണ് ബന്ധുക്കൾ.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles